GeneralLatest NewsMollywoodNEWSWOODs

രോഗം എന്ന അവസ്ഥയെ ഒരാൾ തന്റെ പാഷനിലൂടെ എങ്ങനെ തോൽപിക്കുന്നു എന്നതിന്റെ തെളിവ്: ശ്രീനിവാസനെക്കുറിച്ച് നടൻ അശ്വത് ലാൽ

പിന്നീട് ഒരു മാസം ഞങ്ങൾ ഒരുമിച്ചായിരുന്നു

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് നടൻ അശ്വത് ലാൽ പങ്കുവച്ച കുറിപ്പ് വൈറൽ. രോഗം എന്ന അവസ്ഥ ഒരു വ്യക്തിയെ എത്രമാത്രം പ്രയാസപ്പെടുത്തുന്നു എന്നതിലുപരി ആ അവസ്ഥയെ ഒരാൾ തന്റെ പാഷനിലൂടെ എങ്ങനെ തോൽപിക്കുന്നു എന്നത് താൻ നേരിട്ടുകണ്ടറിഞ്ഞുവെന്ന് നടൻ കുറിച്ചു.

കുറിപ്പ് പൂർണ്ണ രൂപം,

സിനിമയെ സ്നേഹിച്ചു തുടങ്ങിയ കാലം മുതല്‍ എന്‍റെ ചങ്കില്‍ ഇടം പിടിച്ച തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരാളാണ് ശ്രീനിവാസൻ.

read also: അമ്മയോട് എനിക്ക് ചെറുപ്പം മുതലേ വെറുപ്പായിരുന്നു: നടി മഞ്ജുളയെക്കുറിച്ച് മകൾ

കഴിഞ്ഞ ജനുവരിയില്‍ കുറുക്കന്‍ എന്ന സിനിയുടെ പൂജയില്‍വെച്ചാണ് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ആ ചിത്രത്തിന്‍റെ ഒരു ഭാഗമായിരുന്നു ഞാനും. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ഇരിക്കുന്ന ശ്രീനിവാസന്‍ സാര്‍ അന്ന് അവിടെയെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ നിമിഷം വരെ ഞാന്‍ അദ്ദേഹത്തെ അവിടെയെവിടയും കണ്ടിരുന്നില്ല.

വിനീതേട്ടനോട് സംസാരിച്ചിരിക്കേ, ചേട്ടാ ശ്രീനിവാസൻ സാർ വരുമോ എന്ന് ചോദിച്ചു.
അച്ഛൻ അപ്പുറത്തെ കാരവാനിൽ ഉണ്ട് അശ്വത്തേ….. എന്ന വിനീതേട്ടന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി . ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ചോദിച്ചു: ചേട്ടാ എന്നെയൊന്ന് പരിചയപ്പെടുത്തി തരാമോ?

അതിനെന്താ… അച്ഛൻ ഫ്രീയാകുമ്പോൾ പരിചയപ്പെടുത്തി തരാമെന്നു വിനീതേട്ടൻ വാക്കു പറഞ്ഞു.
അൽപ സമയത്തിനുശേഷം എന്റെ സ്വപ്‌നങ്ങളിലൊന്ന് യാഥാർത്ഥ്യമാവുകയായിരുന്നു.
ക്യാരവാന്റെ വാതിൽ തുറന്നു ഞാൻ ഉള്ളിലേക്ക് കയറിയപ്പോൾ ശ്രീനിവാസനെന്ന അതുല്യ പ്രതിഭ. എന്റെ കണ്ണിൽ വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനും സന്ദേശത്തിലെ പ്രഭാകരനും നാടോടിക്കാറ്റിലെ വിജയനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനേയുമായിരുന്നു ആദ്യം കണ്ടത് .
ക്യാരവാനിലേക്ക് കയറിച്ചെന്ന ഉടനെ വിനീതേട്ടന്റെ അമ്മ എന്നെ ഇത് വിനീത് മോന്റെ പടത്തിൽ അഭിനയിച്ച കുട്ടിയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി.
അദ്ദേഹം ചിരിച്ചു. ഇരിയ്ക്കാൻ പറഞ്ഞു. പിന്നീട് വളരെ കുറച്ചുനേരം ഞങ്ങൾ സംസാരിച്ചു. മുഖത്തു ക്ഷീണം പ്രകടമായിരുന്നുവെങ്കിലും അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ആ ഒരു ഫീൽ എനിക്ക് കിട്ടിയതേയില്ല.

