GeneralIndian CinemaKollywoodLatest NewsMollywoodNEWS

ജൂനിയർ അഭിനേതാവിൽ നിന്നും ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകനിലേക്ക് ഷങ്കർ എത്തിയതെങ്ങനെ?

ഫില്‍റ്റര്‍ കോഫിയ്ക്കും വെറ്റിലയ്ക്കും പേരു കേട്ട കുംഭകോണം എന്ന ക്ഷേത്രനഗരിയില്‍ നിന്നൊരു പയ്യന്‍ ചെന്നൈ സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്സിന് ചേര്‍ന്നു. പഠനത്തേക്കാളേറെ ചെന്നൈയിലെ തിയേറ്ററുകളും സ്റ്റുഡിയോകളും താരങ്ങളുമടങ്ങിയ സിനിമയുടെ മാസ്മരിക ലോകമാണ് അയാളെ ഏറെ ആകര്‍ഷിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ തുച്ഛമായ ശമ്പളത്തിന് ജോലിയില്‍ പ്രവേശിച്ചെങ്കിലും അയാളുടെ മനസ്സ് നിറയെ സിനിമാ മോഹമായിരുന്നു. എങ്ങനെയെങ്കിലും ഒരു സിനിമാ നടനാകണമെന്നും തന്റെ രൂപഭാവങ്ങള്‍ക്ക് യോജിച്ച കോമഡി റോളുകള്‍ ചെയ്ത് പ്രശസ്തനാകണമെന്നുമുള്ള ഉല്‍ക്കടമായ ആഗ്രഹത്തില്‍ ജോലിക്കൊപ്പം തന്നെ നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. തില്ലൈ രാജന്റെ ‘നാടകമന്ദിര്‍’ എന്ന ട്രൂപ്പില്‍ ഏഴ് വര്‍ഷത്തോളം ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചും സംഭാഷണമെഴുത്തില്‍ സഹായിച്ചും മുന്നോട്ട് പോയെങ്കിലും സിനിമാ നടനാവുക എന്നത് തന്നെയായിരുന്നു അയാളുടെ ആത്യന്തികമായ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കായി ചെന്നൈയിലെ സ്റ്റുഡിയോകളിലും സംവിധായകരുടെ താമസ സ്ഥലങ്ങളിലും അയാള്‍ കയറിയിറങ്ങി.

എഴുപതുകളിലെയും എണ്‍പതുകളിലെയും മുന്‍നിര ഹാസ്യ താരമായിരുന്ന ചുരുളി രാജനെ രൂപത്തിലും ശബ്ദത്തിലും അനുകരിച്ച് അയാള്‍ നടത്തുന്ന പ്രകടനങ്ങള്‍ കണ്ട് സിനിമാ പ്രവര്‍ത്തകര്‍ ചിരിച്ചെങ്കിലും അഭിനയിക്കാനുള്ള അവസരം കിട്ടാക്കനിയായി അവശേഷിച്ചു. അങ്ങനെയിരിക്കെ തമിഴിലെ മുന്‍നിര ഹാസ്യതാരമായ സെന്തിലിനെ നേരിട്ടു കാണാനുള്ള അവസരം ആ ചെറുപ്പക്കാരന് ലഭിച്ചു. ഗൗണ്ടമണി – സെന്തില്‍ ജോഡി തമിഴ് സിനിമാ കോമഡി രംഗം അടക്കി വാഴുന്ന കാലമാണ്. അയാളുടെ കോമഡി നമ്പരുകള്‍ സെന്തിലിന് ആകര്‍ഷണീയമായി തോന്നി. തമിഴ് സിനിമയുടെ ഒരു രീതി എങ്ങനെയാണെന്നു വച്ചാല്‍ കോമഡി ട്രാക്കും സംഭാഷണങ്ങളും എഴുതുന്നതിന് പ്രത്യേക ടീം ഉണ്ടാവും. താന്‍ അഭിനയിക്കുന്ന പുതിയ സിനിമയായ ‘വസന്ത രാഗ’ത്തിന്റെ സംവിധായകന്‍ എസ്‌ എ ചന്ദ്രശേഖറിന് (നടന്‍ വിജയുടെ അച്ഛന്‍) ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി കൊടുക്കുകയും ആ സിനിമയില്‍ താന്‍ അഭിനയിക്കുന്ന കോമഡി രംഗങ്ങളില്‍ അഡീഷണല്‍ ഡയലോഗുകള്‍ എഴുതാന്‍ ഒരു അവസരം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംവിധായകന്‍ എസ്‌ എ ചന്ദ്രശേഖര്‍ അത് അംഗീകരിച്ചുവെന്ന് മാത്രമല്ല ഒരു സീനില്‍ അഭിനയിക്കാനുള്ള അവസരം നല്കുകയും ചെയ്തു. ഷങ്കര്‍ ഷണ്‍മുഖം എന്ന സിനിമാ മോഹിയായ ആ ചെറുപ്പക്കാരന്‍ ഷങ്കര്‍ എന്ന സിനിമാ പ്രവര്‍ത്തകനായി മാറുകയായിരുന്നു ആ സിനിമയിലൂടെ.

