literatureworldnewstopstories

ആർ ഈശ്വര പിള്ള ആരാണെന്ന് എത്ര പേർക്കറിയാം ?

പുസ്തകപ്രസാധനം ഇന്ന് വമ്പന്‍വ്യവസായമാണു മലയാളത്തില്‍. എന്നാല്‍, അതുതുടങ്ങിവച്ച ഈശ്വരപിള്ളയെ ആരറിയുന്നു. മാന്‍കുട്ടികളെപ്പോലെ അക്ഷരങ്ങളെ ലാളിച്ച് സാഹിത്യപ്രസാധനത്തിന്റെ പുല്‍മേടുകളിലേക്കു തുറന്നുവിട്ട ഈശ്വരപിള്ളയെ ആരുമോര്‍ക്കുന്നില്ല.

ആർ ഈശ്വര പിള്ള ആരാണെന്ന് എത്ര പേർക്കറിയാം ? മലയാളത്തിലെ പ്രസാധനവ്യവസായത്തിന്റെ പിതാവ് ആണ് ആർ.ഈശ്വരപിള്ള .  ഇന്ന് ആർ. ഈശ്വര പിള്ളയുടെ ഓർമ്മദിനം.

തിരുവനന്തപുരത്ത് 1852-53 ല്‍ ‘കേരളവിലാസം’ എന്ന അച്ചടിശാലയും പ്രസാധനാലയവും സ്ഥാപിച്ച അദ്ദേഹത്തെപ്പറ്റി ‘ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും’ എന്ന ഗ്രന്ഥത്തില്‍ ഗോവി എഴുതുന്നു. ‘സാഹിത്യാഭിവൃദ്ധിക്കും സംസ്‌കാരികോന്നമനത്തിനും വേണ്ടി പ്രിന്റിങ് പ്രസ് കേരളത്തില്‍ ആദ്യമായി ഉപയോഗിച്ചത് ഈശ്വരപിള്ളയാണ്. ക്ലാസിക് കൃതികള്‍ പിഴതീര്‍ത്ത് അച്ചടിച്ച്, ലാഭേച്ഛയോടെയുള്ള പുസ്തകപ്രസാധനത്തിനും വിപണനത്തിനും അദ്ദേഹം തുടക്കം കുറിച്ചു. മലയാള സാഹിത്യത്തെയും കേരളീയ സംസ്‌കാരത്തെയും ബന്ധിപ്പിക്കുന്ന ആട്ടക്കഥകള്‍ സമാഹരിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്യമവും ശ്രദ്ധേയമാണ്. കഥകളിയില്‍ അദ്ദേഹത്തിനുള്ള പ്രൊഫഷണല്‍ താത്പര്യവും ഇവിടെ വിസ്മരിക്കുന്നില്ല. അതെന്തായാലും മലയാളത്തിലെ പ്രസാധന വ്യവസായത്തിന്റെ പിതൃത്വം ഈശ്വരപിള്ളയില്‍ അര്‍പ്പിക്കുന്നതില്‍ തെറ്റില്ല. അദ്ദേഹം വെട്ടിത്തുറന്ന പാതയിലൂടെ പിന്നീട് ബാസല്‍ മിഷനും സി.എം.എസും. നാട്ടുകാരുടെ അച്ചടിശാലകളും സഞ്ചരിക്കുകയും ചെയ്തു. അങ്ങനെ ക്ലാസിക്കുകള്‍ മാത്രമല്ല സമകാലീനരുടെ കൃതികളും അച്ചടിച്ചു വില്‍ക്കാനുള്ള സാഹചര്യം കേരളത്തില്‍ സംജാതമായി. മതസാഹിത്യമുദ്രണത്തില്‍ നിന്നു ഭിന്നമായ സെക്യൂലര്‍ പ്രകാശനം ക്രമേണ വളര്‍ന്നു വരുകയും ചെയ്തു. ഈ രംഗത്തെ അഗ്രഗാമി ഈശ്വരപിള്ളയാണ്’.

