GeneralLatest NewsTV Shows

65 വയസുകഴിഞ്ഞവര്‍ക്കും ​ഗര്‍ഭിണികള്‍ക്കും പ്രവേശനമില്ല!! ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ ജോലിയ്ക്ക് വരേണ്ട; ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

മൂന്നു ശൗചാലയങ്ങളെങ്കിലും നിര്‍ബന്ധമായും സെറ്റുകളില്‍ ഉണ്ടായിരിക്കണം. അവ കൃത്യമായി ശുചീകരിക്കുകയും വേണം. മാസ്‌ക് നിര്‍ബന്ധമാണ്.

ഇന്ന് മുതല്‍ സീരിയല്‍ പ്രക്ഷേപണം വീണ്ടും ആരംഭിക്കുകയാണ്. കൊറോണയെ തുടര്‍ന്ന് ലോക്ഡൌണില്‍ ആയതോടെ ചിത്രീകരണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. ഇപ്പോഴിതാ കര്‍ശന നിര്‍ദ്ദേശങ്ങളിലൂടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ബോളിവുഡ് ആസ്ഥാനമായ മുംബൈയിലാണ് കൊറോണ വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നത്. നിലവില്‍ പല താരങ്ങളും നിരീക്ഷണത്തിലുമാണ്. ഈ അവസരത്തില്‍ പലയിടത്തും ഷൂട്ടിംഗ് പുനരാരംഭിച്ചുകഴിഞ്ഞു. ലൊക്കേഷനിലെ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ 65 വയസുകഴിഞ്ഞവര്‍ക്കും ​ഗര്‍ഭിണികള്‍ക്കും പ്രവേശനമുണ്ടാകില്ല. വീട്ടില്‍ ​ഗര്‍ഭിണികളുള്ളവര്‍ക്കും വരാനാകില്ല. സര്‍ക്കാരിന്റെ നിര്‍​ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചു മാത്രമേ ഷൂട്ടിങ് നടത്താനാവൂ.

സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന 33 ശതമാനത്തിലേക്ക് ആളുകളിലേക്ക് പരിമിതപ്പെടുത്തിക്കൊണ്ട് നിര്‍മ്മാതാവും സംവിധായക ഡിപ്പാര്‍ട്ട്മെന്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച്‌ ലിസ്റ്റിടുക. 65 കഴിഞ്ഞവര്‍ക്കും ഗര്‍ഭിണികളായ ജോലിക്കാര്‍ക്ക് സെറ്റില്‍ പ്രവേശനമില്ല. ജോലിയിലുള്ള ആളുടെ ഭാര്യ ഗര്‍ഭിണിയെങ്കില്‍ അയാളും സെറ്റില്‍ വരേണ്ടതില്ല. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഏവരുടെയും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

ലൊക്കേഷനില്‍ ശുചീകരണം കൃത്യമായി പാലിക്കണം. മാസ്‌ക്കുകളും സാനിറ്റൈസറുകളും സെറ്റില്‍ നിര്‍ബന്ധമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഏവരും ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മൂന്നു ശൗചാലയങ്ങളെങ്കിലും നിര്‍ബന്ധമായും സെറ്റുകളില്‍ ഉണ്ടായിരിക്കണം. അവ കൃത്യമായി ശുചീകരിക്കുകയും വേണം. മാസ്‌ക് നിര്‍ബന്ധമാണ്. ഉപയോഗിച്ച മാസ്‌കുകള്‍ ഗ്ലൗസുകള്‍ എന്നിവ നിക്ഷേപിക്കാനുള്ള ഡസ്റ്റ് ബിന്നുകളും അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും കരുതേണ്ടതാണ്. കൂടാതെ ലഞ്ച് ബ്രേക്കുകളില്‍ ആവശ്യമില്ലാത്ത കൂടിച്ചേരലുകള്‍ അനുവദനീയമല്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെങ്കില്‍ മാത്രം വയ്ക്കുക. സെറ്റില്‍ സന്ദര്‍ശകരെ കര്‍ശനമായും ഒഴിവാക്കുക.

ഷൂട്ടിങ്ങ് ലൊക്കേഷന്‍ , വാഹനങ്ങള്‍ , ഹോട്ടല്‍ മുറികള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കണം എന്ന് തുടങ്ങി കടുത്ത നിര്‍ദ്ദേശങ്ങള്‍ ആണ് ചിത്രീകരണത്തിനു നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button