Latest NewsNEWS

ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യായീകരണവുമായി എത്തിയവര്‍ക്ക് മാസ് മറുപടി നല്‍കി നീരജ് മാധവ്

ഗര്‍ഭിണിയായ കാട്ടാനയെ സ്‌ഫോടകവസ്തുനിറച്ച പൈനാപ്പിള്‍ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യായീകരണവുമായി എത്തിയവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി നീരജ് മാധവ്. നേരത്തെ കാട്ടന ചെരിഞ്ഞതില്‍ പ്രതിഷേധിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ചിലര്‍ ന്യായീകരണവുമായി എത്തിയിരുന്നു, ഇതിനെതിരെയാണ് താരം ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.

‘ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കര്‍ഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് ?’- എന്നായിരുന്നു ന്യായീകരണത്തിന് മറുപടിയായി നീരജ് മാധവ് കുറിച്ചത്.

https://www.facebook.com/ActorNeerajOfficial/posts/1392159214315725

ഈ കുറിപ്പിനു താഴെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. ‘വന്യജീവി ആക്രമണത്തില്‍ ഒരു മനുഷ്യന്‍ ആണ് മരിച്ചതെങ്കില്‍ ആ വാര്‍ത്തയുടെ അടിയില്‍ ഒരു ആദരാജ്ഞലികള്‍ എന്നുപോലും എഴുതാന്‍ വയ്യാത്തവര്‍ ആണ് ഒരു ആന ചത്തതിന് മുതലക്കണ്ണീര്‍ ഒഴുക്കാന്‍ വരുന്നത് . ഒരു മനുഷ്യന്‍ ആണ് മരിച്ചതെങ്കില്‍ താങ്കള്‍ ഇതുപോലെ ഒരു പോസ്റ്റ് ഇടുമായിരുന്നോ’-എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെ: ഇന്നേവരെ ഒരാനയും പ്രകോപനം ഇല്ലാതെ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ ടെറിടെറ്റിയില്‍ കയ്യേറ്റം നടത്തുമ്പോഴാണ് അവര്‍ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടര്‍ക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാന്‍ പറ്റില്ലല്ലോ, അവര്‍ക്കു ഇതിന്റെ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികള്‍ക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ ? എന്നായിരുന്നു.

നീരജ് മുമ്പ് ന്യൂസ് 18 ന്റെ വാര്‍ത്തയും അതിന് താഴെ വന്ന കമന്റും എടുത്ത് ഒരു പോസ്റ്റ് ഇട്ടിരുന്നു. കാട്ടായുടെ കൊലപാതകത്തെ ന്യായീകരിച്ചുള്ള കമന്റായിരുന്നു അത്. അതിന് മറുപടി എന്നോളമായിരുന്നു ആ പോസ്റ്റ്. ‘എന്തിനാ ചേട്ടാ ഇത്ര വിഷമം, ഞാനൊക്കെ എന്റെ മണ്ണില്‍ അധ്വാനിച്ച് ഉണ്ടാക്കുന്നത് ആന നശിപ്പിക്കുന്നത് ചേട്ടന്‍ കണ്ടിട്ടുണ്ടോ?’ ഇതായിരുന്നു ആ വാര്‍ത്തക്ക് കീഴില്‍ വന്ന കമന്റ്. അതിന് മറുപടിയായാണ് താരത്തിന്റെ പോസ്റ്റ്.

‘ഈ വാര്‍ത്തയ്ക്കടിയില്‍ വന്ന ഒരു കമന്റാണ്. എന്റെ മണ്ണ് എന്ന് അയാള്‍ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ ? ഭൂമി മനുഷ്യന്റെ മാത്രമാണോ ? വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടില്‍ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകള്‍ക്കിടയില്‍ അവെയര്‍നസ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ജംഗിള്‍ സ്പീക്ക്‌സ് എന്ന പേരില്‍ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉള്‍ക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചര്‍ച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.’-എന്നായിരുന്നു ആ കമന്റും വാര്‍ത്തയും അടക്കമുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ ചൂണ്ടി കാണിച്ച് അദ്ദേഹം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button