Film ArticlesGeneralLatest News

കോലകുഴൽവിളി …. ജീവിതത്തിന്റെ വിളിയായിരുന്നു ; എം.ജയചന്ദ്രൻ

മേൽപത്തൂരിനും, പൂന്താനത്തിനും, പകർന്ന വെളിച്ചം എന്റെ സംഗീതത്തിനും ഭഗവാൻ തന്നു ...അതായിരുന്നു കോലകുഴൽ വിളി കേട്ടോ രാധേ ..... എന്ന ഗാനം

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രനായിരുന്നു …… ഫ്ലവേഴ്സ് ചാനലിലെ ടോപ്സിങ്ങറിന്റെ ജഡ്ജ് ആകുന്ന എം.ജയചന്ദൻ ഇന്ന് വീടുകളിലെ സ്വീകരണ മുറികളിലെ അതിഥിയാണ് ….. ചാർജ് കുറയുമ്പോൾ ചാർജ് ചെയ്യാനുള്ള ഇടമാണ് ഭഗവാന്റെ സന്നിധി എന്ന് പറയുന്ന ജയചന്ദ്രൻ ഇടക്കിടെ ഗുരുവായൂരിലെത്താറുണ്ട് ….. ജീവിതത്തിൽ വഴിമുട്ടുന്ന പല നേരങ്ങളിലും സംഗീതം പകർന്നു തരുന്ന ഹരിമുരളിയാണ് ഗുരുവായൂർ ഉണ്ണിക്കണ്ണൻ ……. വർക്കൊന്നും ഇല്ലാത്ത സമയത്ത് എന്താ ഭഗവാനെ
എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് പരിഭവം പറഞ്ഞ് തിരിക്കുമ്പോൾ വന്ന വിളിയാണ് ജീവിതത്തിന്റെ ജാതകം തിരിച്ച കോലകുഴൽവിളി …..

തിരകഥാകൃത്തും , സംവിധായകനുമായിരുന്ന എ.കെ. ലോഹിതദാസ് സാറിന്റെ ശബ്ദം ഇന്നും കാതുകളിൽ ഒരു തേൻമഴയായി നില്ക്കുകയാണ് ….. കുട്ടാ ഒരു പാട്ട് ചെയ്യണം ….. കണ്ണന്റെ സിനിമയാണ് …… പേര് നിവേദ്യം …..

ഷൊർണ്ണൂരിൽ ഞങ്ങൾ ഇരുന്ന് 5 പാട്ടുകൾ ചെയ്തു ….. മേൽപത്തൂരിനും, പൂന്താനത്തിനും, പകർന്ന വെളിച്ചം എന്റെ സംഗീതത്തിനും ഭഗവാൻ തന്നു …അതായിരുന്നു കോലകുഴൽ
വിളി കേട്ടോ രാധേ ….. എന്ന ഗാനം ….. ആ പാട്ട് അന്ന് ഹിറ്റായിരുന്നു …… പിന്നീടങ്ങോട്ട് തുടർന്ന സംഗീത യാത്രയിലെ എന്റെ തംബുരു ശ്രുതി മീട്ടിയത് കണ്ണനായിരുന്നു …… രാഗങ്ങൾ പകർന്നു തന്നത് കണ്ണന്റെ മുളം തണ്ടിൽ നിന്നായിരുന്നു …..

കുട്ടികളുടെ ഇഷ്ട തോഴനായ ജയചന്ദ്രൻ പല ഗാനങ്ങളുടെ പല്ലവി പാടി …… ആ പല്ലവിക്കൊപ്പം താളം പിടിച്ച് കുട്ടികളും പാടി …… ആ സായാഹ്നം സംഗീതത്തിന്റെ കാറ്റായും, പുഴയായും, പൂക്കളായും, പച്ചപനംതത്തയായും, കലായി കടവിലെ ഓളങ്ങളായും കടന്നുപോയി ….. മാർച്ച് 1 ന് ദേവസ്വം പുറത്തിറക്കുന്ന ഗുരുവായൂരപ്പ ഭക്തിഗാന ആൽബം എം.ജയചന്ദ്രനാണ് സംഗീതം ചെയ്തിരിക്കുന്നത് ….. ഗാനരചയിതാവ് എസ്. രമേശൻ നായരുടെ വരികൾ ഭക്തിയുടെ സോപാനത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ടോപ് സിങ്ങറിലെ കുട്ടികൾ കണ്ണനെ നിർമാല്യവും, വാകചാർത്തും അണിയിക്കുന്നു ….. ഭാവഗായകൻ
പി.ജയചന്ദ്രൻ , മധുബാലകൃഷ്ണൻ , തുടങ്ങി സംഗീത തറവാട്ടിലെ ശബ്ദ സൗകുമാര്യങ്ങളുടെ സമർപ്പണമാണ് ഈ ആൽബം …….

