മലയാളത്തിന്റെ ഭാഗ്യ നായികമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ മംമ്ത കാന്‍സര്‍ എന്ന വില്ലനില്‍ നിന്ന് ജീവിതം തിരിച്ചു പിടിച്ച വ്യക്തികൂടിയാണ്. തന്റെ രോഗാവസ്ഥ ഒരിക്കലും മറച്ചുവയ്ക്കാന്‍ താരം ഇഷ്ടപ്പെട്ടിരുന്നില്ല. രോഗാവസ്ഥയെക്കുറിച്ചും അതിജീവന വഴികളെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്ക് ബോധവത്കരണം നല്‍കാനും മംമ്ത മുന്നിട്ടിറങ്ങി. ഇപ്പോഴിതാ തന്റെ ജീവിതം തിരിച്ചുകിട്ടാന്‍ കാരണക്കാരിയായ ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് മംമ്ത.
മംമ്തയുടെ അര്‍ബുദ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ നീല്‍ ശങ്കര്‍ എന്ന ഗവേഷകന്റെ അമ്മയുടെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ കുറിപ്പ്. മംമ്തയുടെ അടുക്കലേക്ക് നീല്‍ ശങ്കറിനെ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു.
“അമേരിക്കയില്‍ അര്‍ബുദരോഗ ഗവേഷകനായ തന്റെ മകനോട് അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനും ചെന്ന് കാണാനും ഏഴ് വര്‍ഷം മുമ്ബ് നിര്‍ദ്ദേശിച്ചത് ഈ അമ്മയാണ്. ഞാന്‍ ഇപ്പോഴും ഇവിടെയുള്ളതിന്റെ ഒരു കാരണം ഈ അമ്മയുടെ സ്‌നേഹമല്ലേ. നീല്‍ ശങ്കറിനെ കുറിച്ച് ഞാന്‍ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ അമ്മയെ എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു.നിങ്ങള്‍ക്കറിയാമോ ചില വികാരങ്ങള്‍ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല. പുഞ്ചിരിയും കരച്ചിലും ഒന്നിച്ചു വന്ന നിമിഷങ്ങള്‍… കടപ്പാട് നിറഞ്ഞ നിമിഷങ്ങള്‍.. നന്ദി അമ്മേ..”- മംമ്ത മോഹന്‍ദാസ് കുറിച്ചു
Post Your Comments