ആരായിരുന്നു ‘കേരള വിലാസ’ത്തിന്റെയും മതനിരപേക്ഷ പ്രസാധനത്തിന്റെയും സാഹിത്യ പ്രസാധനത്തിന്റെയും പ്രസാധനവ്യവസായത്തിന്റെയും സ്ഥാപകനായ ഈശ്വരപിള്ള? കെ.എം.ഗോവി അദ്ദേഹത്തെപ്പറ്റി മറ്റൊന്നും പറയുന്നില്ല. സംസ്‌കാരചരിത്രങ്ങളും സാഹിത്യചരിത്രങ്ങളും നവോത്ഥാനചരിത്രങ്ങളുമൊന്നും പേരുപരാമര്‍ശിക്കാത്ത ആ മുദ്രകള്‍ ആരായിരുന്നു?

കഥകളിയുടെ ചരിത്രത്തിലെ വലിയ നടന്മാരില്‍ ഒരാളായിരുന്നു ഈശ്വരപിള്ള വിചാരിപ്പുകാര്‍. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ജോലിയുടെ പേരാണ് വിചാരിപ്പുകാര്‍. മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പ് എന്ന ഉദ്യോഗം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലുള്ള പെരുങ്കടവിളയിലെ ആനാവൂര്‍ എന്ന ചെറുഗ്രാമത്തിലാണ് 1815 ല്‍ ഈശ്വരപിള്ള ജനിച്ചത്. മഹാകവി ഉള്ളൂരിന്റെ ‘കേരളസാഹിത്യചരിത്ര’ത്തിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതീഹ്യമാല’യിലും കെ.പി.എസ്.മേനോന്റെ ‘കഥകളിരംഗ’ത്തിലും ഈശ്വരപിള്ളയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. പക്ഷേ അവയെല്ലാം കഥകളിനടന്‍ എന്ന നിലയിലാണെന്നു മാത്രം. ബാല്യത്തില്‍ അച്ഛനമ്മമാര്‍ മരിച്ചതിനാല്‍ അനാഥനായ ഈശ്വരപിള്ള ഇളയമ്മയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയിലാണ് വളര്‍ന്നത്. അവര്‍ തിരുവനന്തപുരത്ത് കൊട്ടാരത്തിലെ ജീവനക്കാരായിരുന്നു. ബാലനായ ഈശ്വരപിള്ള വലിയ കൊട്ടാരം കഥകളി യോഗത്തിന്റെ ചുമതലക്കാരനായ കുടമാളൂര്‍ വിളായിക്കോട്ടില്ലത്ത് ഇരവി നമ്പൂതിരിയുടെ ശ്രദ്ധയില്‍പ്പെട്ടു. തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രം തിരുന്നാളാണ് വലിയകൊട്ടാരം കഥകളിയോഗം ആരംഭിച്ചത്. പില്‍ക്കാലത്ത് ആ കളിയോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട നടനായി വളര്‍ന്ന് ഈശ്വരപിള്ള കഥകളിയിലേക്കു പ്രവേശിച്ചതിനെപ്പറ്റി കെ.പി.എസ്.മേനോന്‍ എഴുതുന്നു: ‘ഉത്രം തിരുന്നാള്‍ തിരുമനസ്സിലെ കളിയോഗം തുടങ്ങീട്ട് ഏറെയായിരുന്നില്ല; ഒരു ദിവസം അരമനയുടെ പരിസരത്തുവെച്ച് ചെറുക്കന്‍ വേറൊരുവനുമായി ശണ്ഠകൂടുന്നത് വിളായ്‌ക്കോട്ടു നമ്പൂതിരി യാദൃശ്ചികമായി കണ്ടു. അവനെ ആളയച്ചു വിളിപ്പിച്ചു ചോദിച്ചപ്പോള്‍ ആ ബാലന്‍ കൊട്ടാരത്തില്‍ തൂപ്പുവേലക്കാരിയായ ഒരു സ്ത്രീയുടെ മകനാണെന്നും അവന്റെ പേര് ഈച്ചരന്‍ എന്നാണെന്നും അറിവായി. നമ്പൂതിരിയുടെ മനോരാജ്യത്തില്‍ അവനൊരു നടനായിത്തീര്‍ന്നിരുന്നു; അത്രകണ്ടാണ് ഈച്ചരന്റെ മുഖവടിയും ‘കൈയും കലാശവും’ അദ്ദേഹത്തെ ആകര്‍ഷിച്ചത്. തിരുമനസ്സിലെ ഉണര്‍ത്തിച്ചശേഷം അവനെ കഥകളി അഭ്യസിപ്പിക്കാന്‍ ഏര്‍പ്പാടുചെയ്തു. അനന്തരകാലത്ത് ആ ബാലന്‍ ഈശ്വരപിള്ള വിചാരിപ്പുകാരെന്നു വിശ്വവിഖ്യാതനായി’. (കഥകളി രംഗം, 1986).

