InterviewsLatest NewsNEWS

ചുരുളിക്ക് കിട്ടിയ ഏറ്റവും മനോഹരമായ റിവ്യൂ, കേരള പൊലീസിനോട് ബഹുമാനം തോന്നി: ബി. ഉണ്ണികൃഷ്ണന്‍

അടുത്തകാലത്ത് ഏറെ വിവാദവും ചർച്ചയുമായ ചിത്രമായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ചുരുളി’. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ചിത്രം കണ്ട് വിലയിരുത്താൻ പോലീസിന് നിർദ്ദേശവും കിട്ടി. ചുരുളി കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് തയാറാക്കിയ പൊലീസ് എന്നാല്‍ ചുരുളിക്ക് ക്ലീന്‍ ചീറ്റ് നല്‍കി.

സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണെന്ന് വിലയിരുത്തി. ഒ.ടി.ടി പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥയാണ്. പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് പ്രത്യേക സംഘം അറിയിച്ചിരുന്നു.

ഇപ്പോൾ ചുരുളിയെ പറ്റി കേരള പൊലീസ് എഴുതിയ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗിനോട്. ചുരുളിക്ക് കിട്ടിയ ഏറ്റവും മനോഹരമായ റിവ്യൂ ആണ് അതെന്നും, പൊലീസ് അങ്ങനെ ചെയ്തത് അത്ഭുതമായെന്നും, അടുത്ത കാലത്ത് കേരള പൊലീസിനോട് ഏറ്റവുമധികം ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്റെ വാക്കുകൾ :

‘പുറത്ത് നിന്നും സെന്‍സര്‍ ചെയ്യപ്പെടുക എന്നത് കല എക്കാലത്തും നേരിട്ട വെല്ലുവിളിയാണ്. അധികാരം ഏറ്റവുമധികം ഭയപ്പെടുന്നത് കലയെയാണ്. കേരളാ പൊലീസ് ചുരുളി കണ്ടിട്ട് ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞത് അത്ഭുതമായി. ചുരുളിയെ കുറിച്ച് ഏറ്റവും മനോഹരമായി എഴുതിയ റിവ്യുവാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. കേരള പൊലീസിനോട് അടുത്ത കാലത്ത് ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണ്.

പത്മകുമാര്‍ സാറിനെ പോലുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ തലപ്പത്തിരുന്ന് എഴുതിയതു കൊണ്ടാവാം, പൊലീസ് അങ്ങനെയൊരു സമീപനം എടുത്തത് നല്ല കാര്യമാണ്. ഒരു തരത്തിലുള്ള പൊലീസിങ്ങിനും കലയില്‍ പ്രസക്തിയില്ല’.

 

shortlink

Related Articles

Post Your Comments


Back to top button