CinemaGeneralLatest NewsMollywoodNEWSWOODs

പ്രേക്ഷക മനസ്സിലൂടെ ചീറിപ്പായുന്ന മലയാള സിനിമയിലെ ചില വാഹനങ്ങള്‍

 
വാഹനമേഖലയില്‍ ദിനംപ്രതി അഭിരുചികള്‍ മാറുന്നുണ്ട്. നിറം മുതല്‍ അടിമുടി മാറ്റങ്ങളും സ്റ്റൈലുമായി നിരവധി വാഹനങ്ങള്‍ കടന്നുവരുന്നു. അതുപോലെ തന്നെ ചര്‍ച്ചയാണ് താരങ്ങളുടെ വാഹനങ്ങളും. എന്നാല്‍ ഇന്നത്തെ വിഷയം പ്രേക്ഷകനെ സ്വധീനിച്ച സിനിമയിലെ ചില വാഹനങ്ങളാണ്. ചില സിനിമകളെയും അവയിലെ കഥാപാത്രങ്ങളെയും പോലെ തന്നെ നമുക്ക് മറക്കാൻ കഴിയാത്തവയാണ് ആ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചില വാഹനങ്ങളും. നായകന്‍റെ സന്തത സഹചാരിയായുള്ള വാഹങ്ങള്‍ എന്നും പ്രേക്ഷകന്റെ ശ്രദ്ധയില്‍പ്പെടാറുണ്ട്. വെറുതേ സ്ക്രീനിൽ കാണിക്കുകയെന്നതിനുമപ്പുറം പലസിനിമകളുടെയും തിരക്കഥയിൽ പോലും ഇത്തരം വാഹനങ്ങളെക്കുറിച്ച് വ്യക്തമായി പരാമർശിക്കാറുമുണ്ട്. അത്തരം ചില വാഹനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
 
1. ലോറി
മലയാള സിനിമയിലെ വാഹനം എന്ന് ഓര്‍ത്താല്‍ ആദ്യം ഓര്‍മ്മ വരുന്നത് ചെകുത്താനാണ്‌. 1995-ൽ പുറത്തിറങ്ങി മലയാളക്കരയെ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രത്തിലെ ലോറി. ഭദ്രന്റെ സംവിധാന മികവില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ആടുതോമയുടെ വാഹനം. സ്ഫടികമെന്നും ചെകുത്താനെന്നുമുള്ള വിളിപ്പേരുകള്‍ നെറ്റിയിലൊട്ടിച്ച ആ ലോറി മലയാളി എങ്ങനെ മറക്കാനാണ്?
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ലോറി പ്രേക്ഷകന്‍ മറക്കുമോ? സോളമന്‍റെ ആ ലോറിയും പല പത്മരാജന്‍ കഥാപാത്രങ്ങളെയും പോലെ മിഴിവാര്‍ന്ന ഒരു ഉശിരന്‍ കഥാപാത്രം തന്നെയായിരുന്നു. സ്ഫടികത്തിനു ശേഷം മോഹന്‍ലാല്‍ ഓടിച്ച മറ്റൊരു ജനപ്രിയ ലോറിയായിരുന്നു പുലിമുരുകനിലെ മയില്‍ വാഹനം. കെഎൽ 5 ബി 7106 നമ്പറുള്ള ലോറി പഴയ ചെകുത്താൻ ലോറിക്ക് സമാനമായ ബോഡിയുള്ള ടാറ്റയുടെ വാഹനമായിരുന്നു.
 
2. ബസ്
വരവേല്‍പ്പിലെ ബസ് ഓര്‍മ്മയില്ലേ. മുരളിയുടെ സ്വപ്നമായിരുന്നു ആ ബസ്. ഗള്‍ഫില്‍ ചോരനീരാക്കിയ പണം കൊണ്ട് മുരളി വാങ്ങിയ ഗള്‍ഫ് മോട്ടോഴ്സ് എന്ന ബസ്. മുതലാളി ആണെങ്കിലും തൊഴിലാളിയായി കൂടെക്കൂടിയ മുരളിയുമായി ഇന്നും ഓര്‍മ്മകളില്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ഗള്‍ഫ് മോട്ടോഴ്സ് . പറക്കും തളിക എന്ന ചിത്രത്തിന്‍റെ ഹൈലൈറ്റ് തന്നെ ഒരു ബസാണ്. താഹയുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രത്തിലെ താമരാക്ഷന്‍ പിള്ളയെന്ന ബസ് ആസ്വാദക മനസില്‍ ചിരിയുടെ മാലപ്പടക്കവും കൊളുത്തി ഇപ്പോഴും സഞ്ചരിക്കുന്നു. ഓര്‍ഡിനറി എന്ന കുഞ്ചാക്കോബോബന്‍ ചിത്രത്തിലൂടെ മലയാളിയുടെ സ്വന്തം ആനവണ്ടിയും സിനിമാചരിത്രത്തിന്‍റെ ഭാഗമായി. ഗവിയിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ ആനവണ്ടിയുടെ ആനച്ചന്തം തുടിച്ചു നില്‍ക്കുന്നു.
 