പിന്നീട് ഒരു മാസം ഞങ്ങൾ ഒരുമിച്ചായിരുന്നു. അത്രയും അടുത്ത് അദ്ദേഹത്തെ കിട്ടിയ ഓരോ നിമിഷവും ഞാൻ പഠിക്കുകയായിരുന്നു. രോഗം എന്ന അവസ്ഥ ഒരു വ്യക്തിയെ എത്രമാത്രം പ്രയാസപ്പെടുത്തുന്നു എന്നതിലുപരി ആ അവസ്ഥയെ ഒരാൾ തന്റെ പാഷനിലൂടെ എങ്ങനെ തോൽപിക്കുന്നു എന്നത് ഞാൻ നേരിട്ടുകണ്ടറിഞ്ഞതാണ്. എന്നും ദിവസത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾക്കൊപ്പം ഉണ്ടാകും. റെസ്റ്റ് എന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല.

ഓരോ സിനിമ കഴിയുമ്പോഴും ഞാൻ വിചാരിക്കും ഇനി വീട്ടിൽ പോയി ഒരാഴ്ച ഒന്നും ചെയ്യാതെ വെറുതെയിരുന്ന് റെസ്റ്റ് എടുക്കണമെന്ന്. ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞൊരു മറുപടിയുണ്ട്: ‘ ഒരിക്കലും നമ്മൾ നമ്മുടെ ജോലിയിൽ നിന്നൊരു വിശ്രമം എടുക്കരുത്. ആ വിശ്രമത്തിലേക്ക് കടക്കുന്ന ആ നിമിഷം മുതൽ നമ്മൾ പിന്നിലേക്ക് സഞ്ചരിക്കുകയാണ് ചെയ്യുന്നത്. വിശ്രമം ആകാം, അതു പുതിയത് എന്തെങ്കിലും പഠിക്കാൻ വേണ്ടിയാകണം. ഓരോ സിനിമ കഴിയുമ്പോഴും നമ്മൾ പുതുതായി പഠിച്ചു തുടങ്ങണം. സംവിധാനം, തിരക്കഥയെഴുതാൻ, ശരീരം ശ്രദ്ധിക്കാൻ, അഭിനയത്തെക്കുറിച്ച്, മറ്റു തലങ്ങളിലേക്ക് അങ്ങനെയങ്ങനെ… ഓരോ സിനിമയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് പുതിയൊരു ക്ലാസിലേക്കാണ്. പല ഹോംവർക്കുകളും ചെയ്യാൻ നമുക്ക് നൽകിയിട്ടാണ് ആ സിനിമ കഴിയുന്നത്. പിന്നീടുള്ള സമയം ആ ഹോംവർക്കുകൾ ചെയ്യാൻ വേണ്ടിയാണ്. ഒരു നിമിഷം പോലും പാഴാക്കാതെ വേണം നമുക്ക് മുന്നോട്ടുപോകാൻ.

