CinemaKollywoodNEWS

ആരാധകര്‍ക്ക് നിശബ്ദരാകാം; ‘ഭൈരവ’ വിജയമായിരുന്നോ? വിധി പ്രസ്താവിച്ച് വിതരണക്കാരന്‍

വിജയ്‌ ചിത്രം ‘ഭൈരവ’ കേരളത്തില്‍ വിജയം നേടിയോ, ഇല്ലയോ? എന്ന ആരാധകരുടെ തര്‍ക്കത്തിന് മറുപടിയുമായി വിതരണക്കാരന്‍ റാഫി മാതിര രംഗത്ത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് റാഫി മാതിരയായിരുന്നു. തനിക്ക് ചിത്രം സാമ്പത്തിക ലാഭമുണ്ടാക്കിയില്ലെന്ന വിശദീകരണമാണ് ആരാധകരുടെ തര്‍ക്കത്തിന് ഇദ്ദേഹം മറുപടിയായി നല്‍കിയത്.

റാഫി മാതിരയുടെ വാക്കുകളിലേക്ക്

“ഭൈരവ കേരളത്തില്‍ ലാഭമായിരുന്നോ അല്ലയോ എന്ന ഒരു ചര്‍ച്ച വിജയ് ആരാധകര്‍ക്കിടയില്‍ സജീവമായ സാഹചര്യത്തിലാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. കേരളത്തിലെ സിനിമാ മേഖലയെ വെല്ലുവിളിച്ചു കൊണ്ട് എ ക്ലാസ് തിയറ്റര്‍ സംഘടന സമരം തുടങ്ങി. അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാം എന്നും, അതിനാല്‍ നിലവിലുള്ള അവസ്ഥയില്‍ സിനിമാ പ്രദര്‍ശനം തുടരണം എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. ബാലന്‍ ഉറപ്പു നല്കിയിട്ടും സര്‍ക്കാരിനെപ്പോലും വെല്ലുവിളിച്ചുകൊണ്ടു ക്രിസ്തുമസ് ന്യൂ ഇയര്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ സമരം മുന്നോട്ടു കൊണ്ടു പോയ വിവരം നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ?

സമരത്തിന്റെ തുടക്കത്തില്‍ അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ലാഭം നേടുകയും സമരം കൊഴുപ്പിക്കാന്‍ തന്ത്രം മെനയുകയും ചെയ്തവര്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ തയ്യാറാകാത്തതിനാല്‍ മാത്രം കനത്ത നഷ്ടം സംഭവിക്കും എന്ന് അന്നേ ഞാന്‍ മനസ്സിലാക്കിയിരുന്നു.ചിത്രത്തിന്റെ ഡെലിവറി എടുക്കാതിരുന്നാല്‍ വിജയിയുടെ  ഒരു സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതെ പോകുന്ന അവസ്ഥ ഉണ്ടാകുമെന്നും അത് സിനിമയോടും വിജയ് എന്ന മഹാനടനോടും ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും എന്നും കൂടി ഞാന്‍ മനസ്സിലാക്കി. ഞാന്‍ ഉള്‍പ്പെടുന്ന സിനിമാ സംഘടനകളുടെ തീരുമാനത്തെ അവഗണിച്ചു സമരക്കാരോടൊപ്പം ചേര്‍ന്നാല്‍ അവരുടെ എല്ലാ തിയേറ്ററുകളും പ്രദര്‍ശനത്തിനു നല്‍കാം എന്ന വാഗ്ദാനം എനിക്ക് ലഭിച്ചു. എന്നാല്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസ്സിയേഷന്‍ (കേരള), എക്‌സിബിറ്റേഴ്‌സ് യുണൈറ്റെഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകളുടെ സംയുക്ത യോഗം ”ഭൈരവ” റിലീസ് ചെയ്യുന്നതിന് വേണ്ടി എനിക്ക് എല്ലാ വിധ സഹകരണങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. അതിനാല്‍, ജനുവരി 12- മുതല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ തിയേറ്ററുകളും അടച്ചിട്ട് സമരം മുന്നോട്ടു കൊണ്ടു പോകും എന്നുള്ള പ്രഖ്യാപനവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന ആക്ഷേപം ഉന്നയിച്ചു കൊണ്ട് നടനും നിര്‍മ്മാതാവും തിയെറ്റെര്‍ ഉടമയുമായ ശ്രീ. ദിലീപിനെതിരെ സംഘടനാ നേതാവ് തലശ്ശേരിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ‘ഇതിനു ദിലിപ് വലിയ വില നല്‍കേണ്ടി വരും.’ എന്നു പ്രഖ്യാപിച്ചതും അതിന്റൈ അനന്തര സംഭവങ്ങളും കണ്ടറിഞ്ഞതും ഒരിക്കലും മറക്കാന്‍ എനിക്കാകില്ല. അത്തരുണിയില്‍ കുറഞ്ഞ എണ്ണം എ ക്ലാസ് തിയേറ്ററുകളിലും ചുരുക്കം ചില ആ ക്ലാസ് തിയേറ്ററുകളിലും മാത്രം ചിത്രം പ്രദര്‍ശി പ്പിക്കേണ്ട സാഹചര്യം സംജാതമായി. ചിത്രത്തിനു സാമ്പത്തിക ലാഭം ഉണ്ടാകാതിരുന്നതിനുള്ള ഒരു പ്രധാന കാരണം ഇതാണ് എന്ന് എനിക്കും നിങ്ങള്‍ക്കും ശ്രീ. വിജയ് ക്കും അറിവുള്ളതുമാണ്. കൂടാതെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി ലഭ്യമാകുന്ന സൈറ്റുകളുടെ ലിങ്ക് സമരക്കാര്‍ പല ചാനലുകളിലൂടെയും സ്‌ക്രോള്‍ ആയി സാധാരണക്കാര്‍ക്ക് ലഭ്യമാക്കി കൊടുത്തു എന്നും നാം അന്ന് കണ്ടതുമാണ്.

തെറ്റിദ്ധാരണകള്‍ ഒഴിവാക്കി നമുക്ക് ഒന്നായി മുന്നോട്ടു പോകാം. ‘മേര്‍സല്‍’ വന്‍ വിജയമാകട്ടെ!”

shortlink

Related Articles

Post Your Comments


Back to top button