CinemaGeneralIndian CinemaLatest NewsMollywood

‘അതിന് മുൻപ് വരെ എന്റെ ഉള്ളിൽ കുറച്ച് ജീവനേ ബാക്കിയുണ്ടായിരുന്നുള്ളൂ’: ഇന്ദു വി എസിന്റെ കുറിപ്പ്

വിജയ് സേതുപതി, നിത്യ മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ദു വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ’19(1)(എ)’. ഇന്ദുവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടിയായി റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോളിതാ, സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് ഇന്ദു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ താൻ അനുഭവിക്കുന്ന സന്തോഷം വലുതാണെന്നും എന്നാൽ അതിന് മുൻപ് വരെ തന്റെ ഉള്ളിൽ കുറച്ച് ജീവനേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നുമാണ് ഇന്ദു പറയുന്നത്.

Also Read: ജിയോ ബേബിയുടെ ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’: ട്രെയിലർ പങ്കുവച്ച് മമ്മൂട്ടി

ഇന്ദു വി എസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പതിവിലും വലിയ കുറിപ്പാണ്.. !!
കഴിഞ്ഞ മാസം 29 മുതൽ, അതായത് സിനിമയുടെ സ്ട്രീമിങ് തുടങ്ങിയ നേരം മുതൽ, ഈ നിമിഷം വരെ, ഞാൻ അനുഭവിച്ചതൊക്കെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്ന, എന്നും ഓർത്തിരിക്കുന്ന സ്പെഷ്യലായ കാര്യങ്ങളാണ്.. സിനിമയെപ്പറ്റി നല്ലതും മോശവും സമ്മിശ്രവുമൊക്കെയായി വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾ.. ചെറുതും വലുതുമായ വായനകൾ, പുനർവായനകൾ.. എന്തൊരു അഭിമാനവും സന്തോഷവുമാണത്.. നല്കിയ നേരത്തിന്, പങ്കുവെച്ച തോന്നലുകൾക്ക്, നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി, ഞാൻ ദേ ആയിരം തവണ ആവർത്തിക്കുന്നു.

ആമുഖത്തില് ശുഭകരമായ വർത്താനം എഴുതാൻ പറ്റി എന്നുള്ളത് വലിയ കാര്യമായി കരുതുന്നു എങ്കിലും അത്ര ലളിതമല്ലാതിരുന്ന, കഴിഞ്ഞ ഒരു വർഷത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്… എന്റെ മാത്രം കാര്യമായും അല്ലാതെയും എടുക്കാം.. നിങ്ങടെ ഇഷ്ടം പോലെ..
ജീവിതത്തെ, ജീവിക്കുന്ന കാലത്തെ, ചുറ്റുമുള്ള ലോകത്തെ ഇത്രയധികം ആഴത്തിലറിഞ്ഞ ഒരു സമയം എനിക്ക് ഏതയാലും മുൻപ് ഉണ്ടായിട്ടില്ല.. നിരാശകളും തളർച്ചകളുമൊക്കെ ലൈഫിൽ എല്ലാക്കാലവും അനുഭവിക്കുന്നവരാണ് നമ്മളിൽ വലിയ ശതമാനം ആൾക്കാരും..അത്തരം പരാതികൾക്ക് വലിയ സ്ഥാനമില്ലന്ന് മുൻപേ ബോധ്യമെനിക്കുണ്ടെന്നാണ് തോന്നിയിട്ടുള്ളത്..
പക്ഷേ, കഴിഞ്ഞ ഒരു വർഷമുണ്ടല്ലോ.. ഒരിത്തിരി ജീവനേ എന്റെ ഉള്ളിൽ ബാക്കി വച്ചിരുന്നുള്ളൂ .. ഒരു സിനിമ ചെയ്യുന്നു… അതിറങ്ങാൻ വൈകുന്നു.. കാര്യം അന്വേഷിച്ചാൽ ആത്രേയുള്ളൂ.. പക്ഷേ ഞാൻ കാണുന്നത്ര ലാളിതമായല്ല ചുറ്റുമുള്ള ലോകം അത് കണ്ടത്..ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ആളുകൾക്കു നേരെ മാത്രം വീണ്ടും ചോദ്യം ഉന്നയിക്കുന്ന, നിസ്സഹായതായകളില് ഉപദേശങ്ങൾക്ക് മാത്രം ഇടം കണ്ടെത്തിയ, നിശബ്ദതകൾക്ക് പരാജയത്തിന്റെ തലകെട്ടിട്ട ആളുകൾ, സാഹചര്യങ്ങൾ!

