CinemaGeneralIndian CinemaLatest NewsMollywood

ഞാൻ ആ പഴയ കാലം ഓർത്ത് പോയി, ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്: വികാരനിർഭരമായ കുറിപ്പുമായി ബിബിൻ ജോർജ്

വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി സി അഭിലാഷ് ഒരുക്കിയ സബാഷ്‌ ചന്ദ്രബോസ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോളിതാ, സിനിമയെ കുറിച്ച് നടൻ ബിബിൻ ജോർജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു കാലം ഓർത്തുപോയെന്നാണ് ബിബിൻ പറയുന്നത്. തിയേറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണെന്നും ബിബിൻ ഫേസ്ബുക്കിൽ കുറിച്ചു.

ബിബിൻ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഇത് എഴുതാൻ തുടങ്ങുമ്പോൾ അല്പം കണ്ണ് നനയുന്നുണ്ട് എനിക്ക്. ഇന്നലെ ‘സബാഷ് ചന്ദ്രബോസ്’ ഒരിക്കൽ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേർന്ന് ഒരു നെടുമങ്ങാടൻ ഗ്രാമത്തിലായിരുന്നു കുറേ നേരം. തിയേറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. തിയേറ്ററിലെ കൂട്ടച്ചിരിയും ഒടുവിൽ പടം കഴിയുമ്പോഴുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂർവ്വകാലം ഓർത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോൾ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ ? ആ സൈക്കിളിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.

വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകൾ. എന്ത് കൊണ്ടായിരിയ്ക്കും അത് ? ആലോചിച്ചപ്പോൾ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലർപ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങൾ. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ ചന്ദ്രബോസിന്റെ കാൾ വരികയാണ്. അഭിനന്ദനങ്ങൾ ഷെയർ ചെയ്യാനാണ്.

shortlink

Related Articles

Post Your Comments


Back to top button