കോമഡി രംഗങ്ങളിലെ ഷങ്കറിന്റെ സംഭാവനകളില്‍ തൃപ്തി തോന്നിയ എസ്‌ എ ചന്ദ്രശേഖര്‍ അയാളെ തന്റെ അടുത്ത സിനിമയില്‍ സംവിധാന സഹായി ആകാന്‍ ക്ഷണിച്ചു. സിനിമകളിലെ ട്വിസ്റ്റ് പോലെ കൊമേഡിയനാകാന്‍ വന്നയാള്‍ സംവിധാന രംഗത്ത് എത്തിപ്പെട്ടു. എള്ള് ചോദിച്ചാല്‍ എണ്ണയുമായി വന്ന് നില്ക്കുന്ന കഠിനാദ്ധ്വാനിയായ ആ സംവിധാനസഹായിയോട് എസ്‌ എ ചന്ദ്രശേഖറിന് മതിപ്പ് തോന്നുകയും തന്റെ തുടര്‍ന്നുള്ള സിനിമകളിലെല്ലാം കൂടെ കൂട്ടുകയും ചെയ്തു. അപ്പോഴും ഷങ്കറിന്റെ മനസ്സില്‍ അഭിനയത്തോടുള്ള അഭിനിവേശം അടങ്ങിയിരുന്നില്ല. അത് മനസ്സിലാക്കിയ എസ്‌ എ ചന്ദ്രശേഖര്‍ ‘നീതിക്ക് ദണ്ഡനൈ’ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം നല്കി. തുടര്‍ന്ന് ‘സീത’ എന്ന സിനിമയില്‍ ആദ്യന്തം നിറഞ്ഞു നില്ക്കുന്ന ഒരു കോമഡി വേഷവും ഷങ്കറിന് നല്കി (ഇതോടൊപ്പമുള്ള ചിത്രം ആ സിനിമയിലേതാണ്). സീത എട്ടു നിലയില്‍ പൊട്ടിയതോടെ ഷങ്കര്‍ ഒരു കാര്യം മനസ്സിലാക്കി. അഭിനയമല്ല സംവിധാനമാണ് തന്റെ തട്ടകമെന്ന്. തുടര്‍ന്ന് സംവിധാന രംഗത്ത് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ച ഷങ്കര്‍ പടി പടിയായി ഉയര്‍ന്ന് ചന്ദ്രശേഖറിന്റെ പ്രധാന അസ്സോസ്സിയേറ്റ് ഡയറക്ടറായി. ഇതിനിടയില്‍ എസ്‌ എ ചന്ദ്രശേഖറുടെ ഹിന്ദി സിനിമകളിലും ഷങ്കര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചു.