മുറിയിൽ നിന്നു പുറത്തിറങ്ങാൻ മടിച്ച, ഫോൺ വിളികൾ ഓരോന്നും പേടിപ്പിച്ച സമയം..സുഹൃത്തുക്കളെയൊക്കെ കേൾക്കാൻ, ഏത് സ്ഥലത്തേക്കും ഓടി ഇറങ്ങാൻ റെഡി ആയിരുന്ന ഞാൻ, ആളുകളെ ഭയന്ന് പോയ സമയം… പതിവ് സംസാരങ്ങളും ചർച്ചയും കഥ പറച്ചിലുകളും എന്നെ കൂടുതല് പ്രശ്നത്തിലാക്കി.. കഴിഞ്ഞ കുറെ വര്ഷം ഞാൻ എന്തൊക്കെയായിരുന്നോ, അതല്ലാതായി.. സ്വാഭാവികയമായും അത്തരമൊരു അവസ്ഥ, എന്നെപ്പോലെ കൂടെയുള്ളവരെയും പ്രശ്നത്തിലാക്കിയിട്ടുണ്ട്.. എളുപ്പല്ലല്ലോ.. മനുഷ്യരെ ഹാൻഡിൽ ചെയ്യാൻ, അതും ഇത്രയേറെ പ്രെഷറുള്ള, ആശങ്കകൾ മാത്രമുള്ള സമയത്ത്.. ‘ its all part of kaavile paatt malsaram’ എന്നാണ് നമ്മടെ ഒരു ആറ്റിട്യൂഡ്.. ഒട്ടും complicate ചെയ്യാതെ കാര്യങ്ങളെ കണ്ട് പോന്നിരുന്ന എന്നിക്കുമുന്നില് കുഴഞ്ഞ് മറിയാത്തതായി ഒന്നും ഉണ്ടായിരുന്നില്ല!പിന്നെ പതിയെ, ആ ടൈം പിന്നീടുമ്പോഴേക്കും ഞാൻ ജീവിതത്തെ തൊട്ടു.. ജീവിതം എന്നെയും.. ! കാര്യങ്ങൾ കലങ്ങി തെളിയുമ്പോ, തെളിച്ചം ഇരട്ടിയാണ്… നൂറിരട്ടി..

അതില് നിന്നുകൊണ്ട്, ഇതെഴുതുന്നത് എനിക്ക് വേണ്ടി മാത്രല്ല,..ഇങ്ങനൊരു കാലം അനുഭവിച്ച, അനുഭവിക്കുന്ന, എല്ലാവർക്കുമാണ്.. സിനിമ ചെയ്യാൻ വൈകും.. ചിലപ്പോ എഴുതി തീരാൻ വൈകും.. ആരുടെയെങ്കിലുമൊക്കെ പുസ്തകം പാതി വഴിയില് ഉപേക്ഷിക്കപ്പെടും..ചില പാട്ടുകള് ഒഴിവാക്കപ്പെടും.. പടം ഇറങ്ങാൻ വൈകും.. പക്ഷേ ചെയ്യുന്നവർ, എഴുതുന്നവർ, പാടുന്നവർ അവര് ഇവിടെ തന്നെയുണ്ട്.. ചെയ്യട്ടെ… അല്ലേ. ഓരോരുത്തരും അവരവരുടെ യാത്രകളിലാണ്.. അവര്, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കട്ടെ.. കനിവോടെ, കരുണയോടെ നോക്കിയാല്, നമ്മുടേതല്ലാത്ത യാത്രകളും സുന്ദരമായി തോന്നും. ചിതറിപ്പോയ ചിലതിനെ ചേർത്ത് വച്ച, കൂടെ കട്ടയ്ക്ക് പിടിച്ച പ്രിയപ്പെട്ടവരേ, നിങ്ങളാട്ടോ ഇന്നത്തെ സമാധാനത്തിന്റെ സന്തോഷത്തിന്റെ അവകാശികൾ.

shortlink

Related Articles

Post Your Comments


Back to top button