GeneralInterviewsNEWS

‘എന്നെ ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാൻ എനിക്ക് സന്തോഷം തരികയൊള്ളൂ’: കെപിഎസി ലളിത

മലയാളികൾ ഒരുപോലെ നെഞ്ചിലേറ്റിയ നടിയാണ് കെപിഎസി ലളിത. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ കെപിഎസി ലളിത 50 വർഷത്തിലധികമായി കലാ ജീവിതത്തിൽ നിന്നും മാത്രം വരുമാനം കണ്ടെത്തി ജീവിക്കുന്ന പ്രതിഭയാണ്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ താരമാണ് കെപിഎസി ലളിത.

എന്നാൽ അടുത്തിടെയെല്ലാം വാർത്തകളിൽ നിറഞ്ഞത് കെപിഎസി ലളിതയുടെ ചികിത്സയുടെ കാര്യം ആയിരുന്നു. സർക്കാർ നടിയുടെ ചികിത്സാ ചെലവ് വഹിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടപ്പോൾ മറ്റ് ചിലർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സമ്പന്നയായ അഭിനേത്രിയുടെ ചിലവ് എന്തിന് സർക്കാർ വഹിക്കണം എന്ന് വിമർശനവുമായി എത്തി.

ഇപ്പോളാണ് കെപിഎസി ലളിത മനോരമയ്ക്ക് നൽകിയ ഒരു പഴയ അഭിമുഖം ശ്രദ്ധയാകർഷിക്കുന്നത്. തന്റെ ഭർത്താവും പ്രസിദ്ധനായ സംവിധായകനുമായ ഭരതൻ മരിച്ച ശേഷം ജീവിതം കരുപിടിപ്പിക്കാനും മക്കളുടെ പഠനവും ജീവിത ചെലവ് മുമ്പോട്ട് കൊണ്ടുപോകാൻ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചായിരുന്നു ലളിത ആ അഭിമുഖത്തിൽ പറഞ്ഞത്.

ലളിതയുടെ വാക്കുകൾ :

‘വലിയവനെ മല പോലെ വളർത്തുകയും, അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാൻ ഇഷ്ടമാണ്. എന്നെ ഈശ്വരന് കൂടുതൽ ഇഷ്ടമാണ്. ഞാൻ കരയുന്നത് കാണാനാണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം. ഞാൻ അങ്ങനെ വിചാരിക്കാറുണ്ട് ഒത്തിരി പറഞ്ഞതിന് ശേഷമേ എന്റെ കാര്യം നടക്കുകയൊള്ളൂ. എന്നെ ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാൻ എനിക്ക് സന്തോഷം തരികയൊള്ളൂ. എനിക്ക് വേദന കൂടുതൽ കൂടുതൽ തരാനാണ് ഞാൻ ഭഗവാനോട് പറയുക.

വീട്ടിൽ എന്നെ പത്ത് ദിവസത്തിൽ കൂടുതൽ പണി ഇല്ലാതെ ഭ​ഗവാൻ ഇരുത്താറില്ല. നമ്മൾ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ്. ഞാൻ സിദ്ധാർഥ് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ചാർലിയിൽ രണ്ട് ദിവസം പോയി അഭിനയിച്ചു. കാര്യങ്ങൾ നടക്കണ്ടേ. ഭർത്താവിന്റെ മരണ ശേഷം ഞാൻ ആകെ ബ്ലാങ്കായി പോയി. എന്റെ മക്കൾ ആ സമയം വല്ലാതെ പേടിച്ച് പോയി. സ്ഥലം വിൽക്കാനായി തീരുമാനിച്ച ശേഷം അതിന്റെ അഡ്വാൻസ് വാങ്ങിയാണ് അന്ന് ഞങ്ങൾ ചിലവ് നടത്തികൊണ്ടിരുന്നത്.

സത്യൻ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ ആകില്ല എന്ന തോന്നൽ ആയിരുന്നു. എങ്കിലും ആളുകളുടെ നിർബന്ധം കൊണ്ടാണ് ഞാൻ അഭിനയിക്കാൻ പോയത്. ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോൾ തലക്ക് പെരുപ്പാണ്’ – കെപിഎസി ലളിത പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button