GeneralLatest NewsMollywoodNEWS

വിവാഹത്തിന് ദിവസങ്ങൾ മുൻപ് അച്ഛന്റെ മരണം; കല്യാണത്തിന് മുമ്പ് ബിജുവിന്റെ അച്ഛന്‍ സംയുക്തയെ വിളിച്ചുപറഞ്ഞത് ഒറ്റക്കാര്യം

ബിജു മേനോന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ് ആ കുടുംബത്തിൽ നിന്ന് ആദ്യമായി സിനിമയിൽ അഭിനയിച്ച വ്യക്തി

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സംയുക്ത വർമ്മ. ബിജു മേനോനുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഈ ഭാഗ്യജോഡിളെക്കുറിച്ച് സുനില്‍ വെയ്ന്‍സ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ബിജു മേനോന്‍ ആദ്യമായി അഭിനയിച്ച ചിത്രം മുതല്‍ ഇരുവരുടെയും പ്രണയബന്ധത്തിലെ കാണാക്കാഴ്ചകള്‍ വരെ അതിമനോഹരമായി പറയുകയാണ് സോഷ്യൽ മീഡിയ കുറിപ്പിൽ

സുനിലിന്റെ കുറിപ്പ് വായിക്കാം

‘ഈഗിൾ’ എന്ന സിനിമയ്ക്ക് മലയാളസിനിമാഭൂമികയിൽ എന്താണ് പ്രസക്തിയെന്നൊരു ചോദ്യം ഞാൻ ചോദിച്ചാൽ, ഇവിടെയുള്ള ഭൂരിഭാഗം പേരും ഒരുപക്ഷേ കൈമലർത്തിയേക്കാം.. ഈഗിളോ, അങ്ങനെയൊരു സിനിമ ഇവിടെ ഇറങ്ങിയിട്ടുണ്ടോ എന്നൊരു മറുചോദ്യവും ചിലപ്പോൾ എനിക്ക് പ്രതീക്ഷിക്കാം. അങ്ങനെയൊരു മറുചോദ്യം വന്നാൽ പോലും അതിനെയൊരിക്കലും കുറ്റം പറയാൻ പറ്റില്ല.തീർത്തും സ്വാഭാവികമെന്ന മറുപടി മാത്രമേ എനിക്ക് നൽകാൻ സാധിക്കുകയുള്ളൂ.

read also: ​ഗുഡ് ബൈ പ്രൊഫസര്‍; ആരാധകരെ നിരാശയിലാക്കി താരത്തിന്റെ വിടവാങ്ങൽ

1930 മുതൽ സജീവമായ മലയാളസിനിമാവ്യവസായത്തെ ആറ്റിക്കുറുക്കി നോക്കിയാലോ അളന്നുതൂക്കി നോക്കിയാലോ കലാപരമായോ സാമ്പത്തികമായോ യാതൊരു മേന്മയും അവകാശപ്പെടാനില്ലാത്ത സിനിമയാണ് ‘ഈഗിൾ’ എന്ന സിനിമ. സെക്‌സ് സിംബൽ എന്ന വിശേഷണം കൊണ്ട് ഒരു തലമുറയെ മുഴുവൻ ഉത്തേജിപ്പിച്ച, നോർത്തെന്നോ സൗത്തെന്നോ വ്യത്യാസമില്ലാതെ ഭാഷാഭേദമന്യേ അക്കാലത്തെ നിരവധി മസാലച്ചിത്രങ്ങളിൽ നായികാവേഷം കയ്യാളിയിരുന്ന പൂനം ദാസ് ഗുപ്തയാണ് ‘ഈഗിൾ’ എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചത്.കിരൺ എന്ന നടനാണ് ഈ സിനിമയിൽ അന്ന്, നായകനായി അഭിനയിച്ചത്. (ഈ കിരൺ തന്നെയാണ് പിൽക്കാലത്ത് പി. സുകുമാർ എന്ന പേരിൽ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായി തീർന്നത്. അയാൾ കഥയെഴുതുകയാണ്, ഗ്രാമഫോൺ തുടങ്ങി നിരവധി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും സ്വ.ലേ എന്ന ദിലീപ് സിനിമ സംവിധാനം ചെയ്തതും ഇതേ സുകുമാറാണ്) Adults Only ലേബലിൽ പുറത്ത് വന്ന ഒരു സാധാരണ രതിച്ചിത്രം മാത്രമായിരുന്നു അമ്പിളി എന്ന സംവിധായകൻ 1991ൽ ഒരുക്കിയ ‘ഈഗിൾ’ എന്ന ഈ സിനിമ.