പിന്നീട് അദ്ദേഹത്തോടൊപ്പം ഒരുപാട് സീനുകൾ അഭിനയിക്കാൻ സാധിച്ചു. ചില സീനുകളിൽ അദ്ദേഹത്തിൻറെ രസകരമായ തമാശകൾ സംഭാഷണങ്ങളിൽ ഉണ്ടായിരുന്നു. ഈ കഥാപാത്രല്ലായിരുന്നെങ്കിൽ അതൊരു ഹിറ്റ് കോമഡിയാണല്ലോ എന്ന് തോന്നിപ്പോകുന്ന പല തമാശകളും അതിലുണ്ടായി . അതേ സംബന്ധിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇങ്ങനെയുള്ള ഒരുപാട് തമാശകൾ എന്റെയുള്ളിൽ ഇനിയും ബാക്കിയുണ്ട്. വീണ്ടും എന്നെങ്കിലും ഞാൻ ഇതെല്ലാം സിനിമയിൽ കൊണ്ടുവരും.

അതുകേട്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് തിരിച്ചുവരുമെന്ന്. അദ്ദേഹം അതുപറഞ്ഞപ്പോൾ ഞാൻ ഓർത്തത് അരം+അരം= കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, തലയണമന്ത്രം, പട്ടണപ്രവേശം, സന്മസ്സുള്ളവർക്ക് സമാധാനം, വലവേൽപ്, വെള്ളാനകളുടെ നാട്, മിഥുനം….അങ്ങനെ അങ്ങനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ തിരക്കഥാകൃത്തിന്റെ രചനയിൽ ഒരു പടം കൂടി വരുന്ന ദിവസമായിരുന്നു. ഏറെ സന്തോഷം തോന്നിയ മറുപടിയായിരുന്നു അത്.

അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് സംസാരിച്ച ഒരു ദിവസം എന്റെ രസകരമായ ഒരു സംശയം ഞാൻ അദ്ദേഹത്തോട് ചോദിച്ചു: തളത്തിൽ ദിനേശനെപോലെ
അത്രത്തോളം സംശയമുണ്ടായിരുന്ന ഒരാൾ ഒരു സാങ്കൽപിക കഥാപാത്രമായിരുന്നോ? അതോ അങ്ങനെയൊരാൾ ഉണ്ടായിരുന്നോ?
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇതെന്റെ സാങ്കൽപിക കഥാപാത്രമല്ല.

കൊല്ലത്തുവെച്ചാണ് ഞാൻ അങ്ങനെയൊരാളെ കണ്ടുമുട്ടുന്നത്. അയാൾ ഒരുപക്ഷെ തളത്തിൽ ദിനേശനെക്കാൾ സംശയമുള്ള ഒരാൾ ആയിരുന്നു. പിന്നീട് പല തവണ ഞങ്ങൾ ചെന്നൈയിൽ വെച്ചും കണ്ടിട്ടുണ്ട്.’
അപ്പൊ ഞാൻ ചോദിച്ചു: അയാളുടെ ആദ്യത്തെ സംശയം എന്തായിരുന്നു സർ? എപ്പോഴായിരിക്കും ഈ സംശയങ്ങൾ അയാൾക്ക് തുടങ്ങിയിട്ടുണ്ടാവുക.?
പെട്ടെന്ന് അദ്ദേഹം ഓർത്തെടുത്തുകൊണ്ട് പറഞ്ഞു: ഇയാൾ ഒരു വിവാഹം കഴിച്ചു. ഒരു സാധാരണ നാട്ടിൽ പുറത്തുകാരി പെൺകുട്ടിയായിരുന്നു അത്. ആ സമയത്ത് അയാൾ ചെന്നൈയിലാണ് ജോലി ചെയ്തിരുന്നത്.

