Latest NewsElection NewsKeralaIndiaElection 2019

എം.ബി രാജേഷിന്റെ പ്രചരണ സംഘത്തില്‍ നിന്ന് വീണത് വടിവാളല്ലെന്ന് പോലീസ് : പരാതി തള്ളി

പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണ സംഘത്തിലെ ഇരുചക്ര വാഹനത്തില്‍ നിന്ന് വടിവാള്‍ താഴെ വീണുവെന്ന പരാതി പോലീസ് തള്ളി. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന അരിവാളാണ് ജാഥയ്ക്കിടെ വീണതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും റിപ്പോര്‍ട്ട് കൈമാറും. പ്രചരണ റാലിയില്‍ വടിവാള്‍ കണ്ടുവെന്ന ആരോപണം അന്വേഷിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രചരണ റാലിയില്‍ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടം. അതിനാല്‍ ആയുധം വീണത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന് പരിശോധിക്കണമെന്നാണ് ടീക്കാറാം മീണ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നത്.ഈ മാസം അഞ്ചിന് വൈകിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയില്‍ പര്യഖനം നടത്തുന്നതിനിടെയാണ് പര്യടന സംഘത്തെ അനുഗമിച്ചിരുന്ന ബൈക്കില്‍ നിന്ന് വടിവാൾ താഴെ വീണത്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഷാജി എന്നയാളുടെ ബൈക്കില്‍ നിന്നുമാണ് വടിവാൾ വീണത്. ഷാജി സി.പി.എം പ്രവര്‍ത്തകനാണ്. കർഷകനായ താൻ കൃഷിയിടത്തിൽ നിന്നും വീട്ടില്‍ പോകാതെ പ്രചരണ സംഘത്തിനൊപ്പം പോകുകയായിരുന്നുവെന്നും കൈവശം ഉണ്ടായിരുന്നത് കൃഷിയായുധമാണെന്നും ഷാജി പറഞ്ഞു.

shortlink

Post Your Comments


Back to top button