read also:‘കെട്ടിയവനെ ചുട്ടു തിന്നില്ലേ നീ’; മോശം കമന്റുമായി എത്തിയ വ്യക്തിയ്ക്ക് മറുപടിയുമായി മഞ്ജു സുനിച്ചന്‍

ഇറങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഈ സിനിമ, പക്ഷേ ഇന്ന് മലയാള സിനിമാചക്രവാളത്തിൽ ഇടം പിടിക്കുന്നത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്. സിനിമയുടെ 1:04:48 // 1:08:22ആം സെക്കൻഡുകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വളരെ അപ്രതീക്ഷിതമായി/ ആകസ്മികമായി ഒരാളെ ഈ സിനിമയിൽ കാണാൻ സാധിക്കും. ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യമാണ് ഈ സമയം (1:08:22) സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഹോട്ടൽ റിസപ്‌ഷനിൽ പത്രം വായിക്കുന്ന വെളുത്ത മെലിഞ്ഞ സുമുഖനയൊരു ചെറുപ്പക്കാരന്റെ മുഖം വളരെ വ്യക്തമായി നിങ്ങൾക്ക് ഇന്നും കാണുവാൻ സാധിക്കും.30 വർഷത്തിനിപ്പുറവും ശരീരസൗകുമാര്യത്തിലോ ആകാരഭംഗിയിലോ കാര്യമായ ഉടവൊന്നും സംഭവിക്കാതെ..അന്നത്തെ ആ ചെറുപ്പക്കാരൻ ഇന്നും നമുക്കിടയിലുണ്ട്. പുതിയ വേഷങ്ങളാലും വേഷപ്പകർച്ചകളാലും അയാൾ ഇന്നും ഇപ്പോഴും നമ്മെ ആവോളം ആനന്ദിപ്പിക്കുന്നുണ്ട്..അതിരറ്റ് സന്തോഷിപ്പിക്കുന്നുണ്ട്..കട്ടത്താടി കൊണ്ടും കടമെടുത്ത ശബ്ദം കൊണ്ടും ‘ഈഗിൾ’ എന്ന ആ സിനിമയിൽ കേവലം രണ്ട് സീനുകളിൽ മാത്രം വന്ന് പോയ ആ നടന്റെ പേര് ബിജു ബാലകൃഷ്ണൻ എന്നാണ്.അങ്ങനെയൊരു പേര് പറഞ്ഞാൽ ഒരു പക്ഷേ ഇന്ന് അയാളെ ആർക്കും മനസിലായിക്കൊള്ളണം എന്നില്ല. കാരണം ഇന്ന് അയാളുടെ പേര് ബിജു മേനോൻ എന്നാണ്. അതെ..നടൻ ബിജു മേനോനാണ് ഞാൻ, മേൽപറഞ്ഞ കഥയിലെ നായകൻ.

 ബിജു മേനോൻ അഭിനയിച്ച് ആദ്യമായി പുറത്ത് വന്ന സിനിമയാണ് ‘ഈഗിൾ’. 1991ൽ റിലീസായ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ കേവലം 20 വയസ്സാണ് ബിജു മേനോന്റെ പ്രായം..!!!കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഗതി കൂടി ഇനി പറയാൻ ആഗ്രഹിക്കുന്നു. ബിജുവും നാല് സഹോദരങ്ങളും വാണരുളുന്ന ‘മഠത്തിൽപറമ്പ്’ എന്ന ആ വലിയ വീട്ടിൽ നിന്ന് മലയാളസിനിമയുടെ അഭിനയക്കളരിയിൽ ആദ്യഅങ്കം കുറിച്ചത് പക്ഷേ ബിജുവല്ല എന്ന വസ്തുത, ഒരുപക്ഷേ നിങ്ങളിൽ ബഹുഭൂരിപക്ഷം പേർക്കും പുതിയ അറിവായിരിക്കും..

