CinemaGeneralLatest NewsMollywoodNEWS

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കലല്ല ബിജെപിയുടെ ലക്ഷ്യം, രാജ്യത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ട് ചേരികളിലായി അണിനിരത്തലാണ് ; രണ്‍ജി പണിക്കര്‍

പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രഖ്യാപനത്തിലൂടെ ഇവിടുത്തെ മതേതര സംസ്‌കാരം നശിച്ചാല്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാവും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കലല്ല ബിജെപിയുടെ ലക്ഷ്യമെന്നും മറിച്ച് അതിലൂടെയുണ്ടാകാവുന്ന ഹിന്ദു-മുസ്ലിം ധ്രുവീകരണമാണെന്നും രണ്‍ജി പണിക്കര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.

പൗരത്വ ഭേദഗതി നിയമം ആത്യന്തികമായി നടപ്പിലാകുമെന്ന് ഒരാളും പ്രതീക്ഷിക്കേണ്ടതില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. “ഈ നിയമം നടപ്പിലാക്കലല്ല മോദിയുടെയും ബിജെപിയെയും ലക്ഷ്യം. ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് മോദി ഇതിനകം സാധിച്ചുകഴിഞ്ഞു. കൃത്യമായ ധ്രുവീകരണം ഈ രാജ്യത്ത് ഉണ്ടാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ രാജ്യത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ട് ചേരികളിലായി അണിനിരത്തുക, പരസ്പരം ആയുധമെടുക്കുവാന്‍ പ്രേരിപ്പിക്കുക എന്ന നിഗൂഢമായ ലക്ഷ്യത്തിനപ്പുറം ഈ നിയമത്തില്‍ എന്തെങ്കിലുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതാണ് സാധിച്ചെടുക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെയാണ് ചെറുക്കേണ്ടതും”, രണ്‍ജി പണിക്കര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രഖ്യാപനത്തിലൂടെ ഇവിടുത്തെ മതേതര സംസ്‌കാരം നശിച്ചാല്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാവും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. “എത്ര സൈനികവ്യൂഹങ്ങളെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിരത്തിയാലും രാജ്യത്തിനകത്ത് ജനങ്ങള്‍ രണ്ടായി വിഭജിച്ചുപോയാല്‍ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ഇന്ത്യയ്ക്കകത്ത് വീണ്ടുമൊരു ഛിദ്രമുണ്ടായാല്‍ എങ്ങനെയാണ് നരേന്ദ്രമോദി ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുക? അപ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയല്ല പ്രശ്‌നം. ഹിന്ദുവിന്റെ സംരക്ഷണവുമല്ല പ്രശ്‌നം. മതാധിപത്യം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ പുനസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം”, രണ്‍ജി പണിക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button