CinemaGeneralLatest NewsMollywoodNEWS

45 വര്‍ഷങ്ങളായി 1500 തെന്നിന്ത്യന്‍ സിനികളിൽ ഡബ്ബ് ചെയ്‌തെങ്കിലും അംഗീകരിക്കപ്പെട്ടത് ഇപ്പോൾ ; സന്തോഷം പങ്കുവെച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി

ശ്രീജ ചേച്ചി എന്ന ഓരോ വിളിയും എന്റെ ഹൃദയത്തില്‍ തട്ടുന്നു

അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കറമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി. 1500 സിനിമകള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തുവെങ്കിലും ഇപ്പോഴാണ് താന്‍ അംഗീകരിക്കപ്പെട്ടതെന്ന് ശ്രീജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമാ പ്രവര്‍ത്തകനായ സുരേഷ് കുമാര്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന് നന്ദി പറയുകയായിരുന്നു ശ്രീജ.

‘ഇത്രനാളും എനിക്ക് ലഭിക്കാത്ത വലിയ അംഗീകാരമാണ് ഇപ്പോള്‍ കിട്ടിയത്. എല്ലാ അഭിപ്രായങ്ങളും സ്‌നേഹം നിറഞ്ഞതാണ്. ശ്രീജ ചേച്ചി എന്ന ഓരോ വിളിയും എന്റെ ഹൃദയത്തില്‍ തട്ടുന്നു. പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. എല്ലാവര്‍ക്കും നന്ദി- ശ്രീജ രവി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുരേഷ് കുമാര്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റയെ പൂർണരൂപം…………………………

ഇന്ന് ‘വരനെ ആവശ്യമുണ്ട്’ കാണുന്നതിനിടയില്‍, ‘കുക്കറമ്മ’ എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്ത് രണ്ട് ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോള്‍ തിയറ്റര്‍ മുഴുവന്‍ ചോദ്യ ചിഹ്നം കൊണ്ടു നിറഞ്ഞു… എങ്ങും സംശയങ്ങള്‍, സംശയചിരികള്‍… ചിലര്‍ കാവ്യാമാധവന്‍ എന്നും, ചിലര്‍ ദിവ്യാ ഉണ്ണി എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു… വളരെ കുറച്ചു നേരത്തേയ്ക്ക് ആകെ ബഹളം… ആരൊക്കയാണിത്?

അതിനു കാരണം, ഈ കഴിഞ്ഞ 45 വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറെ ഐശ്വര്യം നിറഞ്ഞ ശബ്ദസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹത്വ്യക്തി ‘കുക്കറമ്മ’യുടെ വേഷത്തിലെത്തിയതു കൊണ്ടാണ്, ആ മനോഹരമായ ശബ്ദം നമുക്കേവര്‍ക്കും ചിരപരിചിതമായതു കൊണ്ടാണ്… ബേബി ശാലിനിയും, ബേബി ശ്യാമിലിയും, സുനിതയും, സുചിത്രയും, ശാലിനിയും, ജൂഹി ചൗളയും, ‘സല്ലാപം’ എന്ന സിനിമയില്‍ മഞ്ജു വാരിയരും, രംഭയും, സിമ്രാനും, ചിപ്പിയും, ദേവയാനിയും, ദിവ്യാ ഉണ്ണിയും, കാവ്യാ മാധവനും, ഗോപികയും, റോമയും തുടങ്ങി എണ്ണിത്തീര്‍ക്കാന്‍ പറ്റാത്ത അത്ര അഭിനേത്രിമാര്‍ വെള്ളിത്തിരയിലൂടെ സംവദിച്ച ആ ശബ്ദത്തിന്റെ ഉടമയായ ശ്രീജ രവി എന്ന അതുല്യ കലാകാരിയെയായിരുന്നു സ്‌ക്രീനില്‍ കണ്ടത്. ഷങ്കറിന്റെ ‘നന്‍പന്‍’ ഉള്‍പ്പെടെ ഒട്ടനവധി സിനിമകളില്‍ മുന്‍പും ക്യാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ശ്രീജ രവിയ്ക്ക് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കുന്നത് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ തന്നെയാണ്. അത് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമയില്‍ ശോഭനയുമായി ശ്രീജ രവി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന രംഗങ്ങളില്‍ ഒരുപാടൊരുപാട് സന്തോഷം തോന്നി. ഒരു ഭാഗത്ത് ശ്രീജ രവി സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നു, മറു ഭാഗത്ത് ശോഭനയ്ക്കു വേണ്ടി ഭാഗ്യലക്ഷ്മി സംസാരിക്കുന്നു! കുടജാദ്രിയുടെ ഏറ്റവും മുകളിലെത്തിയിട്ട് സൂര്യനെയും ചന്ദ്രനെയും ഇരുവശങ്ങളിലായി കണ്ടത് പോലൊരു ഫീല്‍! മലയാളത്തിന്റെ ഏറ്റവും മികച്ച പെണ്‍ശബ്ദങ്ങള്‍, ഒരുമിച്ച് ഒരേ സമയം…ശ്രവണ സുഖം എന്നത് അതിന്റെ പാരമ്യതയില്‍.

പ്രിയ സുഹൃത്ത് വിബിന്‍ നാഥ് മൂവീ സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ എഴുതിയതാണ്, നമ്മുടെ സ്വന്തം ‘കിളിനാദം’ ശ്രീജ ചേച്ചിയെ കുറിച്ച്. ഞാന്‍ എഴുതണം എന്ന് ആഗ്രഹിച്ച കാര്യങ്ങള്‍, വളരെ മനോഹരമായി എഴുതിയിട്ടുണ്ട് വിബിന്‍ ജി. സന്തോഷം. ശ്രീജ ചേച്ചി നമ്മുടെ സ്വത്താണ്, സല്ലാപത്തിലെ രാധയാണ്, അനിയത്തിപ്രാവിലെ മിനിയാണ്, ഹരികൃഷ്ണന്‍സിലെ മീരയാണ്. അതിനും കുറേകാലം മുന്‍പ്, കൊഞ്ചിക്കുഴഞ്ഞ് ചിരിച്ചു കൊണ്ട് നമ്മുടെയൊക്കെ മനസ്സുകള്‍ കീഴടക്കിയ ബേബി ശാലിനി-ശ്യാമിലിമാരുടെ പൊന്നോമന ശബ്ദമാണ്, ചേച്ചി. അഭിനയമേഖലയിലും ചേച്ചി തന്റെ സാന്നിധ്യം അറിയിക്കുന്നത് ഏറെ സന്തോഷം തരുന്ന സംഗതിയാണ്. തികഞ്ഞ ആയുരാരോഗ്യസൗഖ്യത്തോടെ എക്കാലവും ഇവിടെയുണ്ടാകട്ടെ, ശ്രീജ രവി എന്ന പ്രിയപ്പെട്ട ശ്രീജ ചേച്ചി.

shortlink

Post Your Comments


Back to top button