GeneralLatest NewsNEWS

മികച്ച നവാഗത സംവിധായകനുള്ള കിഷോര്‍കുമാര്‍ സിനിമാ പുരസ്‌കാരം ഷാഹി കബീറിന്

മികച്ച നവാഗത സംവിധായകനുള്ള രണ്ടാമത് കിഷോര്‍ കുമാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. . ‘ഇലവീഴാ പൂഞ്ചിറ’ എന്ന സിനിമ സംവിധാനം ചെയ്ത ഷാഹി കബീറിനാണ് ഇത്തവണത്തെ പുരസ്ക്കാരം. സംവിധായകന്‍ സജിന്‍ ബാബു, കവിയും തിരക്കഥാകൃത്തുമായ പി. എന്‍. ഗോപീകൃഷ്ണന്‍, സിസ്റ്റര്‍ ജെസ്മി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍ കുമാറിന്റെ സ്മരണാര്‍ഥം ജനചിത്ര ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ആദ്യത്തെ കിഷോര്‍ കുമാര്‍ പുരസ്‌കാരം ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലൂടെ സാനു ജോണ്‍ വര്‍ഗീസാണ് നേടിയത്.

ഫെബ്രുവരി 12-ന് ഞായറാഴ്ച തൃപ്രയാറില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ വെച്ച് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് ഷാഹി കബീറിന് പുരസ്‌കാരം നല്‍കുക. 25,000 രൂപയും ടി. പി. പ്രേംജി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2017-ല്‍ ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് ഷാഹി കബീര്‍ സിനിമാ രംഗത്തെത്തുന്നത്. 2018-ല്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ് ‘ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പിന്നീട് ‘നായാട്ട് ‘, ‘ആരവം’, ‘റൈറ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതിയ ഷാഹി കബീര്‍ ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

shortlink

Post Your Comments


Back to top button