CinemaGeneralLatest NewsMollywoodNEWS

സിനിമയ്‌ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു ; ‘ബിരിയാണി’ സംവിധായകൻ

സൂപ്പർ സെൻസർ ബോർഡ് ചമഞ്ഞ് ചില തിയേറ്ററുകൾ സിനിമയുടെ പ്രദർശനം തടയുകയാണെന്ന് സജിൻ

കോഴിക്കോട്: സംസ്ഥാന ദേശീയ പുരസ്കാരങ്ങളും അൻപതോളം അന്താരാഷ്ട്രമേളകളിലെ അംഗീകാരങ്ങളും നേടിയ ‘ ബിരിയാണി’ എന്ന സിനിമയുടെ പ്രദർശനം തടയാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ സജിൻ ബാബു. സൂപ്പർ സെൻസർ ബോർഡ് ചമഞ്ഞ് ചില തിയേറ്ററുകൾ സിനിമയുടെ പ്രദർശനം തടയുകയാണെന്ന് സജിൻ ബാബു പ്രസ് ക്ലബ്ബിലെ ‘മുഖാമുഖ’ ത്തിൽ പറഞ്ഞു.

സജിൻ ബാബുവിന്റെ വാക്കുകൾ

‘പ്രേക്ഷകരെത്തിയിട്ടും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാവാത്ത അനുഭവം കോഴിക്കോട്ടും ആറ്റിങ്ങലും കൊല്ലത്തും മറ്റുമുണ്ടായി. പ്രതിഷേധം ഉയർന്നപ്പോഴാണ് സിനിമ കാണിക്കാമെന്ന് സമ്മതിച്ചത്. ഏതെങ്കിലും രംഗംമാത്രം കണ്ട് ഈ സിനിമ പ്രേക്ഷകർ കാണേണ്ട എന്ന് ചിലർ തീരുമാനിക്കുന്ന സ്ഥിതിയാണ്. ഭയമോ സദാചാരപ്രശ്നമോ ആണോ ഇതിനു കാരണമെന്നറിയില്ല. സിനിമയ്‌ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായാണ് അനുഭവം. സൂക്ഷ്മമായി സിനിമ കണ്ട് വിലയിരുത്തുന്നവർക്കാർക്കും ഇതേതെങ്കിലും വിഭാഗത്തിനെതിരാണെന്നു കാണാനാവില്ല.

താൻ നേരിട്ടുകണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങളാണ് ‘ ബിരിയാണി’ യിലുള്ളത്. ഐ.എഫ്.എഫ്.കെ.യിലും ഇന്ത്യൻ പനോരമയിലും ആദ്യം ഈ സിനിമയെ തഴയുന്ന സമീപനമാണുണ്ടായത്. വിദേശമേളകളിൽ അംഗീകാരങ്ങൾ നേടിയതോടെയാണ് ഇവിടെയും പരിഗണിക്കപ്പെട്ടത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തെ കാണികളുണ്ടായിട്ടും തിയേറ്ററുകളിൽ ഒഴിവാക്കുന്ന സമീപനം കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം ഏതുവിധത്തിലാണെന്നതിന്റെ സൂചനയാണ്. സിനിമയുടെ ഒ.ടി.ടി. റിലീസിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും’ സംവിധായകൻ പറഞ്ഞു.

നേരത്തെയും സിനിമയുടെ പ്രദര്ശനവുമായി ബന്ധപ്പെട്ട് സജിൻ ബാബു രംഗത്തെത്തിയിരുന്നു. കോഴിക്കോട് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ആർപി മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്‌തിരുന്നതായും എന്നാൽ അവസാന നിമിഷം സിനിമ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് തിയറ്റർ മാനേജ്‌മെന്റ് അറിയിച്ചതായും. സദാചാര പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തന്റെ സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചതെന്നും സജിൻ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button