GeneralLatest NewsNEWS

പ്രമാണം എന്ന സിനിമയിലെ രംഗം കാരണം ജയിലിൽ പോകേണ്ടി വന്നു, അതും ഖത്തറിൽ: അശോകന്‍

മലയാള സിനിമയിൽ നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച നടനാണ് അശോകൻ. ഇപ്പോഴിതാ ഖത്തറില്‍ വച്ച് ജയിലില്‍ കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് അശോകന്‍ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ.

താരത്തിന്റെ വാക്കുകൾ :

‘ജയിലില്‍ കിടന്നിട്ടുണ്ട്. ഇവിടെയല്ല, അങ്ങ് അറബി നാട്ടിലായിരുന്നു. ഖത്തറില്‍ വച്ചാണ് സംഭവം. ഞാനും എന്റെ സുഹൃത്തും സഹോദരനും കൂടെയായിരുന്നു അന്ന് ഖത്തറില്‍ പോയിരുന്നത്. ഒരു ദിവസം വൈകുന്നേരം ഡിന്നറൊക്കെ കഴിഞ്ഞ് രാത്രി റൂമിലെത്തിയപ്പോള്‍ ശരായിയ ചാവി ഇട്ടിട്ടും റൂം തുറക്കാന്‍ സാധിക്കുന്നില്ല. അങ്ങനെ പണിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എതിര്‍വശത്തെ റൂമില്‍ നിന്നും ആറരയടി പൊക്കമുള്ള രണ്ട് അറബികള്‍ വന്ന് ഞങ്ങളുടെ തോളില്‍ തട്ടി. അവരുടെ ഭാഷയിലാണ് സംസാരം. നേരെ ഞങ്ങളെ അവരുടെ റൂമിലേക്ക് കൊണ്ടു പോയി. മൂന്ന് പേരേയും ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി.

വേഷം മാറി വന്ന സിഐഡിമാരായിരുന്നു അവര്‍. ഞങ്ങള്‍ കാര്യം മനസിലാകാതെ പരസ്പരം സംസാരിക്കുമ്പോള്‍ സംസാരിക്കരുതെന്ന് ആംഗ്യം കാണിച്ച് പറഞ്ഞു. അവര്‍ അറബിയിലായിരുന്നു പരസ്പരം സംസാരിച്ചിരുന്നത്. ശേഷം ഞങ്ങളെ ഞങ്ങളുടെ മുറിയിലേക്ക് കൊണ്ടു പോയി. മുറിയിലെ കാര്‍പ്പറ്റ് പൊക്കിയും ബെഡ്, ബാത്ത് റൂം, ടെലിഫോണ്‍, ബാഗ് അങ്ങനെ സകലതും അവര്‍ പരിശോധിച്ചു. മയക്കുമരുന്ന് ആണോ അന്വേഷിക്കുന്നതെന്ന് ഞങ്ങള്‍ക്ക് സംശയമായി. മൂന്നു പേരേയും അവരുടെ വണ്ടിയില്‍ കയറ്റി. നേരെ ഖത്തര്‍ പോലീസ് സ്‌റ്റേഷനിലേക്ക്. എന്തൊക്കയോ ചോദിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ആളെ പോലീസ് മാറ്റി നിര്‍ത്തി അടി കൊടുത്തു. മുഖമൊക്കെ ചുവന്ന് തുടത്തു. ചെരുപ്പ് വച്ച് അടിച്ചു. മുഖത്ത് തുപ്പി. കഴുത്തിന് താഴേക്ക് അടിക്കില്ല. ആ പാവം കുറേ അടി വാങ്ങിച്ചു. കുറേ കഴിഞ്ഞപ്പോള്‍ മദ്യപിച്ചിട്ടുണ്ടോന്ന് ചോദിച്ചു. മദ്യപിച്ചിരുന്നില്ല. മാലയും വാച്ചും മോതിരവുമൊക്കെ വാങ്ങി ഒരു കവറിലിട്ടു. ഒരു ഗുഹയിലൂടെ നടത്തി, നേരെ ചെല്ലുന്നത് സെല്ലിലേക്കാണ്. ഒരു കൊച്ച് മുറിയാണ്. കയറി ഇരിക്കാന്‍ പറഞ്ഞു. രാത്രി രണ്ട് മണിയായിട്ടുണ്ട്. ഓരോരുത്തരേയും ഓരോ സെല്ലിലാണ്. ഞാന്‍ ചെന്ന സെല്ലില്‍ രണ്ട് പാക്കിസ്ഥാനികളായിരുന്നു ഉണ്ടായിരുന്നു. നല്ല ചൂട് കാലമായിരുന്നു. ഫാനില്ല, ചെറിയൊരു വിന്‍ഡോ മാത്രമാണ് ഉണ്ടായിരുന്നത്. ഞാന്‍ സില്‍ക്ക് മുണ്ടും ജുബ്ബയുമൊക്കെയായിരുന്നു ധരിച്ചിരുന്നത്. അതൊക്കെയിട്ട് കുട്ടപ്പനായി തറയില്‍ ഇരിക്കുകയാണ്. സഹതടവുകാരന്‍ എന്നോട് എന്തോ ചോദിക്കുന്നുണ്ട്. എനിക്കൊന്നും മനസിലായില്ല. ഞാന്‍ കരയാന്‍ തുടങ്ങി. ഭിത്തിയില്‍ എന്റെ ഉമ്മ, കോഴിക്കോട് എന്നൊക്കെ എഴുതിയിട്ടുണ്ട്. വീടിന്റേയും പശുവിന്റേയും ചിത്രവും. മുമ്പ് ഏതോ മലയാളി അവിടെ കിടന്നിട്ടുണ്ടാകണം. അതും കൂടെ കണ്ടപ്പോള്‍ എന്റെ സങ്കടം കൂടി.