എസ്‌ എ ചന്ദ്രശേഖറിന്റെ മറ്റൊരു പ്രധാന അസ്സോസ്സിയേറ്റ് ആയിരുന്ന പവിത്രന് സ്വതന്ത്ര സംവിധായകനാകുള്ള അവസരം ലഭിച്ചത് ആയിടെയാണ്. മലയാളിയായ നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്റെ ആദ്യ തമിഴ് സിനിമാ സംരംഭമായിരുന്നു അത്. തന്റെ ആദ്യ ചിത്രത്തിൽ ഷങ്കര്‍ തന്റെ കൂടെയുണ്ടെങ്കില്‍ അതൊരു മുതല്‍ക്കൂട്ടാവും എന്ന് കരുതിയ പവിത്രൻ ഷങ്കറിനെ അസ്സോസ്സിയേറ്റ് ആയി ഒപ്പം കൂട്ടി. ‘വസന്തകാല പറവൈ’ എന്ന ആ സിനിമ 1991-ല്‍ റിലീസാവുകയും ഭേദപ്പെട്ട വിജയം നേടുകയും ചെയ്തു. തുടര്‍ന്ന് അതേ ടീമിനെ വച്ച് കുഞ്ഞുമോന്‍ അടുത്ത സിനിമ പ്ലാന്‍ ചെയ്തു. ഒരു ബിഗ് ബജറ്റ് ആക്ഷൻ സിനിമ. ഇത്തവണയും പവിത്രൻ ഷങ്കറിനെ കൂടെ കൂട്ടി. 1992-ല്‍ റിലീസായ ‘സൂര്യന്‍’ എന്ന ആ സിനിമ ഗംഭീര വിജയമായി. ശരത്കുമാര്‍ എന്ന നടന് താരപദവി നേടിക്കൊടുത്ത ആ ചിത്രം കെ ടി കുഞ്ഞുമോന് തമിഴ് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഒരു പ്രമുഖ സ്ഥാനവും ലഭ്യമാക്കി. ആ വിജയത്തിന്റെ ചൂടാറും മുമ്പ് തന്നെ അതേ ടീമിന്റെ മൂന്നാമത്തെ ചിത്രം ലോഞ്ച് ചെയ്തു. ഇത്തവണ കുറച്ചു കൂടി വലിയ ബഡ്ജറ്റില്‍ ശരത് കുമാറിനെ തന്നെ നായകനാക്കി ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണ് – ഐ ലവ് മൈ ഇന്ത്യ. നിര്‍ഭാഗ്യവശാല്‍ ഷൂട്ടിംഗ് തുടങ്ങി അധികമാകും മുന്നേ നിര്‍മ്മാതാവ് കുഞ്ഞുമോനും സംവിധായകന്‍ പവിത്രനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും അത് രൂക്ഷമായ തര്‍ക്കത്തിലേക്ക് പരിണമിക്കുകയും ചെയ്തു. ഒരുമിച്ചൊരു സിനിമ സാദ്ധ്യമല്ലെന്ന സ്ഥിതി എത്തിയതോടെ സംവിധായകന്‍ പവിത്രൻ ആ പ്രോജക്റ്റിന് പുതിയൊരു നിര്‍മ്മാതാവിനെ കണ്ടെത്തി – ജി കെ റെഡ്ഡി (നടന്‍ വിശാലിന്റെ പിതാവ്). പവിത്രന്റെ നടപടി തിരിച്ചടിയായപ്പോള്‍ കുഞ്ഞുമോന്‍ മറുതന്ത്രം മെനഞ്ഞു. അവിടെയാണ് ഷങ്കറിന്റെ സിനിമാ ജീവിതത്തിലെ അടുത്ത ട്വിസ്റ്റ് സംഭവിക്കുന്നത്.

പവിത്രന്റെ ടീമിലെ ഏറ്റവും മിടുക്കനായ ഷങ്കറിനെ കുഞ്ഞുമോന്‍ തന്റെ ഭാഗത്തേക്ക് വലിച്ചു. അയ്യായിരം രൂപ അഡ്വാന്‍സ് നല്കി പുതിയ സിനിമയുടെ സംവിധായകനാക്കി. ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു പ്രണയകഥ തന്റെ ആദ്യ സിനിമയായി ചെയ്യാന്‍ സ്ക്രിപ്റ്റ് റെഡിയാക്കി ‘അഴകിയ കുയിലേ’ എന്ന ടൈറ്റിലും കരുതി വച്ചിരുന്ന ഷങ്കറിനോട് അതൊക്കെ തല്കാലം മാറ്റി വയ്ക്കാനും പവിത്രന്റെ സിനിമയെക്കാള്‍ മികച്ചൊരു ആക്ഷന്‍ സിനിമ അതിനെക്കാള്‍ വലിയ ബഡ്ജറ്റില്‍ റെഡിയാക്കാനും കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു. അങ്ങനെ ‘ജെന്റില്‍മാന്‍’ എന്ന സിനിമ പിറവി കൊണ്ടു. ‘സൂര്യന്‍’ എന്ന പവിത്രന്‍ സിനിമയുടെ ടെംപ്ലേറ്റില്‍ തന്നെയായിരുന്നു ജെന്റില്‍മാനും എന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. 1993 ജൂലൈയില്‍ റിലീസായ ‘ജെന്റില്‍മാന്‍’ ചരിത്ര വിജയമായി. ദക്ഷിണേന്ത്യയൊട്ടാകെ ആ സിനിമ നിറഞ്ഞോടി. ഓരോ മുക്കിലും മൂല യിലും ആ സിനിമയിലെ പാട്ടുകള്‍ മുഴങ്ങിക്കേട്ടു. അതേ വര്‍ഷം ഒക്ടോബറില്‍ റിലീസായ പവിത്രന്റെ ‘ഐ ലവ് ഇന്ത്യ’യാകട്ടെ വന്‍ പരാജയം ഏറ്റു വാങ്ങി.

