CinemaGeneralNEWS

ഭൈരവയിലെ മലയാളി താരങ്ങള്‍

തെറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഭൈരവയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തില്‍ വിജയ് രണ്ട് കിടിലന്‍ ലുക്കില്‍ എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഭൈരവയില്‍ ആറ് മലയാളി താരങ്ങളാണ് അഭിനയിക്കുന്നതെന്നതാണ്.

നായിക അടക്കം ഒരുപറ്റം മലയാളി താരങ്ങളെ അണിനിരത്തി വിജയ് നായകനായ ഭൈരവയുടെ ചിത്രീകരണം പൂര്‍ത്തിയായി. തമിഴ് സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മലയാള താരങ്ങള്‍ ഒന്നിച്ച് ഒരു പ്രമുഖ നടന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായികയായി അഭിനയിക്കുന്ന കീര്‍ത്തി സുരേഷ്, വിജയ രാഘവന്‍, റോഷന്‍ ബഷീര്‍, അപര്‍ണ്ണ വിനോദ്, സിജ റോസ്, സീമ ജി. നായര്‍, എന്നീ മലയാളി താരങ്ങളാണ് ‘ഭൈരവ’യിലൂടെ തങ്ങളുടെ ശക്തമായ സാന്നിധ്യം തമിഴില്‍ അറിയിക്കുന്നത്.

നായകനും, ചിത്രത്തിന്റെ നിര്‍മ്മാതാവുമായ വിജയിന്റെയും സംവിധായകന്‍ ഭരതന്റെയും പ്രത്യേക താല്‍പര്യപ്രകാരമാണ്, ഭൈരവയില്‍ കൂടുതല്‍ മലയാളി താരങ്ങളെ അണിനിരത്തിയത് ‘ഇതും എന്ന മായം’, ‘രജനിമുരുകന്‍’ എന്നീ തമിഴ് ചിത്രങ്ങളിലെ കീര്‍ത്തി സുരേഷിന്റെ പ്രകടനമാണ് ‘ഭൈരവ’യിലേക്ക് വഴിതുറന്നത്. പുതിയ നായികയെ അന്വേഷിച്ചു നടന്ന വിജയിന്റെയും, സംവിധായകന്‍ ഭരതന്റെയും മനസ്സില്‍ ആദ്യം തന്നെ കടന്നുവന്നത് കീര്‍ത്തി സുരേഷാണ്. ‘ഭൈരവ’യില്‍ , ഇളയദളപതിയുടെ നായികയായി അഭിനയിച്ചതോടെ, ഇന്ത്യന്‍ സിനിമയിലെ തന്നെ താരത്തിളക്കമുള്ള നായികയായി കീര്‍ത്തി മാറിക്കഴിഞ്ഞു. ‘ഭൈരവ’യിലെ പ്രകടനത്തെക്കുറിച്ചറിഞ്ഞ അല്ലു അര്‍ജ്ജുന്‍ തന്റെ ദ്വിഭാഷാ ചിത്രത്തിലേക്ക് കീര്‍ത്തിയെ നായികയായി തീരുമാനിച്ചു കഴിഞ്ഞു. ‘ജനതാഗാരേജി’ന്റെ സംവിധായകന്‍ കോറത്തല ശിവ പുതിയ തെലുങ്ക് ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായും, കീര്‍ത്തിയെ തീരുമാനിച്ചുകഴിഞ്ഞു.

മലയാളത്തില്‍, സ്വഭാവനടനായി പേരെടുത്ത വിജയരാഘവനെ ഭൈരവയിലും സ്വഭാവനടനായാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. മലയാളം സംസാരിക്കുന്ന ഒരു കുടുംബനാഥന്റെ വേഷത്തില്‍ വിജയരാഘവന്‍ ഗംഭീര പ്രകടനമാണ് നടത്തിയത്
മോഹന്‍ലാല്‍ ചിത്രമായ ‘ദൃശ്യ’ത്തിലെ വരുണ്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ വെറുപ്പിന് വിധേയനായ റോഷന്‍ ബഷീര്‍, ‘ഭൈരവ’യില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ആസീഫ് അലി നായകനായ ‘കോഹിനൂര്‍’ എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധേയയായ അപര്‍ണ്ണ വിനോദ്, ‘ഭൈരവ’യില്‍ വിജയിന്റെ രണ്ടാം നായികയായാണ് അഭിനയിക്കുന്നത്. മലയാളി കുടുംബനാഥനായി വേഷമിടുന്ന വിജയരാഘവന്റെ മകളായാണ് അപര്‍ണ്ണ വേഷമിടുന്നത്.
‘എന്നു നിന്റെ മൊയ്തീന്‍’, ‘ഉസ്താദ് ഹോട്ടല്‍’, ‘അന്നയും റസൂലും’ തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തിയ സിജറോസും അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സീമ ജി. നായരും ‘ഭൈരവ’യില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി, റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ‘ഭൈരവ’ വിജയാ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.. സംവിധാനം – ഭരതന്‍, ക്യാമറ – എം. സുകുമാര്‍, സംഗീതം – സന്തോഷ് നാരായണന്‍ (കബാലി ഫെയിം) എഡിറ്റര്‍ – പ്രവീണ്‍ കെ. എന്‍, സംഘട്ടനം – അനില്‍ അരശ്, പി. ആര്‍. ഒ – അയ്മനം സാജന്‍, വിതരണം – ബീബക്രീയേഷന്‍സ്, സായൂജ്യം സിനിറിലീസ്, വിജയ്, ജഗപതി ബാബു, തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. പൊങ്കല്‍ റിലീസായി ‘ഭൈരവ’ തമിഴ് നാടിനോടൊപ്പം കേരളത്തിലും റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button