Life StyleFood & Cookery

തയ്യാറാക്കാം പോഷക സമൃദ്ധമായ പ്ലാവില തോരന്‍

പ്ലാവില തോരന്‍ എന്ന് കേള്‍ക്കുമ്പോള്‍ അയ്യേ എന്നൊരു ഭാവമായിരിക്കും പലരുടെയും മുഖത്ത് വിരിയുന്നത്. കാരണം അങ്ങനെയൊരു തോരനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. എന്നാല്‍ കേട്ടോളൂ… ചക്കമാത്രമല്ല, പ്ലാവിലയും സ്റ്റാറാണ്. സ്റ്റാറെന്ന് ചുമ്മാതങ്ങ് പറഞ്ഞാല്‍ പോര നല്ല സൂപ്പര്‍സ്റ്റാര്‍. സ്വാദ് കൊണ്ട് വളരെ മികച്ചതാണ് പ്ലാവില തോരന്‍. പ്രമേഹം, ഹൃദ്രോഹം, ആന്തരീക ക്ഷതങ്ങള്‍ എന്നിവക്ക് പ്ലാവില തോരന്‍ ഉത്തമമാണ്. പ്ലാവില തളിര് തനിയേയും ചെറുപയര്‍ പുഴുങ്ങി സമം ചേര്‍ത്തും പ്ലാവില തോരന്‍ ഉണ്ടാക്കാം.

ചേരുവകള്‍

  • പ്ലാവിന്റെ മൂപ്പെത്താത്ത ഇല (ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത്)- രണ്ട് കപ്പ്
  • തേങ്ങ -അര കപ്പ്
  • ചുവന്നുള്ളി- 4എണ്ണം
  • ജീരകം – 1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി -ഒരു നുള്ള്
  • പച്ചമുളക് – 2 എണ്ണം
  • കടുക് – അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ -2 വലിയ സ്പൂണ്‍
  • ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

പ്ലാവില കനം കുറച്ച് അരിയുക. അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റി  വേവിച്ച് എടുക്കുക. തേങ്ങ, ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, ജിരകം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാല്‍ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേര്‍ത്ത് കുറച്ചു നേരം ഇളക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വേവിക്കുക. ഇടയ്ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച് കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button