Latest NewsNEWSSocial Media

മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ, ദഹനക്കേടിന് അത് പോരാ.. കലയെ വര്‍ഗീയതയുമായി കൂട്ടി കുഴയ്ക്കരുത് : വിവേക് ഗോപന്‍

ഉണ്ണി മുകുന്ദന്റെ മേപ്പടിയാനിൽ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതും മുസ്ലിമായ വില്ലന്‍ എത്തിയതും എല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു. സംവിധായകന്‍ വിഷ്ണു മോഹന്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇപ്പോൾ മേപ്പടിയാന്‍ ചിത്രത്തിലെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ വിവേക് ഗോപന്‍. കലയെ വര്‍ഗീയതയുമായി കൂട്ടി കുഴക്കരുതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ ധ്രുവം എന്ന ചിത്രം ഇറങ്ങിയ സമയത്ത് ഇല്ലാതിരുന്ന വിവാദങ്ങളാണല്ലോ ഇപ്പോള്‍ ഉയരുന്നത് എന്നാണ് വിവേക് ഗോപന്‍ ചോദിക്കുന്നത്.

വിവേക് ഗോപന്റെ കുറിപ്പ്:

മേപ്പടിയാന്‍ എന്ന സിനിമയില്‍ കൊളുത്തിയ വിളക്ക് വര്‍ഗീയ വിളക്കാണത്രേ??.. അതില്‍ ഉടുത്തിരിക്കുന്ന കറുപ്പ് വര്‍ഗീയ കറുപ്പാണെന്നും ഉപയോഗിച്ച ആംബുലന്‍സ് വര്‍ഗീയ ആംബുലന്‍സ് ആണെന്ന് അത് ഓടിച്ച റോഡ് വര്‍ഗീയ റോഡ് ആണെന്നും ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ജയകൃഷ്ണന്‍ വര്‍ഗീയത നാല് വീതം മൂന്ന് നേരം ആഹാരത്തിനു ശേഷം വിഴുങ്ങുന്നതാണെന്നും അതിലെ ഒരു വില്ലന്‍ വേഷക്കാരന്‍ അഷ്റഫ് ഹാജി മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന ആള്‍ ആണെന്നും അത് ഒരു വിഭാഗത്തെ ആക്ഷേപിക്കുകയാണെന്നും ഓരിയിടുന്നവരോടും വലിയ ചന്ദനാദി എണ്ണ തലയില്‍ തേക്കാത്തവരോടും ഒന്ന് ചോദിച്ചോട്ടെ……

നിങ്ങള്‍ ‘ധ്രുവം’ എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ (ഇത് മാത്രമല്ല നിരവധി സിനിമകള്‍ ഉദാഹരണങ്ങളായി ഉണ്ട്).. അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല, പൂജ ചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങള്‍ ആയിരുന്നല്ലോ..

അതിലെ വില്ലനായ ഹൈദര്‍ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയില്‍ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വര്‍ഗീയത കാണാത്തവര്‍ ഇന്ന് വര്‍ഗീയത കാണുന്നെങ്കില്‍ വര്‍ഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്… നിങ്ങളുടെ വര്‍ഗീയ കാര്‍ഡിനെ അതിജീവിച്ചു ജൈത്രയാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും…

ഒന്ന് കണ്ണ് തുറന്നു നോക്കുക.. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ അപ്പാടെ അങ്ങ് വിഴുങ്ങമെന്നു കരുതിയോ? നിങ്ങളുടെ ചിന്താഗതി നശിപ്പിക്കുന്നത് കേരളത്തിന്റെ തനതായ കലാ പാരമ്പര്യത്തെയും ആസ്വാദന സംസ്‌ക്കാരത്തെയുമാണ്…മേപ്പടിയാന്‍ പോലുള്ള നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ… നമ്മുടെ മനസിലും നമ്മുടെ സ്വീകരണ മുറികളിലും അതിനു ഇടം നല്‍കാം.

NB: മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ… ദഹനക്കേടിന് അത് പോരാ..
വെറുതെ കലയെ വര്‍ഗീയതയുമായി കൂട്ടി കുഴക്കരുത്

shortlink

Related Articles

Post Your Comments


Back to top button