GeneralLatest NewsNEWS

ഈ ഭൂമി ഇപ്പോള്‍ എന്തൊരു നിശബ്ദമാണ്, ഗിരീഷ്‌ പുത്തഞ്ചേരിയുടെ പാട്ടില്‍ അലിഞ്ഞു ചേരാം: സാഹചര്യത്തിന് അനുസൃതമായ കുറിപ്പുമായി രഘുനാഥ് പലേരി

പറമ്പുകൾക്കും അപ്പുറം ഒരു പൂച്ച ആരോടോ എന്തോ സ്വകാര്യം പറയുന്നത് അടക്കാപക്ഷിക്കും എനിക്കും വ്യക്തമായി കേൾക്കാം

മനുഷ്യന്റെ ഒച്ചപ്പാടുകള്‍ നിലച്ചപ്പോള്‍ ഭൂമിയിലെ ചിലര്‍ ഉയര്‍ത്തെഴുന്നേറ്റുവെന്ന് രഘുനാഥ് പലേരിയുടെ ഓര്‍മ്മപ്പെടുത്തല്‍. വീടിന്നരികിലെ വൃക്ഷശിഖരങ്ങളിൽ പതിവായി വരാറുള്ള അടക്കാപ്പക്ഷികളുടെ ചിറകടി ശബ്ദവും, പറമ്പുകൾക്കും അപ്പുറം ഒരു പൂച്ച ആരോടോ എന്തോ സ്വകാര്യം പറയുന്നത് തനിക്ക്    വ്യക്തമായി കേള്‍ക്കമെന്നും   കാവ്യാത്മകമായ വര്‍ണനയോടെ രഘുനാഥ് പലേരി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്നലെയും മിനിയാന്നും അതിനു തലേന്നും മനുഷ്യരുടെയും വാഹനങ്ങളുടെയും അത്യാവശ്യം ശബ്ദങ്ങൾ വീടിനു ചുറ്റും ഉണ്ടായിരുന്നു. ഇന്നലെയോടെ പലതും മാഞ്ഞു. ഇന്ന് ചുറ്റും നിശ്ശബ്ദമാണ്. വല്ലപ്പോഴും ഓടി അകലുന്ന വാഹനങ്ങളുടെ കിതപ്പും മുഴക്കവും കുറെക്കൂടി വ്യക്തതയോടെ കാതിൽ വീഴുന്നു. ഓരോ ശബ്ദത്തിനും അതിന്റെതായൊരു അലകും പിടിയും ഉണ്ടെന്ന് വ്യക്തമാകുന്നു. ഒന്നു വീണു കഴിഞ്ഞ് അടുത്തതിലേക്കുള്ള ഇടവേള നീണ്ടു തുടങ്ങിയതോടെ ശബ്ദങ്ങൾക്കും അവയുടെതായ സൗന്ദര്യം തിരിച്ചു കിട്ടുന്നു. വീടിന്നരികിലെ വൃക്ഷശിഖരങ്ങളിൽ പതിവായി വരാറുള്ള അടക്കാപ്പക്ഷികളുടെ ചിറകടി ശബ്ദം എളിമയോടെ കാതിൽ സ്പന്ദിക്കുന്നു. പറമ്പുകൾക്കും അപ്പുറം ഒരു പൂച്ച ആരോടോ എന്തോ സ്വകാര്യം പറയുന്നത് അടക്കാപക്ഷിക്കും എനിക്കും വ്യക്തമായി കേൾക്കാം. വടക്കു ഭാഗത്തുള്ള ഗൗഡരുടെ തോട്ടത്തിലെ കാറ്റിൽ തെങ്ങോലകൾ പരസ്പരം സ്‌നേഹത്തോടെ ഉരസുന്നു. ജനലരികിലെ കുഞ്ഞു പേരമരത്തിന്റെ ആടുന്ന ഇലകളെ കുറച്ചു മുൻപൊരു മഴ വന്ന് നനച്ച ജലത്തുള്ളി ശബ്ദം ശ്രുതി തെറ്റാതെ. കിറുകൃത്യമായിരുന്നു. മന്ദമന്ദം വീശുന്ന നിശ്ശബ്ദതയിൽ ശ്വാസംപോലും വ്യക്തമാകുന്നു.

കുറച്ചു മുൻപ് കേട്ട ഗിരീഷ് പുത്തഞ്ചേരി ഇവിടെ വെച്ചു നമ്മൾക്കായി മറന്നുപോയ, ”പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദ നിസ്വനത്തിനും..”, വിദ്യാസാഗർ അതിനു നൽകിയ സംഗീതപ്പെരുമഴക്കും എന്തൊരു തിളക്കമാണ്. ഈ ബഹളമില്ലായ്മയിൽ അത് ശ്രവിക്കുമ്പോൾ ഉള്ളിൽ ഉരുകി വീഴുന്ന കാത്തിരിപ്പിനും സ്‌നേഹത്തിനും എന്തൊരു ചാരുതയാണ്.

:)
ഗിരീഷിന്റെ പാട്ടുമായി ഇതിനൊപ്പം ചേർത്ത വീഡിയോ ഞാൻ മായ്ച്ചു. മനോഹരമാണ് ആ പാട്ട്. യൂട്യൂബിൽ കേൾക്കൂ.

shortlink

Related Articles

Post Your Comments


Back to top button