GeneralLatest NewsMollywoodNEWS

അദ്ദേഹം എന്നോട് അന്ന് രണ്ട് കഥകൾ പറഞ്ഞു ; ക്രിസോസ്റ്റം തിരുമേനിയുടെ ഓർമ്മകളുമായി മാലാ പാർവ്വതി

മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അർപ്പിച്ച് നടി മാലാ പാര്‍വ്വതി. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ ഒരിക്കൽ അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖത്തെ കുറിച്ചും മാല പറയുന്നു.

അൽപ്പം ഭയത്തോടു കൂടി ചെന്നെങ്കിലും അഭിമുഖം ആരംഭിച്ചപ്പോൾ അത് മാറിയെന്നും, അദ്ദേഹം പറയുന്ന ഓരോ കഥകളും അനുഭവങ്ങളും കേട്ട് നിര്‍ത്താതെ ചിരിച്ചതിനെ കുറിച്ചും മാല പറയുന്നു. ഇന്ത്യൻ എക്സ്പ്രസിലൂടെയായിരുന്നു മാല ഇക്കാര്യം പങ്കുവെച്ചത്.

മാലാ പാർവ്വതിയുടെ വാക്കുകൾ

‘രണ്ടര മണിക്കൂർ അദ്ദേഹം സംസാരിച്ചു. ഏതാണ്ട് മുഴുവൻ സമയവും ഞാൻ ചിരിക്കുകയായിരുന്നു. കുറച്ച് നേരം ചിരി അടക്കാൻ ശ്രമിച്ചു. പിന്നെ, ചിരി അടക്കാനൊന്നും സാധിച്ചില്ല, മനുഷ്യരായിട്ടുള്ളവർക്ക് പറ്റില്ല.

അന്ന് അദ്ദേഹം എന്നോട് രണ്ട് കഥകള്‍ പറഞ്ഞു. ഒരിക്കൽ ‘ഗൾഫ് റിട്ടേൺഡ്’ ആയ ഒരു ധനികൻ അദ്ദേഹത്തിനോട് വിഷമം പറഞ്ഞതിനെ കുറിച്ചാണ്. വിദേശത്ത് നിന്ന് കൊണ്ട് വന്ന, വില കൂടിയ കാർ ഓടിക്കാൻ ഒരു ഡ്രൈവറെ കിട്ടുന്നില്ല. എങ്ങനെയുള്ള ആളെ ആണ് വേണ്ടത് എന്ന് തിരുമേനി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ് തുടങ്ങി. ‘കുടുംബത്തിൽ പിറന്നതായിരിക്കണം, നമ്മുടെ വീടുമായി സഹകരിക്കേണ്ടതല്ലേ? ഇംഗ്ലീഷ് അറിയണം, ബാങ്കിൽ ഒക്കെ പോകേണ്ടി വരും. കാണാൻ നല്ലതാവണം. നമ്മുടെ കൂടെ ഒക്കെ എവിടെയെങ്കിലും പോകുമ്പോൾ മറ്റുള്ളവർക്ക് നല്ല മതിപ്പ് തോന്നണം. ഡ്രൈവിംഗും അറിയണം.’ ഒട്ടും താമസിയാതെ തിരുമേനി മറുപടി പറഞ്ഞു. ‘ഒരാളാളുണ്ട്, ഞാനൊന്ന് വിളിച്ച് നോക്കാം. നന്നായി വണ്ടി ഓടിക്കും. പിന്നെ ഈ പറഞ്ഞ ഗുണങ്ങളെല്ലാമൊണ്ട്. ബാബു പോൾ IAS. ഇപ്പൊ റിട്ടയർ ചെയ്തു. ഞാൻ ഒന്നു ചോദിച്ച് നോക്കാം. നിങ്ങടെ വീട്ടിലേക്കായത് കൊണ്ട് സമ്മതിക്കാനാണ് സാധ്യത’

മറ്റൊരിക്കൽ തിരുമേനിയോട് ഒരാൾ തന്റെ മകന് കല്യാണം കഴിക്കാൻ ഒരു പെൺകുട്ടിയെ അന്വേഷിച്ച് കൊടുക്കണമെന്ന് അപേക്ഷിച്ചു. പെണ്ണിന് വേണ്ട ഗുണങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ തിരുമേനി പറഞ്ഞ് പോലും… ഇത് പോലെ ഒരു പെൺകൊച്ച് ഉണ്ടായിരുന്നെങ്കിൽ, തിരുമേനി അച്ചനാകാൻ ഇറങ്ങി പുറപ്പെടില്ലായിരുന്നു എന്ന്’.ഇന്റര്‍വ്യൂവിന് വരുന്ന എല്ലാവരും, തിരുമേനി മരിച്ച് പോകും എന്ന് വിചാരിച്ചാണ് വരുന്നതെന്നും, എന്നാൽ നിങ്ങൾ എല്ലാം മരിച്ചാലും ഞാന്‍ മരിക്കില്ല എന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഒടുവില്‍ അദ്ദേഹവും ഇവിടം ഉപേക്ഷിച്ച് പോയി. മറക്കാനാവാത്ത മൂന്ന് മണിക്കൂർ. വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയില്ല. അത്രയും ദൈവ ചൈതന്യം. എല്ലാറ്റിലും ഈശ്വരനെ കാണുന്നതിന്റെ തൃപ്തിയും പ്രഭയുമായിരുന്നു അദ്ദേഹം. തിരുമേനിക്ക് നിത്യശാന്തി നേരുന്നു’ – മാലാ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button