ചെന്നൈ: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ച 1500 ൽ അധികം കുടുംബങ്ങൾക്ക് സഹായ വിതരണവുമായി തെന്നിന്ത്യൻ താരം വിജയ് നേരിട്ട് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. ഇവർക്കെല്ലാം വിജയ് തന്നെ നേരിട്ട് സഹായം വിതരണം ചെയ്യുകയും ചെയ്തു. രസകരമായ മുഹൂർത്തങ്ങൾക്കാണ് ജനം സാക്ഷിയായത്. പല തരത്തിലുള്ള ആളുകളാണ് വിജയ്യെ കാണാനും അദ്ദേഹത്തിൽ നിന്നും സഹായം വാങ്ങാനുമെത്തിയത്. അക്കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ പ്രവൃത്തി ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
സഹായം വാങ്ങാനുള്ളവരുടെ നിരയിൽ മാസ്ക് ധരിച്ച ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. പെൺകുട്ടി എത്തിയതും തന്റെ മൊബൈൽ ഫോൺ എടുത്ത് സെൽഫി ആവശ്യപ്പെട്ടു. സെൽഫിക്കായി വിജയ് പെൺകുട്ടിക്കൊപ്പം നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അതിനുശേഷം സാധനങ്ങൾ എടുത്ത് നൽകിയപ്പോൾ ‘വേണ്ട’ എന്ന് പറഞ്ഞ് പെൺകുട്ടി മുന്നോട്ട് പോവുകയാണ്. വിജയ് രണ്ട് തവണ വീണ്ടും ആ ചോദ്യം ആവർത്തിച്ചു. എന്നാൽ, അപ്പോൾ ‘തനിക്ക് സാധനങ്ങൾ വേണ്ടെന്നും, അണ്ണന്റെ കൂടെ ഒരു സെൽഫി എടുക്കാൻ മാത്രമാണ് വന്നതെന്നും’ ആ പെൺകുട്ടി വ്യക്തമാക്കി.
ഇതിനു പിന്നാലെ ഒരു കുടുംബവും സമാന പ്രവർത്തി ചെയ്യുന്നുണ്ട്. ഒരു അമ്മയും രണ്ട് മക്കളും വിജയിയുടെ അടുത്ത് നിന്നും സഹായം വാങ്ങാന്‍ എത്തുന്നു. കിറ്റ് നല്കാന് പോകുമ്പോള്‍ വിജയിക്കൊപ്പം സെല്‍ഫി എടുക്കണം എന്ന് കുടുംബത്തിന് ആഗ്രഹം. അത് വിജയ് സാധിച്ചു കൊടുത്തു. വിജയ് തന്നെ അവരുടെ ഫോണ്‍ വാങ്ങി ഫോട്ടോ എടുക്കുന്നുണ്ട്. എന്നാല്‍ വിജയ് നല്കിയ കിറ്റ് വാങ്ങാതെയാണ് സെല്‍ഫി എടുത്തയുടന്‍ പോകുന്നത്. അതില്‍ വിജയ് പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്.
Post Your Comments