മറ്റാരുമല്ല, ബിജു മേനോന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ് ആ കുടുംബത്തിൽ നിന്ന് ആദ്യമായി സിനിമയിൽ അഭിനയിച്ച വ്യക്തി പി.എൻ.ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ പിതാവ് ഏതാണ്ട് 10ഓളം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.സമസ്യ, ഞാവൽപ്പഴങ്ങൾ, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രൻ, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളിൽ അദ്ദേഹം ചെറിയ ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത മൂന്നാം പക്കമാണ് അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ..അദ്ദേഹത്തിന്റെ എടുത്ത് പറയാവുന്ന നല്ലൊരു വേഷവും ഈ സിനിമയിലേതാണ്. ചിത്രത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ച് തിലകനോടൊപ്പം കടൽത്തീരത്ത് പ്രത്യക്ഷപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ശ്രീമാൻ ബാലകൃഷ്ണ പിള്ളയാണ്.നടൻ എന്ന നിലയിൽ വേണ്ടത്ര അംഗീകാരങ്ങളോ വലിയ മേൽവിലാസമോ മലയാള സിനിമയിൽ വെട്ടിപ്പിടിക്കാൻ സാധിക്കാതെ വിസ്മൃതിയിലേക്ക് നടന്ന് പോയൊരു സാധുമനുഷ്യനായിരുന്നു അദ്ദേഹം.

അച്ഛൻ നെയ്തെടുത്ത പകൽക്കിനാവിന് വെള്ളിത്തിരയിൽ ഊടും പാവും നെയ്യാൻ നിയോഗം സിദ്ധിച്ചത് മകൻ ബിജുവിനായിരുന്നു.ഈഗിളിന് ശേഷം ബിജു പ്രധാനമായി അഭിനയിച്ചത് ദൂരദർശൻ പരമ്പരകളിൽ ആയിരുന്നു. നിങ്ങളുടെ സ്വന്തം ചന്തു,പറുദീസയിലേക്കുള്ള പാത,മിഖായേലിന്റെ സന്തതികൾ എന്നിങ്ങനെ വന്ന അക്കാലത്തെ ഹിറ്റ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകാനുള്ള അവസരം കരിയറിന്റെ തുടക്കത്തിൽ തന്നെ ബിജുവിന് ലഭിച്ചു.ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്‌ത ‘പുത്രൻ’ എന്ന സിനിമയിലൂടെയായിരുന്നു ബിജുവിന്റെ ബിഗ് സ്ക്രീനിലേക്കുള്ള എൻട്രി. ‘മിഖായേലിന്റെ സന്തതികൾ’ എന്ന ജനപ്രിയ സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണ് ഈ സിനിമ വെള്ളിത്തിരയിൽ പുനർജനിച്ചത്.ഈ-മ-യൗ, അതിരൻ എന്നീ സിനിമകളിലൂടെ ഇന്ന് പ്രേക്ഷകർക്ക് സുപരിചിതനായ പി.എഫ്.മാത്യൂസ് ആയിരുന്നു ഈ സിനിമയുടെ രചന നിർവഹിച്ചത്. പ്രശസ്ത നടൻ പ്രേം പ്രകാശായിരുന്നു, ഈ സിനിമ നിർമിച്ചത്. സീരിയലിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച നടീനടന്മാർ തന്നെയാണ് വെള്ളിത്തിരയിലും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇക്കാരണം കൊണ്ടായിരുന്നു ബിജു മേനോൻ എന്ന അഭിനേതാവിന്റെ ബിഗ് സ്ക്രീൻ പ്രവേശനം പെട്ടെന്ന് സംഭവിച്ചത്.

