CinemaGeneralIndian CinemaLatest NewsMollywood

മലയാള സിനിമയ്ക്ക് അഭിമാന നിമിഷം: തമ്പ് അണിയറ പ്രവർത്തകർ കാനിലെ റെഡ് കാർപെറ്റിൽ

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന തമ്പ് കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചു. ഉച്ചക്ക് 2 മണിക്ക് സാലെ ബുനുവലിൽ വച്ചാണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാൻ റെഡ് കാർപെറ്റിൽ തിളങ്ങി. നടി ജലജ, പ്രകാശ് നായർ, നടരാജ് തങ്കവേലു എന്നിവരാണ് ചിത്രത്തിന്റെ ഭാഗമായി മേളയിൽ എത്തിയത്. കാൻ ചലച്ചിത്ര മേളയ്ക്കെത്തിയ, തമ്പ് അണിയറ പ്രവർത്തകരുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ട് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും രംഗത്തെത്തിയിരുന്നു.

1978ല്‍ ജി അരവിന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തമ്പ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആയിരുന്നു സിനിമ ചിത്രീകരിച്ചത്. ഒരു ഗ്രാമത്തിലേക്ക് ഒരു സര്‍ക്കസ് സംഘം വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ജലജ, നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

44 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രത്തിന്റെ പുനരാവിഷ്‌കരണമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ക്യാമറമാന്‍ സുദീപ് ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍, മുംബൈയിലെ പ്രൈം ഫോക്കസ് ടെക്‌നോളജീസ് ആണ് തമ്പിന്റെ പ്രിന്റുകള്‍ വീണ്ടെടുത്ത് പുനരാവിഷ്‌കരിച്ചത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സാങ്കേതിക സഹായവും നൽകി.

ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം ആണ് കാന്‍ മേളയിലെ മറ്റൊരു മലയാള ചിത്രം. ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി: ദ നമ്പി ഇഫക്റ്റിന്റെ ആദ്യ പ്രദര്‍ശനം മേളയില്‍ നടന്നു.

shortlink

Related Articles

Post Your Comments


Back to top button