CinemaGeneralLatest NewsMollywoodNEWS

നിർജീവമായി കിടന്ന തിയറ്റർ വ്യവസായത്തെ തിരിച്ചുകൊണ്ടുവന്നു ; മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറഞ്ഞ് തിയറ്റർ ഉടമകൾ

മമ്മൂക്കയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്, തിയറ്റർ ഉടമകൾ

കോവിഡ് മൂലം പ്രതിസന്ധിയിലായ തിയറ്റർ വ്യവസായത്തെ തിരിച്ചുകൊണ്ടുവന്ന നടൻ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംസ്ഥാനത്തെ തിയറ്റർ ഉടമകൾ. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ നേരിട്ടെത്തിയാണ് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി എം.സി. ബോബി എന്നിവര്‍ നന്ദി അറിയിച്ചത്.

‘’ഈ ഒരു അവസ്ഥയിൽ നിർജീവമായി കിടന്ന തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം തന്ന് സഹായിച്ച മമ്മൂക്കയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളിലും അങ്ങേയറ്റം ക്ഷമയോടെ സ്വന്തം ചിത്രത്തെ ഒടിടിക്കുപോലും വിൽക്കാതെ തിയറ്ററുകളിലേയ്ക്ക് നൽകിയ നിർമാതാവ് ആന്റോ ജോസഫിനോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.’’–ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സെക്കൻഡ് ഷോ അനുവദിച്ചതിന് പിന്നിൽ മമ്മൂട്ടിയുടെ പങ്കുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്നായിരുന്നു താരത്തിന്റെ പുതിയ ചിത്രം ദി പ്രീസ്റ്റ് തിയേറ്ററിൽ റിലീസിനെത്തിയതും. ഇതോടെ പഴയതുപോലെ ആളുകൾ തിയേറ്ററിലേക്ക് എത്താനും തുടങ്ങി. ചിത്രം ഗംഭീര വിജയമാണ് നേടിയത്. ആദ്യ ദിനം തന്നെ സിനിമയുടെ എല്ലാ പ്രദർശനവും ഹൗസ് ഫുൾ ആയിരുന്നു.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമയുടെ കഥയും സംവിധാനവും. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രവുമാണ് ദ് പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി. ഉണ്ണിക്കൃഷ്ണന്റെ ആര്‍ ഡി ഇല്യുമിനേഷന്‍സും വി.എന്‍. ബാബുവും സഹനിർമാതാക്കളാണ്.

നിഖില വിമല്‍, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുൽ രാജ്

shortlink

Related Articles

Post Your Comments


Back to top button