കഥകളി നടനെന്ന നിലയില്‍ ഈശ്വരപിള്ള തിളങ്ങി. വേഷഭംഗി ആ തിളക്കത്തെ വര്‍ധിപ്പിച്ചു. കരിയും താടിയുമൊഴിച്ച് എല്ലാ വേഷവും കെട്ടിയാടിയ ഈശ്വരപിള്ള അക്ഷരാര്‍ത്ഥത്തില്‍ കുടിലില്‍നിന്നു കൊട്ടാരത്തിലേക്കു വളര്‍ന്നു. 1849-ല്‍ പള്ളിയറ വിചാരിപ്പുകാരന്‍ എന്ന പദവിയില്‍ ഉത്രം തിരുന്നാള്‍ അദ്ദേഹത്തെ നിയമിച്ചു. മഹാരാജാവിന്റെ പിന്തുണയാണ് പിന്നീട് ഈശ്വരപിള്ളയെ പ്രസാധകനാക്കിമാറ്റിയതും. ഒരുവീടും ഭൂസ്വത്തും നല്‍കിയും ഉത്രംതിരുന്നാള്‍ അദ്ദേഹത്തെ സഹായിച്ചു. 1875-ല്‍ ഈശ്വരപിള്ള അന്തരിച്ചു.

ആധുനികത്വത്തെ പുല്‍കാന്‍ മടിക്കാത്തവരായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാര്‍. അച്ചടിയാണ് ആധുനികത്വത്തിന്റെ രഥമെന്ന് അവര്‍ക്കറിയാമായിരുന്നു. 1835-ല്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ പ്രസ് സ്ഥാപിച്ച സ്വാതിതിരുന്നാള്‍ ഉദാഹരണം. കലാകാരനായ സ്വാതിയെപിന്തുടര്‍ന്ന ഉത്രം തിരുന്നാള്‍ തീര്‍ത്തും ആധുനികത്വത്തിന്റെ ആരാധകനായിരുന്നു. ആധുനിക യൂറോപ്യന്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ ശ്രമിച്ച അദ്ദേഹമാണ് ഈശ്വരപിള്ളയെന്ന കഥകളിനടനെ അച്ചടിയുടെയും പ്രസാധനത്തിന്റെയും ആദ്യാവസാനക്കാരനാക്കിയത്. രാജകല്പനയായാലും അല്ലെങ്കിലും ഈശ്വരപിള്ള തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത്, കൃത്യമായിപ്പറഞ്ഞാല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കടുത്ത് സ്വന്തം ഭവനമായ പുന്നയ്ക്കല്‍ വീടിനു സമീപം 1852-53 ല്‍ ആരംഭിച്ച ‘കേരളവിലാസം’ എന്ന അച്ചടിശാല മലയാളപുസ്‌കപ്രസാധനത്തില്‍ വിപ്ലവം സൃഷ്ടിച്ചു. മതനിരപേക്ഷമായ ആദ്യത്തെ പ്രസാധനശാലയായിരുന്നു ‘കേരളവിലാസം’. മലയാള സാഹിത്യമാണ് അവിടെനിന്ന് ഈശ്വരപിള്ള പ്രസിദ്ധപ്പെടുത്തിയത്. തിരുവിതാംകൂര്‍ വിലാസമെന്നോ വഞ്ചിരാജ്യവിലാസമെന്നോ അല്ല അദ്ദേഹം തന്റെ മുദ്രാലയത്തിനു പേരിട്ടത് എന്നുകൂടി ഓര്‍ക്കണം. കേരളവിലാസം എന്ന ആ പേര് അന്നത്തെ രാഷ്ട്രീയാതിര്‍ത്തികള്‍ ലംഘിച്ച് മലയാളത്തെ ഒന്നായിക്കാണാനുള്ള വിശാലമായ ഒരു സാംസ്‌കാരിക ബോധത്തിന്റെ ഭാഗമായിരുന്നു. പിന്നെയും ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് ഐക്യകേരളം നിലവില്‍ വന്നത് എന്നുമോര്‍ക്കണം.