ഇതിനിടെ ജയിലില്‍ സപ്ലൈ ചെയ്യുന്ന ഒരാള്‍ വന്നു. അങ്ങേ അറ്റത്തു നിന്നും ഓരോ സെല്ലും കടന്ന് വരികയാണ്. ഇടയ്ക്ക് അവന്‍ മലയാളത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു. മലയാളിയാണ്. ആശ്വാസവും അതേസമയം തന്നെ ചമ്മലും തോന്നി. അവന്‍ എന്റെ സെല്ലിന്റെ അടുത്ത് എത്താനായതും ഞാന്‍ നേരെ തിരഞ്ഞിരുന്നു. അവന്‍ വന്ന് ഹിന്ദിയിലും അറബിയിലും മലയാളത്തിലുമൊക്കെ വിളിച്ചു. അവസാനം ഞാന്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും അവന്‍ ഞെട്ടിപ്പോയി. അശോകന്‍ ചേട്ടനല്ലേ ചേട്ടനെന്താ ഇവിടെ എന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. പേടിക്കണ്ട എല്ലാം ശരിയാകും ജൂസോ മറ്റ് എന്തെങ്കിലും വേണേല്‍ പറഞ്ഞാല്‍ മതിയെന്നൊക്കെ പറഞ്ഞ് അവന്‍ എന്നെ ആശ്വസിപ്പിച്ചു. അസീസ് എന്നായിരുന്നു അവന്റെ പേര്. എനിക്ക് ഒന്നും വേണ്ടായിരുന്നു. ജയിലില്‍ നിന്നും കിട്ടുന്ന ഭക്ഷണം തന്നെ കഴിക്കാന്‍ സാധിച്ചിരുന്നില്ല.

സത്യത്തില്‍ പ്രമാണം എന്ന സിനിമയിലെ രംഗമായിരുന്നു ജയിലിലാകാന്‍ കാരണം. ആ ചിത്രത്തില്‍ ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. അതിന്റെ ചിത്രം ആരോ അവരെ കാണിച്ചു കൊടുത്തിരുന്നു. അതുകണ്ട് ഞാന്‍ മയക്കുമരുന്നിന്റെ ആളാണെന്ന് കരുതിയാണ് പിടികൂടിയത്. അവന്‍ പോയി കുറച്ച് കഴിഞ്ഞ് പോലീസുകാര്‍ വന്ന് എന്നെ നോക്കാനും ചിരിക്കാനുമൊക്കെ തുടങ്ങി. അമിതാഭ് ബച്ചനെ അറിയുമോ എന്ന് ചോദിച്ചു. അറിയാം സുഹൃത്താണെന്ന് ഞാന്‍ പറഞ്ഞു. കമല്‍ഹാസനെ അറിയുമോ എന്ന് ചോദിച്ചു. അപ്പോഴും അറിയാമെന്ന് പറഞ്ഞു. അവര്‍ക്ക് അറിയുന്ന ആകെ രണ്ട് പേര്‍ അവരായിരുന്നു. അങ്ങനെയെങ്കിലും രക്ഷപ്പെടട്ടേ എന്ന് കരുതി പറഞ്ഞതാണ്. ആ സമയത്ത് തന്നെ അനന്തരം എന്ന സിനിമ പുറത്തിറങ്ങുകയും ഫ്രാന്‍സിലെ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതിന്റെ വാര്‍ത്തയും ചിത്രങ്ങളുമൊക്കെയായി എന്റെ സ്‌പോണ്‍സര്‍ വന്ന് പോലീസുകാരെ കാണിച്ചു കൊടുത്തു. അപ്പോഴാണ് അവര്‍ക്ക് വിശ്വാസമായത്. പിന്നെ ഭയങ്കര സ്വീകരണമായിരുന്നു. ഖത്തര്‍ മുഴുവന്‍ കാണിച്ച് തരാമെന്നൊക്കെ പറഞ്ഞു. പക്ഷെ അന്ന് രാത്രി തന്നെ ഞാന്‍ നാട്ടിലേക്കുള്ള വിമാനം കയറി.

 

shortlink

Related Articles

Post Your Comments


Back to top button