CinemaGeneralLatest NewsMollywoodNEWS

‘തട്ടമിടുന്നത് എന്റയെ പഴ്സനല്‍ കാര്യമാണ്’ ; സോഷ്യല്‍ മീഡിയയിലൂടെ തെറി വിളിക്കുന്നവര്‍ക്ക് മറുപടിയുമായി – നൂറിന്‍ ഷെരിഫ്

പലരുടേയും ധാരണ 'അഡാര്‍ ലൗ' എന്ന സിനിമയ്ക്ക് ശേഷം ഞാനും പ്രിയാ വാരിയരും തമ്മില്‍ ശത്രുത ആണെന്നാണ്.

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നൂറിന്‍ ഷെരിഫ്. ഈ ചിത്രത്തിലൂടെ നിരവധി ആരാധകരാണ് നൂറിന് ഉള്ളത്.  ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും സിനിമയില്‍ എത്തിയ ശേഷം ഉള്ള കാര്യങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് നൂറിന്‍ . വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നൂറിന്‍ ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.

” ഉമ്മയുടെ ആഗ്രഹമായിരുന്നു എന്നെ ഒരു നടിയാക്കണമെന്ന്. ചെറുപ്പത്തിലേ ഡാന്‍സ് പഠിപ്പിക്കാന്‍ വിടാന്‍ ഉമ്മയ്ക്കായിരുന്നു ഉത്സാഹം. എന്റെ വഴി ഉമ്മ നേരത്തേ തന്നെ സ്വപ്നം കണ്ടിരുന്നു. എന്റെ എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്നത് ഉമ്മയാണ്. അഭിനയത്തിന്റെ കാര്യം ആയാലും പുതിയൊരു ഹെയര്‍സ്റ്റൈല്‍ ആയാലും ഉമ്മ ഒകെ പറഞ്ഞാലെ എനിക്കും സമാധാനമുള്ളൂ. മിസ് കേരള മത്സരത്തിന് എന്റെ ഫോട്ടോ അയച്ചതും ഉമ്മയാണ്. ‘ചങ്ക്സ്’ സിനിമയില്‍ ചെറിയ ഒരു റോള്‍ ചെയ്തു കഴിഞ്ഞാണ് മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്നത്. 2017 ലായിരുന്നു അത്. ആ വര്‍ഷം തന്നെ മിസ് കൊല്ലം ആയി. അതിന്റെ ആത്മവിശ്വാസത്തിലാണ് ഒരുകൈ നോക്കാമെന്നു കരുതിയത്. ഓരോ ഘട്ടം കഴിയുമ്പോഴും എനിക്ക് കോണ്‍ഫിഡന്‍സ് പോകുന്ന പോലെ തോന്നി. പക്ഷേ, ഉമ്മ പറഞ്ഞു, ‘ധൈര്യമായി മുന്നോട്ടു പൊയ്ക്കോ, നിനക്ക് കിട്ടും.’ അതുതന്നെ സംഭവിച്ചു.

മത്സരത്തിന് പോകും മുന്‍പ് മനസ്സില്‍ ഒരു കാര്യം മാത്രമേ ഞാന്‍ ഉറപ്പിച്ചിരുന്നുള്ളൂ. ശരീരം പ്രദര്‍ശിപ്പിച്ച് എനിക്ക് ഒന്നും നേടേണ്ട. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ‘അഡാര്‍ ലവി’ലേക്ക് വിളി വന്നു. സത്യത്തില്‍ ഡബ്സ്മാഷ് ചെയ്താണ് എനിക്ക് അഭിനയത്തോടുള്ള ഇഷ്ടം കൂടുന്നത്. പഠിക്കുന്ന കാലത്ത് ഹൈജംപില്‍ സംസ്ഥാനതലം വരെ പോയിട്ടുണ്ട്. സ്പോര്‍ട്സ് താരങ്ങളൊക്കെ മുടി പോണി ടെയില്‍ കെട്ടിയിടും എന്നാല്‍ എന്റെ മുടി പോണി കെട്ടിയാലും ഇങ്ങനെ ചുരുണ്ടിരിക്കും. എല്ലാവരും പറയും ഏറ്റവും ഭംഗി മുടിയാണെന്ന്. ചെറുപ്പത്തില്‍ എനിക്ക് ഈ മുടി ഇഷ്ടമില്ലായിരുന്നു. പക്ഷേ, ഇപ്പോ ഈ മുടിയാണ് എന്റെ ഹൈലൈറ്റ്. പ്രത്യേകിച്ച് ഒരു സംരക്ഷണവുമില്ല. ചീപ്പ് തൊടാറില്ല. കൈകൊണ്ടു മാത്രമെ ചീകാറുള്ളൂ. ഇടയ്ക്കിടെ കളര്‍ ചെയ്യും.

വീട്ടില്‍ ഉപ്പയ്ക്ക് ആദ്യം അഭിനയമൊന്നും ഇഷ്ടമല്ലായിരുന്നു. ആളുകള്‍ എന്തു പറയും എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു.  ഇപ്പോള്‍ എല്ലാം മാറി. എന്റെയൊപ്പം ഷൂട്ടിനു വരാറുണ്ട്. കുടുംബത്തിലും ചെറിയ എതിര്‍പ്പുണ്ടായിരുന്നു. എല്ലാവരും കൂടുന്ന ഒരു പരിപാടിക്കും ഞാന്‍ പോകാറില്ലായിരുന്നു. ഇപ്പോള്‍ എല്ലാവരും ഇങ്ങോട്ട് വിളിക്കും. ചെല്ലാന്‍ പറഞ്ഞ്. ഭയങ്കര സ്നേഹമാണ്. ഒരിക്കല്‍ ആഗ്രഹിച്ചതിന്റെ ഇരട്ടിയാണ് എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത്. സിനിമയില്‍ അഭിനയിക്കുന്നത്, പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത്, സെല്‍ഫിയെടുക്കാന്‍ വരുന്നത് എല്ലാം ഒരു കാലത്ത് ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ്.

പലരുടേയും ധാരണ ‘അഡാര്‍ ലൗ’ എന്ന സിനിമയ്ക്ക് ശേഷം ഞാനും പ്രിയാ വാരിയരും തമ്മില്‍ ശത്രുത ആണെന്നാണ്. അത് സത്യമല്ല. ഒരു കാര്യം മാത്രം പറയാം. ഞങ്ങള്‍ തമ്മില്‍ പിണക്കത്തിലാണെന്ന് വരുത്തി തീര്‍ക്കുന്നത് മറ്റു പലരും ആണ്. അതെന്തിനാണെന്ന് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഞാന്‍ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നവരെ കാണാം. അതെന്റെ പഴ്സനല്‍ കാര്യമാണ്. ചില സിറ്റുവേഷനില്‍ ഇടാന്‍ കഴിയില്ല. എനിക്ക് വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി, ഞാനെന്താണെന്ന്. അതേ നിലപാടാണ് വിവാഹ കാര്യത്തിലും.വിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ മടിയൊന്നുമില്ല. ഇഷ്ടം പോലെ കല്യാണാലോചനകള്‍ വരുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ 20 വയസ്സല്ലേ ആയിട്ടുള്ളൂ. നാലു വര്‍ഷം കൂടി കഴിഞ്ഞേ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങൂ. നല്ലൊരു മനസ്സും സ്വഭാവവുമുള്ള വ്യക്തി വേണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ. എന്റെ പ്രഫഷനെയും കുടുംബത്തെയും സ്നേഹിക്കാന്‍ കഴിയുന്ന ഒരാള്‍ നൂറിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button