BollywoodCinemaGeneralLatest NewsNEWS

ഇന്ത്യയുടെ വാനമ്പാടിക്ക് വിട: ലതാ മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായികമാരിലൊരാളായ ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. ജനുവരി എട്ടിനായിരുന്നു ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ബാധിച്ചത്. പിന്നാലെ മുംബൈയിലെ ഒരു സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡാനന്തര രോഗങ്ങളുമായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. ലതയുടെ 13 ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. കുടുംബസുഹൃത്ത് ആയ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്.

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലതയെ തേടി എത്തിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button