CinemaGeneralNEWS

മെക്‌സിക്കന്‍ അപാരത യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ചു; തെളിവുകളുമായി കെ എസ് യു രംഗത്ത്

ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വന്‍ മുന്നേറ്റമെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. എസ് എഫ് ഐ പ്രവര്‍ത്തകരും സൈബര്‍ മേഖലയിലെ ഇടത് അനുഭാവികളും ഉള്‍പ്പെടെ സിനിമയെ ആഘോഷിക്കുമ്പോള്‍ യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ചതാണ് സിനിമയെന്ന ആരോപണവുമായി കെ എസ് യു രംഗത്ത്.

മഹാരാജാ കോളേജില്‍ വലത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ എസ് ക്യു വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും അഴിഞ്ഞാടുന്നതുമാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ഇവരുടെ ഏകപക്ഷീയ നിലപാടുകളെ തറപറ്റിച്ച് ഇടത് സംഘടനയായ എസ് എഫ് വൈ മുന്നേറുന്നതിനെക്കുറിച്ചാണ് സിനിമ.

എന്നാല്‍ 2011ല്‍ എസ് എഫ് ഐയെ തറപറ്റിച്ച് കെ എസ് യു മഹാരാജാസ് കോളേജില്‍ നേടിയ വിജയവും, ജിനോ ജോണ്‍ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി മാറ്റുകയായിരുന്നു ചിത്രത്തിലെന്ന് കെ എസ് യുവിന്റെ കേരളാ ഘടകം ഒഫീഷ്യല്‍ പേജ് അവകാശപ്പെടുന്നു. മെക്‌സിക്കന്‍ അപാരതയില്‍ ജിനോ ജോണ്‍ കെ എസ് ക്യു നേതാവായി എസ് എഫ് വൈയെ തല്ലിച്ചതക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തിലെ നായകനെ സിനിമയില്‍ പ്രതിനായകനായും അന്ന് വിജയം നേടിയെ കെ എസ് യുവിനെ കെ എസ് ക്യുവാക്കി പരാജിതരാക്കിയും സിനിമ മാറ്റിയെന്നുമാണ് കെ എസ് യുവിന്റെ ആരോപണം. മഹാരാജാസില്‍ എസ് എഫ് ഐ കൊടിമരം ഒടിക്കുന്ന രംഗം, ചെയര്‍മാനായി ജിനോ നടത്തുന്ന പ്രസംഗം എന്നിവയുടെ യൂട്യൂബ് ലിങ്കുകളും കെ എസ് യു ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിനിമ രാഷ്ട്രീയമായി ആരെയും ഇകഴ്ത്താനും പുകഴ്ത്താനും വേണ്ടി ഒരുക്കിയതല്ല എന്നാണ് അണിയറക്കാരുടെ വാദം. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നാണ് ഇവരുടെ പക്ഷം. മികച്ച പ്രേക്ഷക സ്വീകര്യത നേടി മുന്നേറുന്ന ഒരു മെക്‌സിക്കന്‍ അപാരത നവാഗതനായ ടോം ഇമ്മട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ടോവിനോ തോമസ്‌ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നീരജ് മാധവ്, ഗായത്രി തുടങ്ങിയവര്‍ വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button