 

ഇരയിമ്മന്‍തമ്പിയുടെ ‘മണിപ്രവാളകീര്‍ത്തനങ്ങള്‍’ (1854) എന്ന 156 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഈശ്വരപിള്ള ‘കേരളവിലാസ’ത്തിലൂടെ മലയാളപുസ്തകപ്രസാധനത്തിലെ പുതിയ അധ്യായം തുടങ്ങിയത്. കുഞ്ചന്‍നമ്പ്യാരെ ആദ്യമാ “യി അച്ചടിയിലെത്തിച്ചുകൊണ്ട് ‘കലക്കത്ത് കുഞ്ചന്‍നമ്പ്യാര്‍ ഉണ്ടാക്കിയ നളചരിതം കിളിപ്പാട്ട് ‘ പ്രസിദ്ധീകരിച്ച ഈശ്വരപിള്ള അദ്ഭുതം സൃഷ്ടിച്ചത് 1858-ല്‍ ഒരു ആട്ടക്കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്. ‘അമ്പത്തിനാലുദിവസത്തെ ആട്ടക്കഥ’ എന്ന പേരില്‍ അറിയപ്പെടുന്ന 607 പേജുള്ള ആ ഗ്രന്ഥം അന്നുവരെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും വലിപ്പമുള്ള ഒറ്റപ്പുസ്തകമായിരുന്നു. ‘രാജസൂയം മുതല്‍ മുചുകുന്ദമോക്ഷം വരെ അന്‍പത്തുനാലു ദിവസത്തെ ആട്ടക്കഥ ഇതില്‍ അടങ്ങിയിരിക്കുന്നു.’ എന്നാണ് പുസ്തകത്തിന്റെ കവര്‍പ്പേജിലും ഉള്‍പ്പേജിലും ശീര്‍ഷകമായി നല്‍കിയിട്ടുള്ളത്. മുന്‍കവറും ഉള്ളിലെ ആദ്യപേജും ‘സംഗ്രഹപത്രിക’ എന്ന കണ്ടെന്റ് പേജുകളും കൂടിയാകുമ്പോള്‍ 703 പേജുള്ള ‘അമ്പത്തിനാലുദിവസത്തെ ആട്ടക്കഥ’ ഇന്നത്തെ ഡിമൈ എട്ടിലൊന്നിനെക്കാള്‍ അല്പം കൂടി വലുതായ 21 ഃ14 സൈസിലാണ് അച്ചടിച്ചിട്ടുള്ളത്.

‘കല്പനപ്രകാരം കേരളവിലാസം അച്ചുക്കൂടത്തില്‍ 1033-ാമാണ്ട് അച്ചടിക്കപ്പെട്ടത് ‘ എന്നു കവറില്‍ത്തന്നെ പ്രഖ്യാപിക്കുന്ന ഈ ഗ്രന്ഥം അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളും തൊട്ടുതാഴെയായി നല്‍കിയിട്ടുണ്ട്. ഇങ്ങനെയാണ് ആ പേരുകള്‍: പിഴതീര്‍ത്തതു പുന്നപുരത്തുകൃഷ്ണപിള്ള ഹെഡ് കംപോസിറ്റര്‍ മാന്നാത്തു പപ്പുപിള്ള ഹെഡ് പ്രിന്റര്‍ നെയ്യാറ്റിന്‍കര പപ്പുപിള്ള.

