InterviewsLatest NewsNEWS

‘ഇരുപത്തിയഞ്ച് വര്‍ഷമായി ഇതേ ജോലി ചെയ്യുന്നു, വിമർശനം കൊണ്ട് തളരുന്നയാളല്ല’: ഗോപി സുന്ദര്‍

തിരുവനന്തപുരം : തന്നെ പലരും കോപ്പി സുന്ദര്‍ എന്ന് വിളിക്കുന്നുണ്ടെന്നും, എന്നാല്‍ അത് കണ്ടാലെ കുഴപ്പമുള്ളൂവെന്നും സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ഇത് പറഞ്ഞത്.

‘എന്നെ എല്ലാവരും കോപ്പി സുന്ദര്‍ വിളിക്കുന്നുണ്ട്. ഇനി എന്ത് ചെയ്യുമെന്ന് ചിന്തിക്കാതെ ഇരിക്കണം. കാരണം ഞാനിത് തുടങ്ങിയിട്ട് കുറേ കാലമായി. ഇരുപത്തിയഞ്ച് വര്‍ഷമായി ഇതേ ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇതെന്നെ ബാധിക്കില്ല. ഞാന്‍ പെട്ടെന്ന് പൊട്ടി മുളച്ച്‌ വന്നതാണെങ്കില്‍ അയ്യോ എന്ന് പറഞ്ഞ് തലയും കുത്തി വീഴും. ആളുകള്‍ എന്ത് പറയുമെന്ന് ഒട്ടും ആലോചിക്കാത്ത ആളാണ് ഞാന്‍. ഞാനിവിടെ വന്നത് ഒറ്റക്കാണെന്നേ ചിന്തിക്കാറുള്ളു’- ഗോപി സുന്ദര്‍ പറഞ്ഞു.

‘ഇവിടുന്ന് പോകുമ്പോഴും ഒറ്റയ്ക്ക് ആയിരിക്കും. നിങ്ങളാരും എനിക്ക് കമ്പനി തരില്ല. അതുപോലെ എല്ലാവരും അങ്ങ് വിചാരിച്ചാല്‍ മതി. പത്ത് പേര്‍ എന്നെ അങ്ങനെ പറഞ്ഞത് കൊണ്ട് തളരുന്ന ആളല്ല. അങ്ങനെ ആയിരുന്നെങ്കില്‍ എപ്പോഴെ തളര്‍ന്ന് കിടന്നേനെ. എഴുപത്തിയഞ്ചോ എണ്‍പതോ സിനിമകളില്‍ അസിസ്റ്റന്റ് ആയതിന് ശേഷമാണ് ഞാന്‍ സ്വന്തമായെന്ന് ചെയ്യുന്നത്.

ആ സിനിമകള്‍ക്ക് വേണ്ടി പതിനാല് വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. അത്രയും വര്‍ഷങ്ങള്‍ ഒരോ മൂലയിലും മാറി മാറി നിന്നാണ് ഞാന്‍ വന്നത്. അത്രയും താഴെ നിന്നും അടി കിട്ടി വന്നയാളാണ് ഞാന്‍. അതോണ്ട് ഇതൊന്നുമൊരു അടിയല്ല. എന്നെ സംബന്ധിച്ച്‌ ഇതൊരു പുഷ്പം പോലെയാണ്. ഈ ചോദ്യത്തിന് തന്നെ പ്രസക്തിയില്ല’- ഗോപി സുന്ദര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button