InterviewsLatest NewsNEWS

ദിലീപിനെതിരെ വഴിയെ പോകുന്ന ആര്‍ക്കും കേസ് കൊടുക്കാമെന്ന അവസ്ഥ, തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ: സുരേഷ് കുമാര്‍

ദിലീപിന്റെ ഐ ഫോണ്‍ സര്‍വീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ദന്‍ വാഹനാപകടത്തില്‍ മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ എന്നുമാണ് സുരേഷ് കുമാര്‍ ചോദിക്കുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.

സുരേഷ് കുമാറിന്റെ വാക്കുകൾ :

നാളെ ദിലീപിന്റെ കാര്‍ നന്നാക്കിയ വര്‍ക്ഷോപ്പിലെ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ? ഇതെന്തൊരു കഷ്ടമാണ്. ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ?

ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാര്‍ എന്നൊരാള്‍ പ്രത്യക്ഷപ്പെടുന്നു. വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് രേഖപ്പെടുത്തി അതൊരു കേസായി വരുന്നു. പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെയാണ് തോന്നിയത്. ഒരാളെ നശിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറൊന്നും ഇതില്‍ കാണാന്‍ കഴിയില്ല.

എന്നിട്ട് ഇന്‍ഡസ്ട്രി മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ സംഘടനയിലെ ആളുകള്‍ പോലും സംസാരിക്കുന്നില്ല. അവര്‍ക്കൊക്കെ ആരെയോ ഭയമാണ്. ഒരാളെയും അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ കാര്യങ്ങള്‍ നടക്കുന്നത്. ആ അമ്മയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്താമായിരുന്നല്ലോ?

വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയായി. എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോള്‍ പുതുതായി അടിച്ചേല്‍പ്പിക്കപ്പെടുന്നത്. മനഃപൂര്‍വം ഒരാളെ ഫിനിഷ് ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഇതില്‍ കാണാന്‍ കഴിയുന്നില്ല. കോടതിയില്‍ ഒരു കേസ് തീരാറായ സമയത്താണ് പുതിയ കാര്യങ്ങള്‍ എടുത്തുകൊണ്ടു വരുന്നത്.

ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം വച്ചിട്ടല്ലേ ഇപ്പോള്‍ ഈ കാര്യങ്ങള്‍ ചെയ്യുന്നത്? ദിലീപിനെ ക്രിമിനല്‍ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ആരാണ് ഇതിന്റെ പിന്നിലെന്നാണ് അന്വേഷിക്കേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button