ക്ഷേത്രത്തിനും, ഭക്തജനങ്ങളുടെ കാര്യത്തിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ചെയർമാനാണ് കെ.ബി. മോഹൻദാസ് എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അനുകരണ കലയിലെ ഇതിഹാസം ജയരാജ് വാര്യർ കടന്നുവന്നത് ….. പാട്ടും, നർമ്മവും ചാലിച്ച സിന്ദൂരം ദേവസ്വം സ്കൂളിന്റെ മുറ്റത്ത് വിതറുമ്പോൾ കുട്ടികളും , ടീച്ചർമാരും , രക്ഷാകർത്താക്കളും, ചിരിയുടെ കവിളിൽ വാരിപൂശുകയായിരുന്നു …. അമ്മമാരാണ് കുട്ടികളുടെ വിളക്ക് …… അമ്മ നന്നായാൽ കുട്ടികൾ നന്നാകും ….. അമ്മയെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം.ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്ത അമ്മമഴക്കാറിന് കൺ നിറഞ്ഞു എന്ന ഗാനത്തിന്റെ പല്ലവി ആലപിച്ചപ്പോൾ സദസ്സിലെ അമ്മമാരുടെ മുഖത്തും മഴക്കാറ് പരന്നു …… അച്ഛനെ കുറിച്ച് ജയചന്ദ്രന്റെ “ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനം എത്രകേട്ടാലും മതിവരാത്തതാണെന്ന് അദ്ദേഹം പറഞ്ഞു ….. പാട്ടുകളുടെ ഋതുക്കളാണ് എം.ജയചന്ദ്രൻ ….. അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോൾ എന്നിലെ സംഗീതം തുളുമ്പി പുറത്തേക്ക് വഴിയുകയാണ് …… ദേവരാജൻ , അർജ്ജുനൻ മാഷ്, ജോൺസൺ, രവീന്ദ്രൻ , കഴിഞ്ഞാൽ മലയാളത്തിന് പകർന്ന സംഗീതമാണ് എം.ജയചന്ദ്രൻ …..

ഇന്ത്യയിലെ ഏറ്റവും വലിയ ചിരി ബോംബ് വ്യവസായിയാണ് ജയരാജ് വാര്യർ …..എല്ലാ ബോംബുകളും ആളെ നശിപ്പിക്കാനാണെങ്കിൽ ജയരാജിന്റെ ബോംബ് ആയുസ്സു കൂട്ടാനാണെന്ന് ഒരിക്കൽ ഇ.കെ.നായനാർ ഒരു സൗഹ്യദ സംഭാഷണത്തിൽ പറയുകയുണ്ടായി ….. ചിരി ബോംബുകളുടെ പ്രവാഹമായിരുന്നു സ്കൂൾ മുറ്റത്ത് നടന്നത് ……

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ഭാഷാ വ്യതിയാനങ്ങൾ നർമ്മ രസമായി പകർന്നാടുമ്പോൾ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന പ്രിൻസിപ്പൾ ചിരിയുടെ വർണ്ണ കാവടി നിലത്തു വെച്ചിരുന്നില്ല …… ഹരിത കേരളത്തിൽ ഏറ്റവും ശ്രേഷ്ഠ ഉൽപ്പന്നമായ തേങ്ങയുടെ മഹത്വം നർമ്മത്തിൽ ഇളനീരാക്കിക്കൊടുത്തപ്പോൾ ഇഞ്ചിയിൽ നിന്ന് ചുക്കിലേക്ക് പോകുന്ന തൃശ്ശൂർകാരനേയും അദ്ദേഹം വെറുതെ വിട്ടില്ല …… അപ്പുറത്ത് വേഷമണിഞ്ഞു നില്ക്കുന്ന വിദ്യാർത്ഥികൾ അക്ഷമരായി തന്നെ ശപിക്കുകയായിരിക്കും ….മൈക്ക് കിട്ടിയാൽ വിടാത്ത ശവിയാണ് താനെന്ന് അവർ പിറുപിറുക്കുന്നുണ്ടായിരിക്കും ….. തമാശ രൂപേണ അദ്ദേഹം പറഞ്ഞു …..നിങ്ങൾക്ക് ഫ്രിയാകുന്ന ദിവസം കൂടുതൽ സമയം ഞാൻ ഇവിടെ ചിലവഴിക്കാം എന്ന് പറഞ്ഞ് നർമ്മമൊഴിയിൽ നിന്ന് വിടവാങ്ങി ……

ബാബു ഗുരുവായൂർ …….

shortlink

Related Articles

Post Your Comments


Back to top button