ചിപ്പി നായികയായ സിനിമയിൽ എൻ.എഫ്.വർഗീസ്, രാജൻ.പി.ദേവ്,ജോസ്, പ്രകാശ് എന്നിവർ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു സീരിയലിന്റെ കഥ രണ്ടാം ഭാഗത്തിൽ സിനിമയാകുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരുന്നു. എന്നാൽ ഈ പ്രത്യേകതകളൊന്നും സിനിമക്ക് ഗുണം ചെയ്തില്ല.വലിയ പ്രതീക്ഷകളോടെ നിർമിച്ച സിനിമ പക്ഷേ ബോക്‌സ് ഓഫീസിൽ പച്ച തൊട്ടില്ല..തകർന്ന് തവിടുപൊടിയായി..കലാപരമായും സാമ്പത്തികമായും വമ്പൻ പരാജയമാണ് നിർമാതാവിന് പുത്രൻ എന്ന സിനിമ സമ്മാനിച്ചത്..നടൻ എന്ന നിലയിൽ യാതൊരു ഗുണവും ഈ സിനിമ ബിജു മേനോന് സമ്മാനിച്ചില്ല .ആദ്യ സിനിമ സമ്മാനിച്ച സംവിധായകൻ അമ്പിളി ഒരുക്കിയ ‘സമുദായം’ എന്ന സിനിമയിലാണ് പിന്നീട് ബിജു മേനോൻ അഭിനയിച്ചത്.’പുത്രൻ’ എന്ന സിനിമക്ക് ബോക്‌സ് ഓഫിസിൽ നേരിടേണ്ടി വന്നത് പോലൊരു സമാനമായ ദുര്യോഗമായിരുന്നു ‘സമുദായം’ എന്ന ഈ സിനിമക്കും നേരിടേണ്ടി വന്നത്. (‘ഈഗിൾ’ എന്ന സിനിമ ബിജു മേനോന്റെ ആദ്യ സിനിമയായത് പോലെ നടൻ കലാഭവൻ മണിയുടെ ആദ്യകാല സിനിമകളിൽ ഒന്ന് കൂടിയായിരുന്നു സമുദായം)പിന്നീട് അതേ വർഷം(1995) പുറത്തിറങ്ങിയ ഹൈവേ,മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സിനിമകളിലെ പ്രതിനായക വേഷങ്ങൾ ബിജുവിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കി.

അക്കൊല്ലം പുറത്തിറങ്ങിയ ‘ആദ്യത്തെ കൺമണി’ എന്ന സിനിമയിലെ നായകതുല്യ വേഷം വഴി ബിജു മേനോൻ മലയാളസിനിമയിലെ തന്റെ മൂലസ്ഥാനം അരക്കിട്ടുറപ്പിച്ചു. ആകാരസൗകുമാര്യം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും മമ്മൂട്ടിയുടെ പകരക്കാരൻ എന്നായിരുന്നു അക്കാലത്ത് പല പ്രമുഖ മാധ്യമങ്ങളും ബിജു മേനോനെ വിശേഷിപ്പിച്ചത്.സിനിമകൾ ഏറിയും കുറഞ്ഞും വന്നുകൊണ്ടേ ഇരുന്നു നായകനായി മാത്രമേ അഭിനയിക്കുള്ളൂ എന്ന പിടിവാശിയൊന്നും ബിജുവിന് ഒരിക്കലും ഇല്ലായിരുന്നു.

കാൽ നൂറ്റാണ്ട് പിന്നിട്ട കരിയർ എടുത്ത് പരിശോധിക്കുകയാണെങ്കിൽ നായകനായും… വില്ലനായും…സഹനടനായും…കൊമേഡിയനായും…നായകന്റെ അച്ഛനായും…അതിഥി താരമായും..ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ബിജു വിവിധ സിനിമകളിൽ സഹകരിച്ചിട്ടുണ്ട്.എല്ലാ തരം റോളുകളും കൈകാര്യം ചെയ്യാൻ തക്ക വഴക്കത്തിലേക്ക് ബിജു മേനോൻ എന്ന നടൻ ഇന്ന് പരുവപ്പെട്ടു കഴിഞ്ഞു. അന്യഭാഷയിൽ നിന്ന് ഓഫറുകൾ വന്നപ്പോഴും അവിടെയും പോയി അഭിനയിച്ചു. ഇമേജ് എന്നത് ബിജു മേനോൻ എന്ന നടന് ഒരിക്കലും ഒരു ബാധ്യത ആയിരുന്നില്ല.അഭിനയത്തോടുള്ള അടങ്ങാത്ത ത്വരയായിരുന്നു അയാളേയും അയാളിലെ നടനേയും എക്കാലവും അടക്കി ഭരിച്ച വികാരം. അത് കൊണ്ട് തന്നെ തേടി വരുന്ന വേഷങ്ങളിൽ അഭിനയസാധ്യതയുണ്ടോ എന്ന് മാത്രമായിരുന്നു അയാൾ ചിന്തിച്ചത്.