3. ബുള്ളറ്റ്
രാജകീയ വാഹനം എന്ന് വിശേഷിപ്പിക്കുന്ന ബുള്ളറ്റിനു ആരാധാകര്‍ ഒരുപാടുണ്ട്‌. സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന ആഖ്യാനമായ സുഖമോ ദേവിയിലെ ആ ബുള്ളറ്റിന്‍റെ ശബ്ദം പ്രണയിക്കുന്നവരുടെ ഇടനെഞ്ചില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടാവണം. മോഹലാല്‍ പല ചിത്രങ്ങളിലും ബുള്ളറ്റുമായി എത്തിയിട്ടുണ്ട്. കുടുംബം നശിപ്പിച്ചവരെ തേടി അണയാത്ത പ്രതികാരാഗ്നിയോടെ ക്യാപ്റ്റന്‍ വിജയ് മേനോന്‍ പിന്‍ഗാമിയിലുടനീളം സഞ്ചരിച്ചതും ഒരു ബുള്ളറ്റിലായിരുന്നു. അലീഭായിയില്‍ രെക്ഷകനായി എത്തിയതും ബുള്ളറ്റിലായിരുന്നു. യുവതാരം ദുല്‍ഖറിന്‍റ സന്തതസഹചാരിയായിരുന്ന ഒരു ബുള്ളറ്റാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലുള്ളത്. ബുള്ളറ്റിലെ നോര്‍ത്ത് ഈസ്റ്റ് യാത്ര സിനിമാപ്രേമികളും സഞ്ചാരപ്രിയരും ഒരുപോലെ ഇന്നും നെഞ്ചിലേറ്റുന്നു.
 
4. കാര്‍
എല്ലാ സിനിമകളിലും കാര്‍ പ്രത്യക്ഷ്പ്പെടാറുണ്ട്‌. എന്നാല്‍ പ്രേക്ഷകന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഒരുപാട് ഫസിലിറ്റികള്‍ ഉള്ള സിഐഡി മൂസയിലെ കാര്‍ ആണ്. കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ ഒരു പോലെ കുടുകുടെ ചിരിപ്പിച്ച ആ കാര്‍ ഓര്‍മ്മയില്ലേ ? സഹദേവനെന്ന സിഐഡി മൂസക്ക് അമ്മാവന്‍ നല്‍കിയ ആ അദ്ഭുതക്കാറും സിനിമയിലെ വാഹനങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. ദി കാര്‍ എന്ന ജയറാം ചിത്രത്തില്‍ കാറു തന്നെയായിരുന്നു പ്രധാന താരം. ഉണ്ണികളോട് നൊമ്പര കഥകള്‍ പറയാനെത്തിയ എബിയ്ക്ക് കൂട്ടായി ഒരു പഴഞ്ചന്‍ കാറുണ്ടായിരുന്നു.
 
5. ഓട്ടോ
സാധരക്കാരന്റെ വാഹന്‍ മുച്ചക്രവണ്ടിയിത്….. എന്ന് തുടങ്ങുന്ന ഗാനവും സുന്ദരി സുന്ദരി ഒന്നൊരുങ്ങിവാ….. എന്നാ ഗാനവും മലയാളികളുടെ മനസ്സില്‍ ഓട്ടോയുടെ ജനകീയത വര്‍ദ്ധിപ്പിച്ചു. ഏയ്‌ ഓട്ടോയിലെ സുന്ദരി എന്ന ഓട്ടോറിക്ഷയും സുധിയും മീനുക്കുട്ടിയുമൊക്കെ കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറവും കാഴ്ചയുടെ നവ്യാനുഭവവുമായി യാത്രികര്‍ക്കൊപ്പം ഉണ്ട്. ഓട്ടോ ബ്രദേസിലൂടെയും ഈ നാട്ടിന്‍ പുറ വാഹനത്തിന്റെ നന്മ നമ്മള്‍ ആസ്വദിച്ചു.
 
കൊച്ചി രാജാവില്‍ വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട സൂര്യനാരായണനെന്ന ഉണ്ണി പഠനച്ചിലവിനായി ഓട്ടോ ഓടിക്കുന്നുണ്ട്. ആ ഓട്ടോയാണ് കൊച്ചിരാജാവ്. അതുപോലെ ഇതേ ചിത്രത്തില്‍ വേറൊരു വാഹനവും ശ്രദ്ധേയ വേഷത്തിലെത്തുന്നു. വേറാരുമല്ല നമ്മുടെ ജഗതി അവതരിപ്പിച്ച മുത്തച്ഛന്‍ കഥാപാത്രം ലോറിയിലിരുന്ന് ഓടിക്കുന്ന ആ ആന്‍റിക് കാര്‍ തന്നെ.
 
6 .  മാറ്റഡോര്‍
പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ 1993ല്‍ പിറന്ന ചിത്രമാണ് മിഥുനം. ചിത്രത്തില്‍ സേതുമാധവന്‍റെ സന്തത സഹചാരിയായ ഒരു വാനുണ്ട്. ദാക്ഷായണി ബിസ്ക്കറ്റ് എന്നെഴുതിയ മറ്റഡര്‍ വാന്‍.
 
ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായ ഈ വാഹനം മാരുതി ഓംനി വാനുകള്‍ക്ക് മുമ്പുള്ള രാജ്യത്തിന്‍റെ വാഹന സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. ഏതു ബ്രാന്‍റിലുള്ള മിനി ലോറിയെയും മലയാളികള്‍ ഇന്നും ടെമ്പോ വാനെന്ന് പേരിട്ടു വിളിക്കുന്നത് പഴയ മറ്റഡറിന്‍റെ ഓര്‍മ്മകള്‍ ഉള്ളിലുറങ്ങുന്നതു കൊണ്ടാണ്.
 
7.  ജിപ്‍സി
ജയരാജ് സംവിധാനം ചെയ്‍ത സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രം ഹൈവേയിലെ മഞ്ഞനിറമുള്ള ജിപ്സി ഒരുകാലത്ത് വാഹന പ്രേമികളുടെ ഹരമായിരുന്നു.
 
8. ജീപ്പ്
ഭ്രമരം എന്ന ബ്ലെസി ചിത്രത്തിലെ ആ ജീപ്പിനെ ഓര്‍മ്മയില്ലേ? ശിവന്‍ കുട്ടിയുടെ ജീവിതത്തിനൊപ്പം നൊമ്പരവും ഭീതിയുമൊക്കെ ഒളിപ്പിച്ച ആ ജീപ്പിന്‍റെ മുരളുന്ന ശബ്ദം വില്ലനെപോലെ ഇപ്പോഴും പ്രേക്ഷനെ വിടാതെ പിന്തുടരുന്നുന്ന ഒന്നാണ്. നരസിംഹത്തിലെ ചുവന്ന ടോപ്പ്ലെസ്സ് ജീപ്പ്
 
9.  ട്രെയിന്‍
ഒരു വാഹനം എന്ന നിലയില്‍ ട്രെയിനും നമുക്ക് ഒഴിവാക്കാനാവില്ല. പാളങ്ങള്‍, യാത്രക്കാരുടെ ശ്രദ്ധക്ക്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തീവണ്ടികള്‍ പല രീതിയിലും സിനിമയില്‍ കടന്നു വരുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും തോളോടുതോള്‍ ചേര്‍ന്ന നമ്പര്‍ 20 മദ്രാസ് മെയിലിലെ ആ ട്രെയിന്‍ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ ഒരു മുഴുനീള കഥാപാത്രം തന്നെയായിരുന്നു.
 
10.  യെസ്‍ഡി ബൈക്ക്
അറുപതുകളിലെ തരംഗമായിരുന്നു ജാവ യെസ്‍ഡി ബൈക്കുകള്‍. 2016ല്‍ പുറത്തിറങ്ങിയ മാനസാന്തരപ്പെട്ട യെസ്‍ഡി എന്ന സിനിമയുടെ പ്രമേയത്തിലും യെസ്‍ഡി ഒരു പ്രധാന കഥാപാത്രമായിരുന്നു.
 
സിനിമയില്‍ വന്ന് നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നതായി ഇനിയും ഒരുപാട് വാഹനങ്ങളുണ്ട്. തുറപ്പു ഗുലാനിലെ സലീം കുമാറിന്‍റെ ആംബുലന്‍സ്, ഓംശാന്തി ഓശാനയിലെ ബുള്ളറ്റ്, ബഡ്ഡിയിലെ സ്കൂട്ടര്‍, ബാംഗ്ലൂര്‍ ഡയ്സില്‍ ദുല്‍ഖറും ഫഹദും സംഘവും മത്സരിച്ചോട്ടിയ ആ റേസിംഗ് ബൈക്കുകള്‍ ഷീ ടാക്സിയിലെയും മുംബൈ ടാക്സിയിലെയും കാറുകള്‍, കോളിളക്കത്തിലെയും പൈലറ്റ്സിലെയും നസ്രാണിയിലെയും ഹെലികോപ്‍ടറുകള്‍, ബട്ടര്‍ ഫ്ലൈസിലെ മോഡിഫൈഡ് ജീപ്പ്, മഹായാനത്തിലെയും പാളയത്തിലെയും വളയത്തിലെയുമൊക്കെ ലോറികള്‍, കാര്‍ണിവെല്ലിലെ ബൈക്ക്, സൈന്യത്തിലെ ഫൈറ്റര്‍ വിമാനങ്ങള്‍, നരസിംഹത്തിലെ ചുവന്ന ടോപ്പ്ലെസ്സ് ജീപ്പ്, ഉസ്താദിലെ കാരവൻ, ഹിറ്റ്ലറിലെ ബുള്ളറ്റ്, ചിന്താമണി കൊലക്കേസിലെ അംബാസഡർ, നിർണത്തിലെ വില്ലനുപയോഗിച്ച കാർ അങ്ങനെ പരന്നുകിടക്കുന്നു സിനിമയിലെ വാഹനലോകം.

shortlink

Related Articles

Post Your Comments


Back to top button