bookreview

മര്‍ദ്ദിതന്‍റെ കറുത്ത മാനിഫെസ്റ്റോ

 

 

ലോകമെങ്ങുമുള്ള മര്‍ദ്ദിതന്‍റെ കറുത്ത മാനിഫെസ്റ്റോ എന്ന തല വാചകത്തോടെയാണ് ഡോ.ഫ്രാന്‍സ് ഫാനോയുടെ ‘ഭൂമിയിലെ പതിതര്‍’ (Wretched of Earth )എന്ന കൃതി വായനക്കാരന്‍റെ അടുത്തു എത്തുന്നത്. അപകോളനീകരണപ്രസ്ഥാനത്തിന്റെ ബൈബിൾ എന്നാണ് ഭൂമിയിലെ പതിതർ എന്ന വിഖ്യാത ഗ്രന്ഥം അറിയപ്പെടുന്നത്. വിമോചനം സ്വപ്നം കാണുന്നവരും, സ്വാത്രന്ത്യവും സമത്വവും ആഗ്രഹിക്കുന്നവരും നിര്‍ബന്ധമായും ഇത് വായിച്ചിരിക്കണം എന്ന് 1961 ല്‍ സാര്‍ത്രെ അഭിപ്രായപ്പെട്ടു.

‘ബ്ലാക്ക്‌ സ്കിന്‍, വൈറ്റ് മാസ്ക് ‘ എന്നീ കൃതികളുടെ കര്‍ത്താവായ ഫാനോ നീഗ്രോ വംശജനെന്ന നിലയിലും മന:ശ്ശാസ്ത്രജ്ഞന്‍ എന്ന നിലയിലും നടത്തുന്ന നിരീക്ഷണങ്ങളാണ് ഈ പുസ്തകം. ഫ്രഞ്ച് -അള്‍ജീരിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും വിമതര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് ഫാനോ,അധികാരികളുടെ കണ്ണിലെ കരടായി മാറി. ആ അനുഭവങ്ങളില്‍ നിന്നാണ് A dying Colonialism പോലുള്ള പുസ്തകങ്ങള്‍ രചിക്കുന്നത്‌. ഒരലസവായന ആവശ്യപ്പെടും വിധമല്ലാതെ എഴുതിയിരിക്കുന്ന ‘ഭൂമിയിലെ പതിതര്‍’ എന്ന പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന് ജീന്‍ പോള്‍ സാര്‍ത്ര് ചോദിക്കുന്നു. അതില്‍ നിന്നും തന്നെ അസാധാരണമായ എന്തോ ഈ കൃതിയില്‍ ഉണ്ടെന്നു മനസിലാക്കാം.

അക്രമോത്സുകതയുടെ സൈദ്ധാന്തിക വിശകലനവും ഘോഷവുമാണ് ഈ കൃതിഎന്ന് സാമാന്യമായി പറയാം.1954 മുതലാണ് ഫ്രാന്‍സിന്‍റെ കോളനിയായിരുന്ന അള്‍ജീരിയയില്‍ വിമോചന സമരം ആരംഭിക്കുന്നത്. എട്ടു വര്ഷം നീണ്ട ഈ സായുധ വിപ്ലവത്തില്‍ എല്ലാതരത്തിലുമുള്ള പോരാട്ടങ്ങളുംഅള്‍ജീരിയന്‍ ജനം നടത്തി. അതിനെ ഫ്രാന്‍സ് സര്‍വ മാര്‍ഗത്തിലും തിരിച്ചടിച്ചു .ഗറില്ലാ യുദ്ധം, ജനങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരത, പീഡനം, പരസ്യവും രഹസ്യവുമായ കലാപങ്ങള്‍, പ്രതിവിപ്ലവങ്ങള്‍, മരണം, പലായനം എന്നിങ്ങനെ ഒരു വിപ്ലവത്തില്‍ സാധ്യമായത് എന്തും അള്‍ജീരിയന്‍ പോരാട്ടത്തില്‍ ഉണ്ടായിരുന്നു. വര്‍ണവെറിയുടെ പ്രശ്നവും ഈ പോരാട്ടത്തിന്‍റെ മുഖ്യസ്ഥാനത്തുണ്ടായിരുന്നു.

ഈ പുസ്തകത്തെ കുറിച്ച് നിരൂപകനായ കെ.പി.അപ്പന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ‘ ഫാനോ ചിന്തിക്കുമ്പോള്‍ അത് പാഠശാല വിഷയമല്ല. അത് വാമൊഴി ചരിത്രത്തിന്‍റെ ലാളിത്യം പോലെ അവതരിക്കുന്നു. bhoomiyile-paathitharഎന്നാലത് ജ്വലിക്കുന്നു. മൌലികത കൊണ്ട് വെട്ടിത്തിളങ്ങുന്നു. വിപ്ലവകരമായ അക്രമത്തില്‍ സ്വതന്ത്രമനുഷ്യന്‍ രൂപം കൊള്ളുന്നു എന്ന് ഫാനോ വിശ്വസിച്ചു.അത് സ്വാതന്ത്ര്യവും, അതിനാല്‍ തത്വചിന്താപരവുമാണ്. കലാപം വ്യക്തിയുടെ ബോധത്തെ പിളര്‍ന്നു കടന്നുചെല്ലുന്ന ആശയമാണ്. അതിന്‍റെ വേരുകള്‍ വിമോചനയുദ്ധത്തിലാണ്. ഇക്കാരണത്താല്‍ അക്രമം ചരിത്രപരമാണ്. ഇതെല്ലാം വിപ്ലവകാരിയുടെ ചരിത്രമനസ്സില്‍ നിന്ന് ഫാനോ കണ്ടെത്തിയ ആശയങ്ങളാണ്.’

ഒരു പുസ്തകത്തിന്‍റെ വായന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നത് അതിന്‍റെ സമകാലികവും സാര്‍വലൌകികവുമായ പ്രസക്തി കൊണ്ടാണ്. ആ പ്രസക്തി ഈ ഗ്രന്ഥത്തിനുണ്ട്.

shortlink

Post Your Comments

Related Articles


Back to top button