കച്ചവടസിനിമകളും കലാമൂല്യമുള്ള സിനിമകളും ഒരേ മനസ്സോടെ ബിജു മേനോൻ ചെയ്‍തത് ഇക്കാരണം കൊണ്ട് കൂടിയാണ്.പ്രതിഫലം മോഹിക്കാതെ നല്ല സിനിമകളുടെ ഭാഗമായി. മധ്യവർത്തി സിനിമകളിലും കച്ചവടസിനിമകളിലും ഒരുപോലെ/ഒരേ മനസ്സോടെ അഭിനയിച്ചു. നായകൻ എന്ന നിലയിൽ മൂല്യമുള്ള നിലയിൽ നിൽക്കുന്ന കാലത്തും ടി.ഡി.ദാസൻ..ഓലപ്പീപ്പി പോലുള്ള ചെറിയ സിനിമകളിൽ അഭിനയിക്കാനും ബിജു മേനോൻ ഒരിക്കലും മടി കാണിച്ചില്ല. ഈ പുഴയും കടന്നിലെ കണ്ണനേയും പ്രണയ വർണങ്ങളിലെ വിക്ടറിനെയും മേഘമൽഹാറിലെ രാജീവ് മേനോനെയും മോഹിക്കാത്ത പെൺകുട്ടികൾ ഉണ്ടോ?പത്രത്തിലെ ACP ഫിറോസ് മുഹമ്മദിനെയും FIRലെ ഗ്രിഗറിയേയും കണ്ട് ആരാധന തോന്നാത്ത ആൺകുട്ടികളുണ്ടോ? പ്രണയഭാവങ്ങളുടെ മൂർത്തരൂപമായി വിക്ടർ എന്ന കഥാപാത്രം പെയ്‌തിറങ്ങിയ അതേ വർഷം തന്നെയാണ് ഫിറോസ്‌ മുഹമ്മദ് എന്ന ഉശിരുള്ള പൊലീസ് ഉദ്യോഗസ്ഥനായി ബിജു മേനോനെ സ്ക്രീനിൽ കണ്ടത്..അതേ വർഷം തന്നെയാണ് അയാൾ ചിത്രശലഭത്തിലെ ഡോ.സന്ദീപ് ആയത്..സ്നേഹത്തിലെ ശശിധരൻ നായരായത്..കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമനായത്.ഈ ഒരു Versatality കരിയറിലുടനീളം ബിജു മേനോനിൽ കാണാം.റോളുകളോ അതിന്റെ വലിപ്പ ചെറുപ്പമോ ഒന്നും നോക്കിയല്ല, മറിച്ച് ഒരു സിനിമ ചെയ്താൽ അത് കൊണ്ട് തനിക്കെന്തെങ്കിലും ഗുണമുണ്ടോ എന്ന് മാത്രമാണ് ആത്യന്തികമായി ബിജു മേനോനിലെ നടൻ ശ്രദ്ധിച്ചത്.

