CinemaComing SoonEast Coast SpecialUncategorized

‘കള്ളനും ഭഗവതിയും’: ചില സിനിമകള്‍ പിറക്കുന്നത്‌ നന്മയുള്ള ചില അനുഭവങ്ങളില്‍ നിന്നാണ് – ലൊക്കേഷൻ വിശേഷങ്ങൾ

‘കള്ളനും ഭഗവതിയും’ എന്ന സിനിമയിലെ വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന മാത്തപ്പന്‍ എന്ന നായക കഥാപാത്രത്തോളം പ്രാധാന്യമുള്ളതാണ് നായകന്റെ വീടും പരിസരവും. സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മനസ്സിലുള്ളതു പോലെ ഒരു വീട് തേടിയുള്ള അന്വേഷണത്തിലായിരുന്നു കലാസംവിധായകന്‍ രാജീവ് കോവിലകവും കൂട്ടരും. പാലക്കാട്, കൊല്ലങ്കോട്‌, നെന്മാറ, ചിറ്റൂര്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ കണ്ടു. ഒടുവില്‍ ചിറ്റൂരിനടുത്ത് വേര്‍കോലി എന്ന സ്ഥലത്ത് സംവിധായകൻ പറഞ്ഞതു പോലെയൊരു വീട് കണ്ടെത്തി.

ചിത്രീകരണത്തിനായി വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. നാട്ടിന്‍പുറത്തിന്റെ മനോഹാരിത നിറഞ്ഞ കാഴ്ചകളാല്‍ സമ്പന്നമായ ഒരു കൊച്ചു വീട്. മാത്തപ്പന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടുന്ന വീട്. സംവിധായകന്റെ ഭാവനയിലുള്ള വീടാക്കി മാറ്റിയെടുക്കാന്‍ കലാസംവിധായകന് പിന്നെയും പണിയെടുക്കേണ്ടി വന്നു.

Also Read:അന്യമതത്തിൽ നിന്ന് വന്നതാണെങ്കിലും എല്ലാ കൊല്ലവും പൊങ്കാല ഇടും: ആനി പറയുന്നു

സിനിമയിലെ നിര്‍ണ്ണായക രംഗങ്ങളാണ് ഈ വീട്ടില്‍ ചിത്രീകരിക്കാനുള്ളത്. രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കള്ളന്‍ മാത്തപ്പന്റെ ജീവിതവും, സംഭവങ്ങളും ഈ വീടുമായി അത്രമേൽ ഇഴുകി ചേർന്നതാണ്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് തന്നെ വീടിന്റെ പണികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഉടമസ്ഥര്‍ തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് താമസം മാറി കലാ സംവിധായകനും സംഘത്തിനും സെറ്റ് വർക്കുകള്‍ തുടങ്ങാന്‍ അനുമതി കൊടുത്തു. ദിവസങ്ങളെടുത്താണ് മാത്തപ്പന്റെ വീടായി മാറ്റിയെടുത്തത്. ചിത്രീകരണം തുടങ്ങി അവസാനിക്കും വരെ വീട്ടുകാർ നല്ല പിന്തുണയാണ് എല്ലാ കാര്യങ്ങള്‍ക്കുമായി നല്‍കിയത്. അവരുടെ നിറഞ്ഞ മനസ്സുപോലെ തന്നെ പ്ലാന്‍ ചെയ്ത ദിവസങ്ങൾക്കുള്ളിൽ അവിടെ ചിത്രീകരണം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

വീട്ടിലെ അവസാന ചിത്രീകരണ ദിവസം വളരെ വൈകാരിമായിരുന്നു. പാക്കപ്പ് പറഞ്ഞ സംവിധായകന്‍ കുറച്ചു സമയം നിശബ്ദനായി. മാത്തപ്പന്റെ ജീവിതം പൂര്‍ണ്ണമായും പകര്‍ത്തപ്പെട്ടു കഴിഞ്ഞു. കഥാപാത്രത്തിന്റെ ആത്മ സംഘര്‍ഷങ്ങള്‍ പലതും നേരിട്ടും, മോണിട്ടറിലും കണ്ട് കയ്യടിച്ചും കട്ട് പറഞ്ഞും ആ വീട്ടിലെ ഒരംഗമായി എല്ലാവരും അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു. വീട്ടുകാരോട് യാത്ര പറയവേ സംവിധായകന്റെയും, അഭിനേതാക്കളുടെയും, പിന്നണി പ്രവര്‍ത്തകരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഒരു ചാറ്റല്‍ മഴ പെയ്തു പ്രകൃതിയും ഒപ്പം കൂടി. ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു. വീണ്ടും വരണം എന്ന സ്നേഹം നിറഞ്ഞ ക്ഷണവും. ചില സിനിമകള്‍ പിറക്കുന്നത്‌ നന്മയുള്ള ചില അനുഭവങ്ങളില്‍ നിന്നാണ്. കാഴ്ചകളിൽ നിന്നാണ്, ‘കള്ളനും ഭഗവതിയും” അത്തരം കാഴ്ചകളാൽ സമ്പന്നമാണ്.

അസിം കോട്ടൂർ

shortlink

Related Articles

Post Your Comments


Back to top button