GeneralLatest NewsNEWS

ആ സ്ത്രീകള്‍ കണ്ടതു കൊണ്ട് അമ്മയെ തിരിച്ചു കിട്ടി, ആ യാത്ര ഒരിക്കലും മറക്കാനാകില്ല: അശോകന്‍

പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് വന്ന നടനായിരുന്നു അശോകൻ. യവനിക, അനന്തരം, തുവാനത്തുമ്പികള്‍, അമരം, ഇന്‍ ഹരിഹര്‍ നഗര്‍, മൂന്നാം പക്കം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറി. നന്‍പകല്‍ നേരത്ത് മയക്കം ആണ് അശോകന്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ഒരു ട്രെയിൻ യാത്രയിൽ തന്റെ അമ്മയെ കാണാതായ അനുഭവം പങ്കുവെക്കുകയാണ് അശോകന്‍ പറയാം നേടാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ.

അശോകന്റെ വാക്കുകൾ :

വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അമ്മ മരിച്ചു പോയി. അമ്മയ്ക്ക് അല്‍ഷിമേഴ്‌സുണ്ടായിരുന്നു. ഒരിക്കല്‍ ചെന്നൈയില്‍ നിന്നും വരികയായിരുന്നു. മദ്രാസ് മെയില്‍ ആണെന്ന് തോന്നുന്നു. സ്ഥിരം കഴിക്കുന്ന മരുന്നുകളും വച്ചിട്ടുണ്ട്. നേരത്തെ ഭക്ഷണം കഴിച്ചു. മരുന്നും കൊടുത്തു. ഉറങ്ങാനുള്ളതാണ് മരുന്നത്. ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടാകും ഈ രോഗമുള്ളവര്‍ക്ക്. അതിന് കൊടുക്കുന്നതാണ്. മരുന്ന് കഴിച്ചിട്ട് അമ്മ കിടന്നു. അമ്മ താഴെയാണ് കിടക്കുന്നത്. ഞാന്‍ മുകളിലും.

ഇടയ്ക്കിടയ്ക്ക് ഞാന്‍ താഴേക്ക് നോക്കും. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി. കണ്ണ് തുറക്കുമ്പോള്‍ ട്രെയിന്‍ എവിടെയോ നിര്‍ത്തിയിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ എവിടെയോ ആണ്. ഞെട്ടി താഴേക്ക് നോക്കിയപ്പോള്‍ അമ്മയില്ല. ട്രെയിനിലൂടെ നടക്കാന്‍ പോയതാണെന്ന് കരുതി. ട്രെയിന്‍ മൊത്തം നടന്നു നോക്കി അവിടെയെവിടേയും കണ്ടില്ല. ഞങ്ങളുടെ തൊട്ടപ്പുറത്തായി അമേരിക്കയില്‍ നിന്നുമുള്ള ഒരു മലയാളി കുടുംബം ഉണ്ടായിരുന്നു. അവരെ പരിചയപ്പെട്ടിരുന്നു. രണ്ട് സ്ത്രീകളായിരുന്നു.

അവര്‍ ദൂരെ നിന്നും അമ്മയുടെ കൈ പിടിച്ചു നടത്തി കൊണ്ടു വരുന്നത് കണ്ടു. ഡോര്‍ ഒക്കെ തുറന്ന് കിടക്കുകയാണ്. റൂം ആണെന്ന് കരുതി ഉറങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. എവിടെയെങ്കിലും ഇറങ്ങിപ്പോയിട്ട് ട്രെയിന്‍ വിട്ടു പോയിരുന്നുവെങ്കിലോ. ഭീകരമായിരുന്നു ആ അവസ്ഥ. ആ സ്ത്രീകള്‍ കണ്ടതു കൊണ്ട് ഒന്നും സംഭവിച്ചില്ല. അവരെ പിന്നെ കണ്ടിട്ടില്ല. പക്ഷെ കുറേകാലത്തിന് ശേഷം അവരുടെ ഒരു ബന്ധുവിനെ പരിചയപ്പെട്ടു. എന്താണ് ബന്ധം എന്നൊന്നും അറിയില്ല. ഒരു ദിവസം എന്നെ വിളിക്കുകയായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button