GeneralLatest NewsMollywood

ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയപ്പോൾ അദ്ദേഹം തന്നത് ‘റം’; ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍

മലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി ഒരുപിടി നല്ലചിത്രങ്ങളുടെ ഭാഗമായ താരമാണ്. സംവിധായകന്‍ ഭരതന്‍ ഒരുക്കിയ വൈശാലി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയിലെ അനുഭവം പങ്കുവയ്ക്കുകയാണ് താരം.

ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താൽ ഭരതൻ അതിലുണ്ടാകമെന്ന് അഭിപ്രായപ്പെട്ട താരം വൈശാലിയുടെ ചിത്രീകരണത്തിനിടയില്‍ കാറ്റും മഴയും കൊണ്ട് തണുത്ത് വിറച്ചു നില്‍ക്കുമ്പോള്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് എം ടി വാസുദേവന്‍നായര്‍ ഒരു ഗ്ലാസില്‍ പകുതി റം കൊണ്ട് വന്നു നല്‍കിയെന്ന് ബാബു ആന്റണി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.

ബാബു ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘വാസുവേട്ടൻ (എം ടി വാസുദേവൻ നായർ) എല്ലാ ദിവസവും ഷൂട്ടിങ്ങ് സ്ഥലത്ത് വന്ന് നിൽക്കും. ഒന്നും മിണ്ടില്ല അദ്ദേഹം. മീശ പിരിച്ച് അങ്ങനെ നിൽക്കും. സിനിമയുടെ ക്ലൈമാക്സിൽ മഴ പെയ്യുന്ന രംഗമുണ്ട്. എന്റെ ശരീരം വല്ലാതെ തണുത്തു. മഴയും കാറ്റും എല്ലാം കൂടെ ആയപ്പോൾ വിറയ്ക്കാൻ തുടങ്ങി അവസാനത്തെ ഡയലോഗ് പറയുമ്പോൾ ചുണ്ടുകൾ തണുപ്പുകൊണ്ട് വിറച്ചു. രണ്ട് മൂന്ന് പ്രാവശ്യം ആക്‌ഷൻ പറഞ്ഞിട്ടും വിറയൽ മാറിയില്ല. അപ്പോഴാണ് എന്റെ പുറകിൽ വന്ന് ഒരാൾ തോളത്തു തട്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ വാസുവേട്ടൻ. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഗ്ലാസിൽ പകുതി റം. അദ്ദേഹം തല കൊണ്ട് കുടിച്ചോളാൻ എന്ന മട്ടിൽ ഒരു ആംഗ്യം കാണിച്ചു. ഞാൻ അത് വാങ്ങി കുടിച്ചു, എന്നിട്ട് ഡയലോഗ് പൂർത്തീകരിക്കുകയും ചെയ്തു. അതുവരെയും നിശബ്ദനായി എല്ലാം കണ്ടുനിൽക്കുന്ന ആളായിരുന്നു അദ്ദേഹം.’

shortlink

Related Articles

Post Your Comments


Back to top button