InterviewsLatest NewsNEWS

മനുഷ്യവികാരങ്ങളിലൂടെ കുറച്ചുകൂടി ആഴത്തിൽ കടന്നുപോകാൻ ശ്രമിച്ചിട്ടുണ്ട്: നാരദന്റെ വിശേഷങ്ങളുമായി ആഷിഖ് അബു

കഥയിലും കഥാപശ്ചാത്തലത്തിലും പുത്തൻ പരീക്ഷണങ്ങൾ നടത്തി വ്യത്യസ്തമായ തലത്തിലേക്ക് മലയാള സിനിമയെ ഉയർത്തിയ സംവിധായകനാണ് ആഷിഖ് അബു. സാൾട്ട് ആൻഡ് പെപ്പറിലും, 22 ഫീമെയിൽ കോട്ടയത്തിലും, ഇടുക്കി ഗോൾഡിലും, മായാനദിയിലും, വൈറസിലുമൊക്കെ ആ വ്യത്യസ്തത മലയാളി പ്രേക്ഷകർ കണ്ടറിഞ്ഞതാണ്.

ടെലിവിഷൻ ജേണലിസത്തിന്റെ കാണാക്കഥകളിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുന്ന കഥയുമായാണ് ഇത്തവണ നാരദനിലൂടെ ആഷിഖ് അബു എത്തുന്നത്. മായാനദിക്കു ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിൽ ടെലിവിഷൻ അവതാരകനായ ചന്ദ്രപ്രകാശായി ടൊവിനോ എത്തുമ്പോൾ അന്ന ബെൻ, ജോയ് മാത്യു, ജാഫർ ഇടുക്കി, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, രൺജി പണിക്കർ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിരതന്നെ കൂട്ടിനുണ്ട്. ‘നാരദൻ’ സിനിമയുടെയും മറ്റ് പുതിയ വിശേഷങ്ങളെക്കുറിച്ചും സംവിധായകൻ ആഷിഖ് അബു സംസാരിക്കുന്നു.

ആഷിഖിന്റെ വാക്കുകൾ:

നമ്മുടെ പുരാണങ്ങൾ നോക്കിയാൽ ആദ്യത്തെ മെസഞ്ചർ (സന്ദേശവാഹകൻ) എന്ന ലേബലുള്ള ആളാണ് നാരദൻ. അതിനെ ഈ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തി ആലോചിച്ചപ്പോൾ ആ പേര് യോജിക്കുമെന്നു തോന്നി. അങ്ങനെയാണ് പ്രചാരകൻ എന്ന അർഥത്തിൽ നാരദൻ എന്ന പേര് ഇടുന്നത്. പല പശ്ചാത്തലത്തിലാണ് നമ്മൾ ഓരോ സിനിമയും ആലോചിക്കാറുള്ളത്. ചിലപ്പോഴത് രാഷ്ട്രീയമാകാം, പോലീസാകാം, വിദ്യാർഥികൾക്കിടയിലാകാം അങ്ങനെ ഓരോ കഥയും വ്യത്യസ്ത പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ മികവുപുലർത്താറുണ്ട്.

ടെലിവിഷൻ ജേണലിസം എന്ന പശ്ചാത്തലം സിനിമയിൽ അധികമാരും ഉപയോഗിക്കാത്തൊരു മേഖലയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. റൺ ബേബി റൺ, ലൗ 24×7 എന്നീ സിനിമകളാണ് മലയാളത്തിൽ മുമ്പ് ടെലിവിഷൻ ജേണലിസം പശ്ചാത്തലമാക്കി വന്നിട്ടുള്ളത്. അതിൽനിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കുറച്ചുകൂടി ആഴത്തിൽ ഈയൊരു മേഖലയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന തോന്നലിൽനിന്നാണ് നാരദൻ എന്ന സിനിമയുണ്ടാകുന്നത്. ഉണ്ണി ആറുമായി ഇക്കാര്യം ചർച്ചചെയ്തപ്പോൾ ഒരു ടെലിവിഷൻ ജേണലിസ്റ്റിന്റെ ജീവിതകഥയ്ക്ക് മലയാളത്തിൽ പ്രാധാന്യമുണ്ടെന്നു തോന്നി. ആദ്യകാല ടെലിവിഷൻ ജേണലിസ്റ്റുകൂടിയാണ് ഉണ്ണി.

ഒരുമുൻവിധിയുമില്ലാതെ കഥാപശ്ചാത്തലത്തെ സമീപിക്കണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് തിരക്കഥ പൂർത്തിയാകുമ്പോഴും ശ്രദ്ധിച്ചിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയുള്ള കുറച്ചധികം സംഭവങ്ങളും കഥാപാത്രങ്ങളുമൊക്കെ ഈ സിനിമയിലുണ്ട്. മനുഷ്യവികാരങ്ങളിലൂടെ കുറച്ചുകൂടി ആഴത്തിൽ കടന്നുപോകാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ ഏതുമേഖലയായാലും വിമർശനം നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ ടെലിവിഷൻ ജേണലിസത്തെക്കുറിച്ച് ക്രിയാത്മകമായ, ധാർമികമായ വിമർശനങ്ങൾ നാരദനിൽ പ്രേക്ഷകർക്ക് കാണാം.’

shortlink

Related Articles

Post Your Comments


Back to top button