CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

‘നായാട്ട്’ ദലിത് വിരുദ്ധ സിനിമയോ ? കുറിപ്പ് ശ്രദ്ധേയമാകുന്നു

വിരുദ്ധതാന്വേഷണങ്ങള്‍ക്കപ്പുറം വേറിട്ടൊരു ഭാവുകത്വത്തിന്റെ വെളിച്ചത്തില്‍ ഈ സിനിമ കാണേണ്ടതുണ്ട്

കുഞ്ചാക്കോ ബോബൻ ജോജു ജോർജ്ജ് നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വരുന്ന നായാട്ടിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

എന്നാൽ സിനിമയെ വിമർശിച്ചും പ്രശംസിച്ചും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. അക്കൂട്ടത്തിൽ ചിത്രം ദലിത് വിരുദ്ധത ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ നായാട്ട് ദലിത് വിരുദ്ധ സിനിമയായി തോന്നിയില്ല എന്ന് തുടങ്ങുന്ന രേണുകുമാർ കുറിച്ച ഒരു വിമർശനകുറിപ്പാണ്  ശ്രദ്ധ നേടുന്നത്.

രേണുകുമാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

‘നായാട്ട് ദലിത് വിരുദ്ധ സിനിമയായി തോന്നിയില്ല. ഇതര സമൂഹങ്ങളെപ്പോലെ തന്നെ ഭാവുകത്വപരമായ ബഹുസ്വരതയുള്ള സാമൂഹ്യവിഭാഗമാണ് ദലിതരും.”ചരിത്രപരവും അനുഭവപരമായും മറ്റും അവരെ കണ്ണിചേര്‍ക്കുന്ന പൊതുഘടകങ്ങള്‍ പലതുണ്ടെങ്കിലും രാഷ്ട്രീയപരമായും ഭാവുകത്വപരമായും അവരുടെ നിലയും നിലപാടുകളും വ്യത്യസ്തമാകുന്നതില്‍ അസ്വഭാവികതയോ അപാകതയോ ദര്‍ശിക്കേണ്ടതില്ല എന്നുതോന്നുന്നു. പൊതുസമൂഹത്തില്‍ ജാതീയവിവേചനം അനുഭവിക്കുമ്പോഴും ദലിത് പുരുഷന്മാര്‍ ദലിത് സമൂഹത്തിലും കുടുംബത്തിലും പൊതുസമൂഹത്തിലെ പുരുഷന്മാരുടേതിന് തുല്യമായ സ്ത്രീവിരുദ്ധത

കൈയാളുന്നവരാണ്.”സാമൂഹ്യജീവിതത്തില്‍ ദലിതര്‍ നേരിടുന്ന ഹിംസകളെല്ലാം ദലിതേതരില്‍നിന്ന് മാത്ര മാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ദലിതര്‍ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങളിലും നീതിയും അനീതിയും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടാവാം. നീതിയര്‍ഹിക്കുന്നവര്‍ക്ക് അത് നഷ്ടമായെന്നുവരാം. വ്യവസ്ഥാപിത താല്‍പ്പര്യമുള്ള ഭരണകൂടവും അതിന്റെ വിവിധങ്ങളായ അധികാര രൂപങ്ങളും തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ഈ സാമൂഹ്യ-ആഭ്യന്തര പ്രശ്നത്തെ ഉപയോഗിക്കുകയും ചെയ്തേക്കാം. അതാണ് യാഥാര്‍ത്ഥ്യം. അതാണ് ഇവിടെ നടന്നുവരുന്നതും.”ഇത്തരമൊരു സങ്കീര്‍ണ്ണ പ്രശ്നത്തെ/സന്ദര്‍ഭത്തെ മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്ന സിനിമയായിട്ടാണ് ‘നായാട്ട്’ എനിക്ക് അനുഭവപ്പെട്ടത്. മലയാളസിനിമ സ്വാഭാവികമായി പേറുന്ന ദലിത് വിരുദ്ധതകളൊന്നും എനിക്ക് ‘നായാട്ടി’ല്‍ കാണാന്‍ കഴിഞ്ഞില്ലെന്നത് എന്റെ പരിമിതിയാവാമെങ്കിലും അതായിരുന്നു യാഥാര്‍ത്ഥ്യം. അടുത്തകാലത്തൊന്നും മുന്നോട്ടാഞ്ഞിരുന്ന് ഞാനൊരു മലയാള സിനിമ കണ്ടിട്ടില്ല. വിരുദ്ധതാന്വേഷണങ്ങള്‍ക്കപ്പുറം വേറിട്ടൊരു ഭാവുകത്വത്തിന്റെ വെളിച്ചത്തില്‍ ഈ സിനിമ കാണേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

”മുഖ്യധാര മലയാളസിനിമ നാളിതുവരെ സ്വാഭാവികമായി അഭിമുഖീകരിക്കാതിരുന്ന/ചിത്രീകരിക്കാതിരുന്ന ഒരു ദലിത് സാമൂഹ്യാന്തരീക്ഷവും ലോകവും ജീവിതവും ഏറെക്കുറെ യഥാതഥമായി ഈ സിനിമ അവതരിപ്പിക്കുന്നുണ്ട്. ഒരു കലാവസ്തു എന്ന നിലയില്‍ ഈ സിനിമയും പലനിലകളില്‍ കാണേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്. അതിനുള്ള അവസരവും സ്വാതന്ത്ര്യവും ഏവര്‍ക്കും ഉണ്ടാവേണ്ടതാണ്. ‘നായാട്ട്’ എന്നെ കലാത്മകമായും സര്‍ഗ്ഗാത്മകമായും സിനിമാറ്റിക്കായും ബാധിച്ചില്ലെന്ന് പറഞ്ഞാല്‍ അതൊരു നുണയാവും. ഈ സിനിമയില്‍ ദലിത് വിരുദ്ധതയൊന്നും കാണാന്‍ എനിക്കൊട്ട് കഴിഞ്ഞതുമില്ല.”ഷാഹി കബീറിന്റെ സ്ക്രിപ്റ്റും മാര്‍ട്ടിന്റെ സംവിധാനവും നടീനടന്മാരുടെ അഭിനയവും (അര്‍പ്പണവും) സംഗീതവും ക്യാമറയും എഡിറ്റിംഗും മറ്റും എന്റെ കാണിമനസ്സില്‍ നന്നായി കൊണ്ടുകേറി. യമയുടെ പോലീസ് ഓഫീസറേയും അര്‍ച്ചനയുടെ പാട്ടുകാരിയേയും കാണാന്‍ കഴിഞ്ഞത് പ്രത്യേക ഹരമുണ്ടാക്കി. വളരെക്കാലം കൂടിയാണ് ഒരു മലയാളസിനിമ കണ്ടിട്ട് ഉറക്കം നഷ്ടപ്പെടുന്നത്. കാണിയെ നായാടുന്ന/പിന്തുടരുന്ന സിനിമയാണ് നല്ലസിനിമ. ‘നായാട്ടി’ല്‍ അതിനുള്ള വകുപ്പുണ്ട്. ഉറക്കമൊക്ക ഇനിയുമാകാമല്ലോ.

shortlink

Related Articles

Post Your Comments


Back to top button