GeneralLatest NewsNEWS

സൗന്ദര്യ സംരക്ഷണത്തിനും മേക്കപ്പിനും അനന്യ പാണ്ഡെ ടിപ്‌സ്

മുംബൈ : നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. 2019- ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനന്യ അതേ വർഷം തന്നെ പതി പട്‌നി ഔർ വോ എന്ന ചിത്രത്തിലും അഭിനയിച്ചു . പൊതുവെ മേക്കപ്പ് ലുക്കുകളോട് വിമുഖത കാണിക്കാത്ത താരമാണ് അനന്യ പാണ്ഡെ, പ്രത്യേകിച്ചും അവാർഡ് ചടങ്ങുകളിൽ. ഗ്ലാമറസ് ലുക്കുകൾ ഇഷ്ടമാണെന്നും മേക്കപ്പ് ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതുമെല്ലാം ആസ്വദിക്കാറുണ്ടെന്നും വോഗിന് നൽകിയ അഭിമുഖത്തിൽ അനന്യ പറഞ്ഞിരുന്നു. അനന്യ പാണ്ഡെ വ്യക്തമാക്കിയ ചില മേക്കപ് ടിപ്പുകൾ നോക്കാം.

അനന്യയുടെ വാക്കുകൾ:

‘കണ്ണുകൾ എടുത്തു കാണിക്കാനും ഭംഗി വർധിപ്പിക്കാനും കാജൽ പെൻസിൽ സഹായിക്കും. കണ്ണിന്റെ ഉൾഭാഗത്ത് വെള്ള ഐ ലൈനർ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് തിളക്കം നൽകുന്നു. എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഈ ടിപ് നൽകിയത്. ഇത് എനിക്ക് ഫലപ്രദമാണെന്നു തോന്നി. അതിനുശേഷം എനിക്ക് മേക്കപ്പ് ചെയ്യുന്ന എല്ലാവരോടും ഇക്കാര്യം പറയാറുണ്ട്. സ്മോകി അല്ലെങ്കിൽ ക്യാറ്റ് ഐ മേക്കപ്പ് ആണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കാറുള്ളത്. പച്ച, പിങ്ക്, നീല നിറത്തിലുള്ള ഐ ഷാഡോകൾ എവിടെയും തിളങ്ങാൻ സഹായിക്കും.

പിങ്ക് നിറത്തിലുള്ള ബ്ലഷ്‍‍ഡ് ലുക്ക് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിക്കവരും കവിളിൽ മാത്രം ബ്ലഷ് ഉപയോഗിക്കുമ്പോൾ മുഖത്തിന് മുഴുവനായി റോസ് നിറം നൽകുന്നതാണ് എന്റെ രീതി. മൂക്ക്, നെറ്റി, കവിൾ, താടി എന്നിവിടങ്ങളിൽ താരം ബ്ലഷ് ഉപയോഗിക്കാറുണ്ട്. മുഖത്ത് വെളിച്ചം പതിയുന്ന ഇടങ്ങളിൽ പിങ്ക് നിറം ഉപയോഗിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. പ്രകൃതിദത്തമായ ബേബി പിങ്ക് നിറമാണ് സ്ഥിരമായി ചുണ്ടുകളിൽ ഉപയോഗിക്കാറുള്ളത്. റെഡ് കാർപറ്റ് ഇവന്റുകളിൽ മാത്രമാണ് ഇതിനു മാറ്റം വരാറുള്ളത്.

പലരുടെയും മേക്കപ്പ് റുട്ടീനിന്റെ ആദ്യ പടി ഫൗണ്ടേഷൻ പുരട്ടലാണ്. എന്നാൽ മുഖത്ത് കൺസീലർ പുരട്ടി, ലൂസ് പൗഡർ ഉപയോഗിച്ച് സെറ്റ് ചെയ്യുന്നതാണ് എന്റെ രീതി. ചർമത്തിലെ മേക്കപ് എടുത്തു കാണാതിരിക്കാൻ ഇതു സഹായിക്കും. ചർമം ആരോഗ്യകരമായി നിലനിർത്തുക എന്നതാണ് പ്രധാനം. അതുകൊണ്ടു തന്നെ പുറത്തക്ക് പോകുമ്പോഴെല്ലാം സൺസ്ക്രീൻ ഉപയോഗിക്കും. ഫെയ്സ് വാഷ് ഉപയോഗിച്ചശേഷം റോസ് വാട്ടർ മുഖത്ത് പുരട്ടുന്നതും ശീലമാണ്.

മേക്കപ്പിൽ കളറുകൾ ഉപയോഗിക്കാൻ വളരെ താല്പര്യമാണ്. എന്റെ അമ്മ ഉപയോഗിച്ചിരുന്ന ബ്രോൺസ്‌ ഷെയ്ഡിലുള്ള മേക്കപ്പ്, ശരീരത്തിൽ പുരട്ടിയിരുന്ന സ്വർണ നിറത്തിലുള്ള ഓയിൽ എന്നിവയുടെ വലിയ ആരാധികയാണ് ഞാൻ. അതൊന്നും ഉപയോഗിക്കാനുള്ള ധൈര്യം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.

പുരികം മുകളിലേക്ക് ചീകുന്നത് ഇഷ്ടമാണ്. കട്ടിയുള്ള പുരികം ആയതുകൊണ്ടുതന്നെ പ്രത്യേകമായി ഒന്നും ചെയ്യാറില്ല എന്നാൽ എപ്പോഴും പുരികം മുകളിലേക്ക് ചീകി വയ്ക്കാൻ ശ്രദ്ധിക്കാറുണ്ട് . ഐ ബ്രോ ഉപയോഗിക്കാൻ സമയം കിട്ടുന്നില്ലെങ്കിലും മുഖത്തിന് ഭംഗി കൂട്ടാൻ ചീകി വച്ച പുരികം സഹായിക്കും ‘- അനന്യ പറഞ്ഞു.

 

shortlink

Post Your Comments


Back to top button