Latest NewsIndia

മുസ്ലീം പെൺകുട്ടി ഋതുമതിയായാൽ വിവാഹിതയാകാമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയിൽ: അമിക്കസ് ക്യൂറിയെ നിയമിച്ചു

ന്യൂഡൽഹി: ഋതുമതിയായ മുസ്ലീംപെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെങ്കിലും വിവാഹിതയാകാമെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി പരിശോധിക്കും. ദേശീയ ബാലാവകാശ കമ്മീഷന്റെ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. വിഷയത്തിൽ ഇടപെട്ട കോടതി മുതിർന്ന അഭിഭാഷകൻ രാജശേഖർ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. വിഷയം പരിഗണനയ്ക്ക് എടുക്കേണ്ടതാണെന്ന് ഹർജി പരിഗണിച്ച ശേഷം സുപ്രീംകോടതി നിരീക്ഷിച്ചു.

എൻ‌സി‌പി‌സി‌ആറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും വിധിയിലെ നിരീക്ഷണങ്ങൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് പറഞ്ഞ സുപ്രീംകോടതി കേസ് നവംബർ ഏഴിന് പരിഗണിക്കാനായി മാറ്റിവെച്ചു. ജൂൺ പതിമൂന്നിനാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പ്രസ്തുത വിധി പുറപ്പെടുവിച്ചത്.

സംരക്ഷണം ആവശ്യപ്പെട്ട് പത്താൻകോട്ട് സ്വദേശികളായ മുസ്ലീം ദമ്പതികളാണ് കോടതിയെ സമീപിച്ചത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. തുടർന്ന്, മുസ്ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെൺകുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത് എന്നും, മുസ്ലിം പെൺകുട്ടികൾക്ക് പതിനാറാം വയസ്സിൽ വിവാഹം കഴിക്കാമെന്നും മുസ്ലിം വ്യക്തിനിയമത്തിലെ നിർദ്ദേശം ശരിവെച്ച് ജസ്റ്റിസ് ജസ്ജീത് സിങ് വിധി പുറപ്പെടുവിച്ചു.

ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചാബ്-ഹരിയാന കോടതി വിധി ശൈശവ വിവാഹം തടയുന്നതിനുള്ള നിയമത്തിന്റെയും പോക്‌സോ നിയമത്തിന്റെയും വ്യവസ്ഥകൾക്ക് എതിരാണെന്ന് കമ്മീഷൻ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button