ഇടക്കാലത്ത് സൂപ്പർതാര ചിത്രങ്ങളിലെ സജീവസാന്നിധ്യമായി അയാൾ മാറിയതും ഇക്കാരണം കൊണ്ട് മാത്രമായിരുന്നു. കാൽപതിറ്റാണ്ട് താണ്ടിയ അഭിനയസപര്യ ഇന്നിപ്പോൾ സാനു ജോൺ വർഗീസിന്റെ ‘ആർക്കറിയാം’ വരെ എത്തി നിൽകുന്നു. സിനിമയിൽ അത്യാവശ്യം പ്രശസ്തനായ ശേഷവും പക്ഷേ ബിജുവിന്റെ പിതാവ് ആഗ്രഹിച്ച ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ ബിജുവിന്റെ വിവാഹം.മില്ലേനിയം സ്റ്റാർസ് പോലുള്ള സിനിമകളിൽ കൂടെ അഭിനയിക്കുമ്പോൾ ജയറാമടക്കമുള്ള സഹനടന്മാർ അതിനോടകം നിരവധി തവണ ചോദിച്ച കാര്യമായിരുന്നു അത്..ജയറാം മാത്രമല്ല,കൂടെ അഭിനയിച്ച സഹപ്രവർത്തകരിൽ നിന്നെല്ലാം അതിനോടകം പലകുറി ആ ചോദ്യം ബിജു കേട്ടിരുന്നു പലവുരു..പലയാവർത്തി”;നല്ലൊരു കുട്ടിയെ കിട്ടിയാ കെട്ടിക്കൂടെഡോ തനിക്ക്” എല്ലാവരോടും ചിരിച്ചു കൊണ്ട് തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ..സൗമ്യമായ പുഞ്ചിരിയോടെ ബിജു പറഞ്ഞു"വരട്ടെ..സമയം ആവട്ടെ”

സംയുക്ത വർമ്മയോടൊപ്പം ബിജു ഒരുമിച്ച്/തുടർച്ചായി സിനിമകൾ ചെയ്യുന്നത് 2000-2001 സമയത്താണ്. പരിചയം സൗഹൃദമായി..സൗഹൃദം പതിയെ പ്രണയവും എപ്പോഴാണ് പ്രണയിച്ച് തുടങ്ങിയതെന്ന് ചോദ്യത്തിന് ഇരുവർക്കുമിടയിൽ അന്നും ഇന്നും ഉത്തരമില്ല. ഒരിക്കലും പെട്ടെന്ന് കണ്ടു മുട്ടി പ്രണയിച്ചവർ അല്ലായിരുന്നു. ബിജു-സംയുക്തമാർ. മഴ,മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിൽ പത്തറുപത് ദിവസം അവർ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഒരുമിച്ച് മഴ നനഞ്ഞു. ഒരുമിച്ച് പാട്ടുകൾ പാടി അഭിനയിച്ചു.മഴ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടനാണ് ബിജു തന്റെ ഇഷ്ടം സംയുക്തയോട് സൂചിപ്പിക്കുന്നത്.സിനിമയിലെന്ന പോൽ ജീവിതത്തിലും അന്ന് സംയുക്ത വ്യക്തമായ മറുപടിയൊന്നും ആ ചോദ്യത്തിന് നൽകിയില്ല. അതിന്റെ ഉത്തരം അതിനോടകം തന്നെ ഇരുവർക്കും അറിയാമായിരുന്നു എന്നത് തന്നെ കാരണം. മഴയെന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ എവിടെയോ വച്ച് ഒരുമിച്ച് സ്നേഹിക്കാൻ മോഹിച്ച/ഒരുമിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട രണ്ട് പേരായി അവരിരുവരും അതിനോടകം മാറിക്കഴിഞ്ഞിരുന്നു.”