പക്ഷേ പുസ്തകത്തിലൊരിടത്തും ‘ഈവിധമെല്ലാം നിവര്‍ത്തിച്ചവനാ’യ ഈശ്വരപിള്ളയുടെ പേര് അച്ചടിച്ചിട്ടില്ല. ‘കല്പനപ്രകാരം’ എന്ന ഒറ്റവാക്കില്‍ രാജഭക്തിമാത്രമല്ല രാജാധികാരത്തിന്റെ സ്വഭാവത്തെയും വെളിപ്പെടുത്തി സ്വയം മറഞ്ഞിരിക്കുകയാണ് ഈശ്വരപിള്ള ചെയ്തത്. 19-ാം നൂറ്റാണ്ടിലെ അച്ചടിയിലെ അവ്യവസ്ഥകളും പ്രശ്‌നങ്ങളും ‘അമ്പത്തിനാലുദിവസത്തെ ആട്ടക്കഥ’യില്‍ കാണാം. പൂര്‍ണവിരാമത്തിന് കുത്ത് അഥവാ ബിന്ദു ഇടുന്ന പതിവ് അന്നുണ്ടായിരുന്നില്ല. പകരം ‘ 11*11 ‘ എന്ന വിചിത്രചിഹ്നമാണ് ഉപയോഗിച്ചിട്ടുള്ളത്. ദീര്‍ഘമായ എ കാരവും ()േ സംവൃതോകാരം ( ് ) എന്നിവയുടെ ലിപികള്‍ 19-ാം നൂറ്റാണ്ടിലെ മറ്റു പുസ്‌കങ്ങളിലെപ്പോലെ ഇതിലുമില്ല. ‘അന്‍പത്തിനാലുദിവസത്തെ ആട്ടക്കഥ’യുടെ അപൂര്‍വം പ്രതികളേ ഇന്ന് അവശേഷിക്കുന്നുള്ളൂ. അതിലൊന്ന് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലാണ്, മറ്റൊന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യശേഖരത്തിലും.

മലയാളസാഹിത്യത്തിന്റെ പിതാക്കന്മാരെ അച്ചടിയിലെത്തിച്ച ഈശ്വരപിള്ളയുടെ ‘കേരളവിലാസ’ത്തിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും ആദ്യമായി അച്ചടിമഷിപുരണ്ടത്. 1862-ല്‍ മഹാഭാരതം പ്രസിദ്ധീകരിച്ച കോഴിക്കോട്ടുകാരായ ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരും മകന്‍ അരുണാചലം മുതലിയാരും അന്ന് കോഴിക്കോട്ട് പ്രസ് ഇല്ലായിരുന്നതിനാല്‍ തിരുവനന്തപുരത്തുചെന്നാണ് ‘ഭാരത’ത്തിന്റെ ആദ്യത്തെ 68 പേജ് അച്ചടിച്ചത്. പാലങ്ങളോ റോഡുകളോ യന്ത്രവാഹനങ്ങളോ ഇല്ലായിരുന്ന 1860 കളുടെ തുടക്കത്തില്‍ കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്ക് അവര്‍ നടത്തിയ യാത്ര എത്രക്ലേശഭരിതമായിരുന്നിരിക്കും! ‘മഹാഭാരത’ത്തിന്റെ ഇങ്ങനെയൊരു പ്രസ്താവമുണ്ട്: ‘അറുപത്തെട്ടുവരെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ കേരളവിലാസം അച്ചുക്കൂടത്തില്‍ നിന്ന് അച്ചടിച്ചതാകകൊണ്ട് ദേശഭേദവാക്കുകള്‍ അല്പം ചിലതുള്ളത് പട്ടികയില്‍ കാണിച്ചിട്ടില്ല.’

