GeneralLatest NewsNEWS

എന്തുകൊണ്ട് അവിവാഹിതനായ എനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ: വിവാഹിതനാവാതെ അച്ഛനായി തുഷാർ കപൂർ

ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ജിതേന്ദ്ര കപൂറിന്റെയും സിനിമാനിർമാതാവ് ശോഭ കപൂറിന്റെയും മകനായ തുഷാർ കപൂർ. ഡേവിഡ് ധവാനൊപ്പം ചില സിനിമകളിൽ അസിസ്റ്റന്റായി സിനിമാലോകത്ത് പരിചിതമായതോടെയാണ് അഭിനയരംഗത്തെത്തുന്നത്. 2001-ൽ ‘മുജെ കുച്ച് കെഹ്നാ ഹെ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുഷാർ കപൂർ ചലച്ചിത്രരംഗത്തേക്ക് കടന്നു. കരീനാ കപൂറിന്റെ നായകനായി വന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് തുഷാറിന് ലഭിച്ചു.

ഇപ്പോൾ വിവാഹം കഴിക്കാതെ തന്നെ താനൊരു പിതാവായ കാര്യം തുറന്നു പറയുകയാണ് തുഷാർ. ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ തുഷാർ കപൂറാണ്. വാടകഗർഭധാരണത്തിലൂടെയായിരുന്നു അത്. മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽവെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ശരീരത്തിനുപുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജംകൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്.) അഥവാ കൃത്രിമ ബീജസങ്കലനം വഴി 2016 ജൂണിലാണ് കുട്ടി ജന്മമെടുത്തത്. ഇപ്പോൾ തുഷാർ ലക്ഷ്യ കപൂറിന്റെ അച്ഛനാണ്. തന്റെ പിതൃത്വത്തെ മുൻനിർത്തി ‘ബാച്ചിലർ ഡാഡ്’ എന്ന പുസ്തകത്തിലൂടെ എഴുത്തുകാരനുമായി. അവിവാഹിതനായ അച്ഛനായതിനെപ്പറ്റിയും അത്‌ തന്നിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമാണ്‌ തുഷാർ കപൂർ സംസാരിക്കുന്നത്‌.

തുഷാറിന്റെ വാക്കുകൾ :

ഒരു ജീവിതപങ്കാളി വേണമെന്ന തോന്നൽ എനിക്കുണ്ടായിട്ടില്ല. സിനിമയിലെ അഭിനയവും നിർമ്മാണവും ഉൾപ്പെടെ ഞാൻ എപ്പോഴും തിരക്കിലായിരുന്നു. അതിനിടയിൽ പ്രായമാകുന്നത് ഞാൻ തിരിച്ചറിഞ്ഞില്ല. 39-ാമത്തെ വയസ്സിലാണ് എനിക്കൊരു കുഞ്ഞ് വേണമെന്നു തോന്നിയത്. അങ്ങനെയാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷനിലൂടെ കുഞ്ഞുണ്ടാവുന്നത്. പല പേരുകൾ മനസ്സിലുണ്ടായിരുന്നെങ്കിലും ലക്ഷ്യ എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. എന്റെ ലക്ഷ്യം കൂടിയായിരുന്നു ലക്ഷ്യ.

പ്രായപൂർത്തിയായ ഒട്ടേറെ അവിവാഹിതരായ സ്ത്രീകൾ കുട്ടികളെ വളർത്തുന്നുണ്ട്. മാതൃത്വം ആ അർഥത്തിൽ ആഘോഷിക്കപ്പെടുന്നുമുണ്ട്. എന്തുകൊണ്ട് അവിവാഹിതനായ എനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ എന്ന ചിന്തയിൽനിന്നാണ് കുട്ടി വേണമെന്ന ആലോചനയുണ്ടാവുന്നത്. അമ്മയുടെയും അച്ഛന്റെയും അവസ്ഥയിലൂടെ എനിക്ക് കടന്നുപോകണമെന്നു തോന്നി. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിൽ അത്തരമൊരു ത്രില്ലിലേക്ക് ഞാൻ മാറുകയായിരുന്നു.’

shortlink

Post Your Comments


Back to top button