CinemaGeneralMollywoodNEWS

സിനിമയിലെ കഥാപാത്രങ്ങൾക്കും പരസ്പരം വാത്സല്യം ഉണ്ടാവുമല്ലോ : നൈര്‍മല്യമുള്ള കുറിപ്പുമായി രഘുനാഥ് പലേരി

ഷാനവാസ്‌ കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് രഘുനാഥ് പലേരി ക്യാമറയ്ക്ക് മുന്നില്‍ അഭിനയത്തിന്‍റെ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്

മലയാള സിനിമയില്‍ തിരക്കഥ കൊണ്ട് വിസ്മയം തീര്‍ത്ത രഘുനാഥ് പലേരി അഭിനയ രംഗത്തേക്കും. ഷാനവാസ്‌ കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് രഘുനാഥ് പലേരി ക്യാമറയ്ക്ക് മുന്നില്‍ അഭിനയത്തിന്‍റെ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. തൊട്ടപ്പനില്‍ തനിക്കൊപ്പം അഭിനയിച്ച ബാലതാരത്തെക്കുറിച്ച് രഘുനാഥ് പലേരി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്‌. വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍ ഈദ് റിലീസായി പ്രദര്‍ശനത്തിനെത്തും.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഡാവിഞ്ചിയും ഞാനും.
ഡാവിഞ്ചി നാലാം ക്ലാസിലാണ്.
വെരി സ്മാർട്ട്.
ഷാർപ്പ് ലുക്ക്.
ബെസ്റ്റ് ആക്ടർ
ചുരുളൻ മുടി.
മൂന്നോ നാലോ പല്ലുകൾ ഇല്ല.
അത് സാരമില്ല.
മുളയ്ക്കും.

“തൊട്ടപ്പനിൽ” പെട്രീഷ്യയുടെയും മോൺ സിഞ്ഞിന്റെയും മകനായി നടനം. ഒരു മകനേയുള്ളൂ അവർക്ക്. അവന് ജോയ്മോൻ എന്നവർ പേരും ഇട്ടു. ഒരുപക്ഷേ ജോയ് എന്നാവും പേര്. മോൻ എന്നത് വാത്സല്യം കാരണം ചേർത്തതാവും. സിനിമ ഉണ്ടാക്കുന്നവർക്ക് മാത്രമല്ല സിനിമയിലെ കഥാപാത്രങ്ങൾക്കും പരസ്പരം വാത്സല്യം ഉണ്ടാവുമല്ലോ. അല്ലെങ്കിൽ അവർക്ക് ആ ജീവിതം സിനിമയിൽ ജീവിച്ചു തീർത്ത്‌ സിനിമ അതുണ്ടാക്കുന്നവർക്ക് ദക്ഷിണയായി തിരികെ കൊടുക്കാൻ കഴിയില്ലല്ലോ.

അഭിനേതാക്കൾ കഥാപാത്രങ്ങൾ ആയി മാറുന്നതും തിരികെ അഭിനേതാക്കളാവുന്നതും കാണാൻ നല്ല രസമാണ്. എല്ലാവരും ആ പ്രക്രിയ ആസ്വദിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഡാവിഞ്ചി അത് സർവ്വ രുചിയോടെ ആസ്വദിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കാരണം അവൻ നാലാം ക്ലാസിലാണ്. അവൻ ജീവിതത്തെ കാണുന്നത് വളരെ നിഷ്കളങ്കമായാണ്. ജീവിതത്തോട് അവന് അങ്ങേയറ്റം പ്രിയതരമായ സ്നേഹമാണ്.

ഡാവിഞ്ചിയിലെ ജോയ്‌മോനെ ഞാൻ കണ്ടുമുട്ടുന്നത്, അവൻ “ഇതാ എൻറെ അടുത്തെത്തി”.. എന്ന് സൂചിപ്പിച്ചുകൊണ്ട് എന്റെ ഉമ്മകുത്സു വിസിൽ അടിച്ചപ്പോഴാണ്. എന്റെ ലോകം നിറയെ ഉമ്മകുത്സുവിന്റെ വിസിലടിയാണ്. പൂച്ചയുടെ ശബ്ദം ആണ് അവളുടെ വിസിലടിക്ക്‌. കാരണം ഉമ്മകുത്സു ഒരു പൂച്ചയാണ്.

ആ പൂച്ചയെ മോഷ്ടിക്കാനും ജോയ്മോൻ എന്റടുത്ത് വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഉമ്മുക്കുൽസു വിസിലടിച്ച് അവനെ ഓടിച്ചിട്ടുണ്ട്.
:)

 

shortlink

Related Articles

Post Your Comments


Back to top button