CinemaGeneralIndian CinemaLatest NewsMollywood

‘ഒറ്റ പൈസ ഞാൻ തരില്ല, ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല’: വൈറലായി താരത്തിന്റെ കുറിപ്പ്

സംവിധായകൻ, അഭിനേതാവ് എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും കയ്യൊപ്പ് പതിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോൻ. ഇപ്പോളിതാ, പിതൃദിനത്തിൽ താരം സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. തന്റെ അച്ഛനെ കുറിച്ചാണ് ബാലചന്ദ്ര മേനോൻ എഴുതിയത്. 80 കളിൽ തനിക്ക് ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങാനായി പിരിവ് ആവശ്യപ്പെട്ട് തന്റെ അച്ഛൻ ആണെന്നറിയാതെ അദ്ദേഹത്തിന്റെ ഓഫീസിൽ കുറച്ച് പേർ എത്തിയെന്നും, താൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ലെന്ന് പറഞ്ഞ് അവരെ അദ്ദേഹം മടക്കി അയച്ചെന്നുമാണ് താരം പറയുന്നത്.

Also Read: ലളിതാമ്മ ഇല്ലാത്തത് വലിയ വേദന, എനിക്ക് അമ്മയെ പോലെ ആയിരുന്നു: വിജയ് സേതുപതി

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

80 കളിൽ എന്റെ പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാനായി കുറച്ചു പിള്ളേർ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസിൽ ചെന്നു. അച്ഛൻ അവരോടു പറഞ്ഞു :
“ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല ..”
രാത്രിയിൽ ഈ വർത്തമാനം അമ്മയോട് പറഞ്ഞു അച്ഛൻ അട്ടഹസിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട് .കൂടുതൽ അറിഞ്ഞു തുടങ്ങിയതോടെ ഞാൻ അച്ഛനെ ഏറെ സ്നേഹിച്ചു തുടങ്ങി.
ദേശീയ അവാർഡ് കിട്ടിയപ്പോൾ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛൻ ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാൽ അമ്മയോട് പറഞ്ഞതായി ഞാൻ അറിഞ്ഞു .
“കുറെ കാലമായല്ലോ സിനിമ എടുക്കാൻ തുടങ്ങിയിട്ടു ? അവസാനം റെയിൽ വേ തന്നെ വേണ്ടി വന്നു ഒരു അവാർഡ് കിട്ടാൻ അല്ലെ ?”ഞാൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു ..

സമാന്തരങ്ങൾ എന്ന തിരക്കഥ പുസ്തകമായപ്പോൾ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്. അതിൽ അച്ഛൻ എനിക്കായി ഒരു വരി കുറിച്ചു …
“എന്റെ മകൻ എല്ലാവരും ബാലചന്ദ്ര മേനോൻ എന്ന് വിളിക്കുന്ന ചന്ദ്രൻ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയിൽ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു ..”അന്ന് അച്ഛനെ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു.

42 ദിവസം അബോധാവസ്ഥയിൽ തിരുവനതപുരം കിംസ് ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികിൽ കുറച്ചു നേരമെങ്കിലും ഇരിക്കാൻ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം .

shortlink

Related Articles

Post Your Comments


Back to top button