ഇടയ്ക്ക് നാട്ടിൽപോയി വരും. അങ്ങനെ ഒരിക്കൽ അയാൾ ചെന്നൈയിലേക്ക് കുടുംബത്തേയും കൊണ്ടുവന്നു. വർഷങ്ങളായി ചെന്നൈയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും അയാൾക്ക് തമിഴ് തീരെ വശമില്ലായിരുന്നു. ഏകദേശം ഒരാഴ്ച കൊണ്ട് ഭാര്യ തമിഴ് തന്നെക്കാൾ നന്നായി സംസാരിച്ചു തുടങ്ങിയത് കണ്ടപ്പോൾ അയാൾ ഞെട്ടി അവിടെ മുതൽ അയാളുടെ കഥ ആരംഭിച്ചു. എങ്ങനെയാണ് കേരളത്തിനു പുറത്തുപോലും പോകാത്ത ഭാര്യയ്ക്ക് ഇത്ര നന്നായി തമിഴ് സംസാരിക്കാൻ കഴിയുന്നത്? അങ്ങനെ സംഭവിക്കണമെങ്കിൽ അവൾക്ക് ഏതോ തമിഴനുമായി പണ്ടേ ബന്ധമുണ്ടെന്ന് അയാൾക്ക് സംശയമായി. ഇതായിരുന്നു അയാളുടെ സംശയങ്ങളുടെ തുടക്കം.

വടക്കുനോക്കിയന്ത്രത്തിലെ അയൽപക്കക്കാരനായ ജഗദീഷിന്റെ കഥാപാത്രം ഷട്ടിൽ കളിക്കുന്ന സീൻ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. അങ്ങനെ ആ സിനിമയിലെ പല സീനുകളും ആ കാലത്ത് സംഭവിച്ചവയാണ്.
ശ്രീനി സാർ അതോടൊപ്പം കൂട്ടിച്ചേർത്ത ഒരു കാര്യമുണ്ട്: ‘ ഷൂട്ടിനുശേഷം റിലീസിനുമുൻപ് ചില പ്രമുഖരായ സംവിധായകരെ ചിത്രം കാണിച്ചു. സിനിമയുടെ അവസാനം ടോർച്ചടിക്കുന്ന ഒരു സീനുണ്ട്. ക്യാമറയിലേക്ക് ടോർച്ചടിക്കുന്ന ആ ക്ലൈമാക്‌സ് രംഗത്തിൽ അയാളുടെ പ്രശ്‌നങ്ങൾ മാറിയിട്ടില്ല എന്ന് തോന്നിപ്പിക്കുമെന്നും അതൊരു നെഗറ്റീവ് ഇംപാക്ട് പ്രേക്ഷകരിൽ ഉണ്ടാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ എനിക്ക് അതിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. ആ ടോർച്ച് വെട്ടം വീഴേണ്ടത് അതു കണ്ടു കൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും കണ്ണിലാണ്. മനസ്സിലേക്കാണ്. ആ വെളിച്ചത്തിലൂടെ നിങ്ങൾ തളത്തിൽ ദിനേശനാണോ എന്ന് കഥാപാത്രം ചോദിക്കുകയാണ്. ആ ചോദ്യം സമൂഹത്തിനോട് ചോദിക്കേണ്ടത് അനിവാര്യമായിരുന്നു.’
ഷൂട്ടു കഴിഞ്ഞു പോകുമ്പോൾ അദ്ദേഹം എന്നിലുണ്ടാക്കിയ ഇംപാക്ട് ചെറുതൊന്നുമല്ലായിരുന്നു. ഏതൊരു മനുഷ്യനും രോഗത്തിനുമുന്നിൽ നിസ്സാരനാണെന്നും എന്നാൽ ആ പരീക്ഷണവും ഏറ്റെടുത്ത് ഇഷ്ടപ്പെട്ട മേഖലയിൽ ശരീരവും മനസ്സും ഒരുപോലെ ഉറപ്പിച്ചു നിർത്തി ജീവിതത്തോട് പോരാടാനും ആ ചെറിയ വലിയ മനുഷ്യൻ എന്നോട് പറയാതെ എന്നെ പഠിപ്പിച്ചു.
നന്ദി സർ ☺️🙏
ഒരു പാട് സ്നേഹത്തോടെ എന്നെ ഇതിന്റെയൊരു ഭാഗമാക്കിയ
മഹാസുബൈറിക്ക
Director ജയലാലേട്ടൻ
writer മനോജേട്ടൻ
വിനീതേട്ടൻ .

shortlink

Related Articles

Post Your Comments


Back to top button