ഒന്നാംകിട കഥകളിനടനായി അരങ്ങു വാണ ഈശ്വരപിള്ള വിചാരിപ്പുകാര്‍ എന്ന നെയ്യാറ്റിന്‍കരക്കാരന്‍ അച്ചടിയുടെ അരങ്ങിലും നായകവേഷമാണ് ആടിയത്. വെറുമൊരു തിരുവനന്തപുരത്തുകാരന്‍ മാത്രമായിരുന്നില്ല ഈശ്വരപിള്ള. കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. കൊച്ചിരാജ്യത്തെ സര്‍വാധികാര്യക്കാരായിരുന്ന ചെറുപറമ്പത്തുകുഞ്ഞികൃഷ്ണമേനോന്റെ മകള്‍ കല്യാണിക്കുട്ടിയമ്മയെ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുന്നാളിന്റെ ഭാര്യ(അന്നത്തെ രീതിയില്‍ പറഞ്ഞാല്‍ അമ്മച്ചി)യാക്കാന്‍ കല്യാണാലോചന നടത്തിയത് ഈശ്വരപിള്ളയായിരുന്നു. ഉത്രംതിരുന്നാളിന്റെ പിന്‍ഗാമിയായിരുന്നു. ആയില്യം തിരുന്നാള്‍ (ഉത്രം തിരുന്നാള്‍ ആരംഭിച്ച കൊട്ടാരം കഥകളിയോഗം പിരിച്ചുവിട്ടതായിരുന്നു ആയില്യത്തിന്റെ ആദ്യനടപടികളിലൊന്ന്!) കുട്ടിക്കാലത്ത് ഈശ്വരപിള്ള വിചാരിപ്പുകാരെ കണ്ടിട്ടുള്ള പെരുമ്പിലാവില്‍ തെയ്യുണ്ണിമേനോന്റെ വാക്കുകള്‍ ‘കഥകളിരംഗ’ത്തില്‍ കെ.പി.എസ്.മേനോന്‍ ഉദ്ധരിച്ചിട്ടുണ്ട് (തൃശ്ശൂര്‍ ജില്ലയുടെ വടക്കേയറ്റത്ത് എടപ്പാൡനടുത്താണ് പെരുമ്പിലാവ്): ‘1044-ല്‍ വിചാരിപ്പുകള്‍ ഒളപ്പമണ്ണ മനക്കാരുടെ ക്ഷണപ്രകാരം വെള്ളിനേഴി വന്നിരുന്നു. അന്നെനിക്ക് ഒമ്പതുവയസ്സാണ്. ഒളപ്പമണ്ണ മനയില്‍ വെച്ചുണ്ടായ കളിയുടെ പിറ്റേ ദിവസം അടയ്ക്കാവുത്തൂര്‍ കുന്നത്തുമനയ്ക്കല്‍ വെച്ച് അദ്ദേഹത്തിന്റെ വേഷമുണ്ടായി. അന്ന് എന്റെ കാരണവരുടെ ക്ഷണമനുസരിച്ച് (തെയ്യുണ്ണിമേനോന്റെ തറവാട്ടുപേരാണ് പെരിമ്പിലാവ്. അത് പിന്നീട് പെരുമ്പിലാവായി) പെരിമ്പുലാവില്‍ വന്നു. എനിക്ക് അദ്ദേഹത്തെ കണ്ട ഓര്‍മയുണ്ട്. അദ്ദേഹം ഒരു ഒത്തമനുഷ്യനും കാഴ്ചയ്ക്കുയോഗ്യനുമായിരുന്നു. തിരുവനന്തപുരത്തുകാരുടെ മാതിരി കട്ടിയും കവിണിയും ധരിച്ചിരുന്നു. മേല്‍വസ്ത്രം കോട്ടാറന്‍ കസവുവേഷ്ടിയും രണ്ടു കൈവിരലുകളില്‍ വിലപിടിച്ച വൈരക്കല്ലുമോതിരങ്ങള്‍. ഡോലിയിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഒന്നിച്ചു നാലു പരിചാരകന്മാരുണ്ടായിരുന്നു. ഇണങ്ങിയതും കഴുത്തില്‍ മണികെട്ടിയതുമായ ഒരു മാന്‍കുട്ടിയെ ഒന്നിച്ചുകൊണ്ടുനടന്നിരുന്നു.’

പുസ്തകപ്രസാധനം ഇന്ന് വമ്പന്‍വ്യവസായമാണു മലയാളത്തില്‍. എന്നാല്‍, അതുതുടങ്ങിവച്ച ഈശ്വരപിള്ളയെ ആരറിയുന്നു. മാന്‍കുട്ടികളെപ്പോലെ അക്ഷരങ്ങളെ ലാളിച്ച് സാഹിത്യപ്രസാധനത്തിന്റെ പുല്‍മേടുകളിലേക്കു തുറന്നുവിട്ട ഈശ്വരപിള്ളയെ ആരുമോര്‍ക്കുന്നില്ല. പുസ്തകം ഓര്‍മയുടെ ആലേഖനമാണെങ്കിലും മറവിയാണ് അതിന്റെ ചരിത്രത്തിലെ ആരും വായിക്കാത്ത അധ്യായം.

 

shortlink

Post Your Comments

Related Articles


Back to top button