GeneralNEWS

മണിയെ ആശുപത്രിയില്‍ എത്തിച്ചതിനു മുന്‍പ് കുത്തിവച്ച ഡോക്ട്ടറുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍

കലാഭവന്‍ മണിയെ ചാലക്കുടിയിലുള്ള ഔട്ട്‌ഹൗസായ പാടിയില്‍ വച്ചു കണ്ട ഉറ്റസുഹൃത്തും ആലപ്പുഴ മെഡിക്കല്‍കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്‍റ് പ്രഫസറുമായ ഡോക്ട്ടര്‍ ടി പി സുമേഷ് മാര്‍ച്ച് അഞ്ചാം തീയതി മണിയെ കണ്ട കാര്യം വിശദീകരിച്ചു. അഞ്ചാം തീയതി രാവിലെ പാടിയില്‍ വച്ച് മണിയെ കണ്ടപ്പോള്‍ അദ്ദേഹം തീര്‍ത്തും അവശനായിരുന്നുവെന്ന് ഡോ. സുമേഷ് പറഞ്ഞു.

ചാലക്കുടിയിലുള്ള കുടുംബവീട്ടിലെത്തിയപ്പോഴാണ് മണിയുടെ മാനേജരായ ജോബി തന്നെ വിളിച്ചതെന്നും മണിയെ വന്നു കാണാന്‍ ആവശ്യപ്പെട്ടതെന്നും ഡോ. സുമേഷ് അറിയിച്ചു.

പാടിയില്‍ ചെന്ന് മണിയെ കണ്ടപ്പോള്‍ അദ്ദേഹം തീര്‍ത്തും അവശനായിരുന്നു. മൂത്രമൊഴിക്കാന്‍ പോയ മണി ബാത്ത് റൂമിനോട് ചേര്‍ന്ന കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥനായി കിടക്കുന്നതാണ് ഡോ. സുമേഷ് കണ്ടത്. നന്നായി വിയര്‍ക്കുന്നുണ്ടായിരുന്ന മണിയുടെ നെഞ്ചിടിപ്പ് ഇരട്ടിയായിരുന്നു. മണിയെ വിറയ്ക്കുന്നുമുണ്ടായിരുന്നു എന്ന് ഡോ. സുമേഷ് പറഞ്ഞു.

രാവിലെ ബിയര്‍ കഴിച്ച് ഛര്‍ദ്ദിച്ചതായും മാനേജര്‍ ഡോ. സുമേഷിനെ അറിയിച്ചു. ഛര്‍ദ്ദിലിനൊപ്പവും ക്ലോസറ്റിലും രക്തം കണ്ടതായും ഡോ. സുമേഷ് ഓര്‍ക്കുന്നു.

തണുത്ത വെള്ളം കുടിക്കാന്‍ താല്‍പര്യമില്ലാതിരുന്ന മണി ഇതിനോടകം തണുത്ത വെള്ളം വാങ്ങി കുടിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന്‍ നിലത്തേക്ക് കിടന്ന മണി അക്രമസ്വഭാവവും കാട്ടിത്തുടങ്ങി. അപ്പോള്‍ത്തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ അറിയിക്കുകയും നഴ്സുമാരെത്തി തന്‍റെ സാനിദ്ധ്യത്തില്‍ത്തന്നെ കുത്തിവയ്പ്പെടുത്തതായും ഡോ. സുമേഷ് പറഞ്ഞു.

കുത്തിവയ്പ്പ് ലഭിച്ച ശേഷം ശാന്തനായി ഉറങ്ങിയ മണിയെ അടിവസ്ത്രമടക്കം പുതിയ വസ്ത്രങ്ങള്‍ വാങ്ങിയശേഷം എറണാകുളത്ത് അമൃതാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ച ശേഷം മണിയെ എന്‍ഡോസ്കോപ്പിക്ക് വിധേയനാക്കി. മണിയെ പരിശോധിച്ച ഡോ. മാത്യു നാടന്‍ ചാരായത്തിന്‍റെ അംശം ശരീരത്തില്‍ ഉള്ളതായി അറിയിച്ചു.

നിര്‍ണായകമായ നിമിഷങ്ങള്‍ കടന്നുപോകവേ മണിയുടെ രോഗനില കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരുന്നു. ആറ് രക്തക്കുഴലുകള്‍ പൊട്ടിയതായി ഡോക്ട്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഡയാലിസിസ് ചെയ്തെങ്കിലും രക്തസമ്മര്‍ദ്ദം തീരെ താണുപോയതിനാല്‍ ഡയാലിസിസ് തുടരാനായില്ല.

അടുത്ത ദിവസം വൈകിട്ടോടെ മണിക്ക് ഹൃദയാഘാതമുണ്ടായാതായും, പിന്നാലെ മരണം നടന്നതായും അമൃതയിലെ ഡോക്ട്ടര്‍മാര്‍ തന്നെ അറിയിച്ചതായി ഡോ. സുമേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button