CinemaGeneralKollywoodLatest News

സൂര്യ രണ്ട് ജല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങി, വാടിവസലിനായി കടുത്ത പരിശീലനം: വെട്രിമാരൻ

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് വാടിവാസൽ. തമിഴ് സിനിമാപ്രേമികൾ ഒന്നടങ്കം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ജല്ലിക്കെട്ട് പശ്ചാത്തലമാക്കുന്ന, സിഎസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ 26 എഡിഷനുകളിൽ പുറത്തിറങ്ങിയ ജനപ്രിയ നോവലാണിത്. ജല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവസൽ.

തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് ചിത്രം പറയുന്നത്. വേൽരാജാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

ഇപ്പോളിതാ, വാടിവസലിനെ പറ്റിയും ചിത്രത്തിന് വേണ്ടി സൂര്യ എങ്ങനെയാണ് പരിശീലനം നടത്തുന്നതെന്നും പറയുകയാണ് സംവിധായകൻ വെട്രിമാരൻ.

രണ്ട് ജല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങിയാണ് സൂര്യ ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്നതെന്നാണ് വെട്രിമാരൻ പറയുന്നത്. അതിനോടൊപ്പം തന്നെ, ജല്ലിക്കെട്ട് കളിക്കാരുമായും താരം പരിശീലനം നടത്തുന്നുണ്ടെന്ന് വെട്രിമാരൻ കൂട്ടിച്ചേർത്തു. ഒരു അവാർഡ് ചടങ്ങിനിടെയാണ് വെട്രിമാരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

സൂര്യ കാളകളുമായി നിൽക്കുന്ന വീഡിയോ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ, വെട്രിമാരന്റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button