InterviewsLatest NewsNEWS

‘സിനിമയെ പതുക്കെ മനസ്സിലാക്കി വരുന്നതേയുള്ളൂ, അതുകൊണ്ട് തന്നെ എൻ്റെ വളർച്ചയും പതിയെയാണ്’: ശ്രുതി രാമചന്ദ്രന്‍

പ്രേതം സിനിമയിലെ പ്രേതമായി വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ശ്രുതി രാമചന്ദ്രന്‍. രഞ്ജിത്തിൻ്റെ ‘ഞാൻ’ എന്ന സിനിമയിലൂടെയാണ് ശ്രുതി വെള്ളിത്തിരയിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. സുശീല എന്ന കഥാപാത്രത്തെയായിരുന്നു ശ്രുതി അവതരിപ്പിച്ചത്. പിന്നീട് പ്രേതം, സൺഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇതിനിടെ ‘ഡിയർ കോമ്രേഡ്’ എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവർക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആർട്ടിസ്റ്റും തിരക്കഥാകൃത്തുമൊക്കെയായ ശ്രുതി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ട്വന്റിഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെ.

ശ്രുതിയുടെ വാക്കുകൾ:

അഭിനയത്തിനു മുൻപ് ആർക്കിടെക്ട് ആയിരുന്നു. പ്രൊഫസർ ആയിരുന്നു. ആ ലൈഫും സൂപ്പറായിരുന്നു. മാസ്റ്റേഴ്സ് ചെയ്യുന്നതിനു മുൻപായിരുന്നു എൻ്റെ ആദ്യത്തെ സിനിമ, ‘ഞാൻ’ ചെയ്യുന്നത്. അത് പക്ഷേ, എനിക്ക് സിനിമയോട് സ്നേഹമില്ലാത്ത സമയത്ത് ചെയ്ത സിനിമ ആയിരുന്നു. സിനിമ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. എൻ്റെ പൊട്ടത്തരം കാരണം ഒരു സെറ്റിൽ നാല് പേരേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതിയത്. സിനിമയെ പതുക്കെപ്പതുക്കെ മനസ്സിലാക്കി വരുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ എൻ്റെ വളർച്ചയും പതിയെയാണ്. ഇഷ്ടം കൂടിയതുകൊണ്ടുള്ള പോസിറ്റീവ്‌സാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇങ്ങനെ പതിയെ വരുന്നതാണ് എനിക്കും ഇഷ്ടം. എൻ്റെ ജീവിതത്തിലും എല്ലാം അങ്ങനെയായിരുന്നു. പഠിച്ചുവരാൻ ഒരു സമയം വേണമല്ലോ. ഇനിയും നല്ല പ്രൊജക്ടുകൾ വരട്ടെയെന്ന് ആഗ്രഹിക്കുന്നു.

ജയേട്ടനാണ് എനിക്ക് സിനിമയോടുള്ള സ്നേഹം ക്രിയേറ്റ് ചെയ്തത്. എന്നെ എവിടേയോ വച്ച് കണ്ടിട്ട് ‘സിനിമയിൽ അഭിനയിക്കാമോ, പ്രേതത്തിൻ്റെ ലക്ഷണമുണ്ട്’ എന്ന് ജയേട്ടൻ പറഞ്ഞു. എനിക്ക് തീരെ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. ആദ്യത്തെ എക്സ്പീരിയൻസിനു ശേഷം എനിക്ക് സിനിമ ചെയ്യാൻ കഴിയുമെന്ന് തോന്നിയില്ല. ജയേട്ടൻ വീണ്ടും നിർബന്ധിച്ചു. രഞ്ജിത്തിനെ ഒന്ന് കണ്ട് കണക്ടായാൽ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. എന്തായാലും കണക്ടാവില്ല. നമ്മൾ രണ്ട് പേരുടെയും സമയം എന്തിന് കളയുന്നു എന്നായിരുന്നു എൻ്റെ ചോദ്യം. എന്തായാലും ഒന്ന് കാണൂ എന്ന് ജയേട്ടൻ നിർബന്ധിച്ചു. അങ്ങനെ രഞ്ജിത്തേട്ടനുമായി മീറ്റ് ചെയ്തു. സ്ക്രിപ്റ്റ് കേട്ടപ്പോൾ കുഴപ്പമില്ലെന്ന് തോന്നി. ഷൂട്ടിംഗിനിടെ എല്ലാ ദിവസവും ഒരു ക്ലാസ് പോലെയായിരുന്നു. കാര്യങ്ങളൊക്കെ ജയേട്ടൻ വിശദീകരിച്ച് തരുമായിരുന്നു. അത് എനിക്ക് വലിയ സഹായമായി. അതുകൊണ്ട് തന്നെ പ്രേതം എന്ന സെറ്റ് എനിക്ക് വലിയ ഊർജമായി.

എനിക്ക് മുംബൈയിൽ ഒരു ജോലി ഉണ്ടായിരുന്നു. അപ്പോൾ ഫ്രാൻസിസ് കൊച്ചിയിലേക്ക് മാറുകയാണെന്ന് പറഞ്ഞു. പക്ഷേ, എനിക്ക് അതിനു കഴിഞ്ഞില്ല. സിനിമയിൽ എന്ത് ഉറപ്പുണ്ടെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഒരു വർഷമെന്ന് പറഞ്ഞാണ് കൊച്ചിയിലെത്തിയത്. വർക്കൗട്ടായില്ലെങ്കിൽ മാറാമെന്ന് ഫ്രാൻസിസ് പറഞ്ഞു. ഇപ്പോൾ അഞ്ച് കൊല്ലമായി ഇവിടെത്തന്നെയുണ്ട്.

 

shortlink

Post Your Comments


Back to top button