പിന്നീട് വിജയങ്ങളുടെ നീണ്ട നിര തന്നെ ഷങ്കറിന്റെ ജീവിതത്തിലുണ്ടായി. ‘കാതലന്‍’ എന്ന സിനിമയ്ക്കു ശേഷം നിര്‍മ്മാതാവ് കുഞ്ഞുമോന്‍ ഷങ്കറുമായി പിണങ്ങി ചരിത്രം ആവര്‍ത്തിച്ചു. പക്ഷേ അപ്പോഴേക്കും ഷങ്കറിന് വേണ്ടി ഒന്നാം കിട നിര്‍മ്മാതാക്കളും മുന്‍നിര നായകന്‍മാരും റെഡിയായി നില്ക്കുന്ന സ്ഥിതിവിശേഷമുണ്ടായി കഴിഞ്ഞിരുന്നു. ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ ഷങ്കറിന്റെ പേര് ഇന്ത്യന്‍ സിനിമയിലാകെ അറിയപ്പെട്ടു. ഇതിനിടയില്‍ തന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്സില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് സിനിമ ചെയ്യാനായി S പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനിയും തുടങ്ങി. ബാലാജി ശക്തിവേലിന്റെ ‘കാതല്‍’, വസന്തബാലന്റെ ‘വെയില്‍’ തുടങ്ങി മികച്ച സിനിമകള്‍ ഷങ്കറിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഷങ്കറിന്റെ പ്രതിഭയുടെ വേലിയിറക്കം ദൃശ്യമാണെങ്കിലും പുതിയ ചിത്രമായ ‘റോബോ 2.0’ ഇന്ത്യന്‍ സിനിമാ ലോകമാകെ ഉറ്റു നോക്കുന്ന ഒന്നാണ്. അധികമാരും അറിയപ്പെടാത്ത ഒരു കൊമേഡിയനായി ഒടുങ്ങുമായിരുന്ന ഒരു കലാകാരന്‍ ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനായി തിളങ്ങുന്നു…എന്താല്ലേ?!

Epilogue :
ഷങ്കറിന്റെ സിനിമാ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവിന് കാരണമായ ഹാസ്യനടന്‍ സെന്തില്‍ ഇന്ന് അഭിനയരംഗത്തു നിന്നും ഏതാണ്ട് പൂര്‍ണ്ണമായി നിഷ്കാസിതനായി കഴിയുകയാണ്.

സംവിധായകന്‍ എസ്‌ എ ചന്ദ്രശേഖരന്‍ മകന്‍ വിജയുടെ താരപ്രഭയുടെ തണലിലാണ് ഇപ്പോള്‍. ഇടയ്ക്ക് സംവിധാനം ചെയ്ത ചിത്രങ്ങളാകട്ടെ വന്‍ പരാജയങ്ങളുമായി.

സംവിധായകന്‍ പവിത്രന്‍ തുടര്‍ പരാജയങ്ങളുടെ തിരിച്ചടിയില്‍ സംവിധാന രംഗത്ത് നിന്ന് മാറി നില്ക്കുകയാണ്.

നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ രക്ഷകന്‍ എന്ന സിനിമയുടെ ഭീമമായ പരാജയവും തുടര്‍ന്ന് മകന്‍ എബി കുഞ്ഞുമോനെ നായകനാക്കി നിര്‍മ്മിച്ച ബിഗ് ബജറ്റ് സിനിമ ‘കോടീശ്വരന്‍’ റിലീസാവത്തതും കാരണം നിര്‍മ്മാണ രംഗത്ത് നിന്ന് മാറി തമിഴ്നാട് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

സംവിധായകന്‍ ഷങ്കര്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന, താരങ്ങള്‍ ഡേറ്റ് നല്കാന്‍ കാത്തു നില്ക്കുന്ന സംവിധായകനായി തിളങ്ങി നില്ക്കുന്നു.

മുകേഷ് കുമാർ

shortlink

Related Articles

Post Your Comments


Back to top button