Latest NewsNEWSSocial Media

അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ് സ്ഫടികം: അദ്ധ്യാപികയുടെ വാക്കുകള്‍ പങ്കുവെച്ച്‌ ഭദ്രന്‍

‘സ്ഫടികം’ സിനിമയുടെ ഈ കാലത്തെ പ്രാധാന്യത്തെ കുറിച്ച്‌ ഒരു അദ്ധ്യാപിക പറയുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ സംവിധായകന്‍ ഭദ്രന്‍. ചിത്രം അനേകം അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നൊരു ബൃഹത് ഗ്രന്ഥമാണെന്നാണ് അധ്യാപിക വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിന്‍റെ 19-ാം വാര്‍ഷിക ദിന പരിപാടിയോടനുബന്ധിച്ച്‌ നടന്ന ചടങ്ങിനിടെയായിരുന്നു സ്കൂളിലെ മലയാളം അദ്ധ്യാപികയായ സലില ‘സ്ഫടികം’ സിനിമയെ കുറിച്ച്‌ പറയുകയുണ്ടായത്. പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനായി സംവിധായകന്‍ ഭദ്രനെ ക്ഷണിക്കുന്നതിനിടയില്‍ നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു സിനിമയുടെ ഈ കാലത്തുള്ള പ്രസക്തിയെ കുറിച്ച്‌ അവര്‍ പറഞ്ഞത്. ഒരു കുറിപ്പിനോടൊപ്പമാണ് ഭദ്രന്‍ വീഡിയോ ഫേസ്ബുക്കില്‍ പങ്കിട്ടിരിക്കുന്നത്.

ഭദ്രന്‍റെ കുറിപ്പ് ചുവടെ:

‘സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികള്‍ക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച്‌ വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങള്‍ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ. പറയുന്നത് ഒരു ടീച്ചറാണ്. ഞാന്‍ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിതു പറഞ്ഞത്, യാദൃശ്ചികമായി കഴിഞ്ഞ ദിവസം ആ വീഡിയോ എനിക്ക് മൊബൈലില്‍ ലഭിച്ചപ്പോള്‍ ഏറെ അ‍ര്‍ത്ഥവത്തായ ആ വരികള്‍ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി, ടീച്ചറെ പ്രണാമം’.

28 വര്‍ഷങ്ങള്‍ക്ക് ശേഷം 4K ദൃശ്യമികവില്‍ ‘സ്ഫടികം’ ഫെബ്രുവരി 9ന് തിയറ്ററുകളില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് അവര്‍ ആശംസകള്‍ നേരുകയുമുണ്ടായി. നടന്‍ നന്ദു, രാജധാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബിജു രമേശ് തുടങ്ങി നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമായിരുന്നു.

shortlink

Post Your Comments


Back to top button