CinemaGeneralLatest NewsNEWS

കേരളീയം ചലച്ചിത്രമേള; കോളിളക്കത്തിനും വൈശാലിക്കും ആവശ വരവേൽപ്പ്, നാലാം ദിനവും ഹൗസ്ഫുള്‍

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക്. ചലച്ചിത്രമേളയില്‍ നാലാം ദിവസവും വലിയ തോതില്‍ പ്രേക്ഷക പങ്കാളിത്തം. ജനപ്രിയ സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പെരുന്തച്ചന്‍, വൈശാലി, കോളിളക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. നടന്‍ ജയന്റെ അവസാനചിത്രമായ കോളിളക്കം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഡിജിറ്റൈസ് ചെയ്ത ഭാര്‍ഗവീനിലയത്തിന് ഒന്നരമണിക്കൂര്‍ മുമ്പേ പ്രേക്ഷകര്‍ ക്ഷമയോടെ കാത്തുനിന്നു. ശ്രീ തീയേറ്ററില്‍ നിറഞ്ഞ സദസിനു മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ റീമേക്കായ നീലവെളിച്ചം ഈ വര്‍ഷം പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ പുതുതലമുറ പ്രേക്ഷകരുടെ വന്‍പങ്കാളിത്തം പ്രദര്‍ശനത്തിലുണ്ടായി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടുകെ റെസ്റ്ററേഷന്‍ ചെയ്ത ഓളവും തീരവും എന്ന ചിത്രവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒഴിമുറി, രുഗ്മിണി, ഡിവോഴ്‌സ്, മഞ്ചാടിക്കുരു, 101 ചോദ്യങ്ങള്‍, ജന്മദിനം തുടങ്ങി 16 ചിത്രങ്ങളും മൂന്നു ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കൈരളി തീയേറ്റര്‍ സമുച്ചയത്തിന്‍റെ കവാടത്തിന് താഴിടാതെ പെരുമഴയില്‍ കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയത്. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്.

ഇതേസമയം പുറത്ത് ആയിരത്തിലധികം പേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തീയേറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവെക്കാതെ ആയിരത്തോളം പേര്‍ അക്ഷമരായി കാത്തുനിന്നു. ഈ സാഹചര്യത്തില്‍ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്താന്‍ സർക്കാർ ചലച്ചിത്ര അക്കാദമിയോട് നിർദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button