GeneralLatest NewsNEWS

മോഹൻലാലിൻറെ ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി

മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും ഡേറ്റ് പ്രശ്നങ്ങൾ മൂലം പൃഥ്വിരാജ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ. ബ്ലെസിയുടെ ‘ആടുജീവിത’ത്തിൽ ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽ മാറ്റിവയ്‌ക്കേണ്ടി വരും എന്ന കാരണങ്ങളാൽ ആണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.

കോവിഡ് സാഹചര്യങ്ങളാൽ ‘ബറോസിന്റെ’ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.

പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമുള്ള കാരണങ്ങളാൽ ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്ന ഷെയ്‌ല മാക് കഫ്രിയുടെ പ്രായവും വളർച്ചയും ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

 

 

 

shortlink

Related Articles

Post Your Comments


Back to top button