”പ്രായത്തിൽ കവിഞ്ഞ പക്വത ഇൻഡസ്ട്രിയിൽ വരുന്നതിന് മുൻപേ സംയുക്തയ്ക്കുണ്ടായൊരുന്നു..ഒരു നടിയെന്ന നിലയിൽ അവർ കൈവരിച്ച അംഗീകാരങ്ങൾ അതിന്റെ കൂടി പ്രതിഫലനമായിരുന്നു.3 വർഷം മാത്രം ഇൻഡസ്ട്രിയിൽ സജീവമായൊരു നടി.. ആകെ ചെയ്തത് 18ൽ പരം സിനിമകൾ..മോഹൻലാൽ, ദിലീപ്, ജയറാം, ശ്രീനിവാസൻ പോലെ ഇൻഡസ്ട്രിയിൽ പ്രഗത്ഭരായവർക്കൊപ്പമുള്ള സിനിമകൾ..സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, ജോഷി, കെ.മധു, ലെനിൻ രാജേന്ദ്രൻ, മോഹൻ, ഹരികുമാർ, രാജസേനൻ പോലെ ഇൻഡസ്ട്രിയിലെ അതികായർക്കൊപ്പമുള്ള സിനിമകൾ.അരങ്ങേറ്റ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം..അതും തന്റെ 20ആം വയസ്സിൽ.സഹജീവികളോട് സംയുക്ത കാണിക്കുന്ന പ്രായത്തിൽ കവിഞ്ഞ പക്വതയായിരുന്നു ബിജു അവരിൽ കണ്ട ഏറ്റവും പ്രകടമായ സവിശേഷത. ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇരുവരും പ്രണയബദ്ധരാണെന്ന വാർത്ത മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയപ്പോഴും സംയുക്ത ചിരിച്ചു കൊണ്ടാണ് അതിനെയെല്ലാം സമീപിച്ചത്പ്രിയപ്പെട്ട നടൻ ആരാണ്.. ബിജുവാണോ” എന്ന ഉത്തരം അക്കാലത്ത് മോഹിച്ചവരോട് പുഞ്ചിരിച്ചു കൊണ്ട് സംയുക്ത പറഞ്ഞു ” എനിക്കേറ്റവും ഇഷ്ടമുള്ള നടൻ തിലകൻ സാറാണ്”

സഹപവർത്തകർക്ക് ബിജു നൽകുന്ന സ്നേഹവും ബഹുമാനം ആയിരുന്നു ബിജുവിൽ സംയുക്ത കണ്ട ഏറ്റവും നല്ല ക്വാളിറ്റി.ഒരുമിച്ചഭിനയിച്ച ‘മഴ’ എന്ന സിനിമ തിയറ്ററിൽ പോയി കണ്ട ശേഷം ബിജു ആദ്യം വിളിച്ചത് സംയുക്തയെ ആയിരുന്നു…"ചിന്നൂ…നിന്നെയോർത്ത് ഞാൻ സന്തോഷിക്കുന്നു’ഒരൊറ്റ വാക്യത്തിൽ ആദ്യന്തം ഒതുക്കിയ മറുപടിസ്‌നേഹിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വെറുതെ സന്തോഷിപ്പിക്കാൻ പറഞ്ഞ വാക്കുകൾ അല്ലായിരുന്നു അവ..ഹൃദയത്തിനുള്ളിൽ നിന്ന് ആത്മാർഥമായി പ്രസരിച്ച വാചകങ്ങൾ തന്നെയായിരുന്നു അവ..മാധ്യമങ്ങൾക്കിടയിൽ വളരെ വേഗത്തിൽ തന്നെ ഇരുവരുടെയും പ്രണയകഥക്ക് പ്രചാരം കിട്ടി. രണ്ട് പേരും തൃശൂരുകാർ ആണെന്നായിരുന്നു ഇതിന് നിദാനമായ പ്രധാന സംഗതി. രണ്ട് പേരും സിനിമയുടെ ആഡംബരത്തിന്റെ സുഖശീതളിമയിലോ കാര്യമായി മയങ്ങാത്തവർ.സിനിമയുടെ മായികവലയം തീർത്ത പ്രഭയിൽ നിന്നെല്ലാം ഒഴിഞ്ഞു നടന്ന പ്രകൃതം ആയിരുന്നു ഇരുവരുടെയും.സിനിമാക്കാരെല്ലാം ചെന്നൈയിൽ തമ്പടിച്ച കാലത്തും തൃശൂർ വിട്ടൊരു ലോകം ബിജുവിനും സംയുക്തക്കും ഇല്ലായിരുന്നു (കല്യാണം കഴിഞ്ഞ് വർഷം 20 ആകുമ്പോഴും ആ തീരുമാനത്തിന് തെല്ലും ഇളക്കം സംഭവിച്ചിട്ടില്ല.

നാല് ആണ് മക്കൾ അടങ്ങുന്ന മഠത്തിൽ പറമ്പ് വീട്ടിലേക്ക് മരുമകൾ ആയി സംയുക്ത കടന്നുവരണമെന്ന് ബിജു മേനോന്റെ യശഃശരീരനായ പിതാവ് ബാലകൃഷ്‌ണപിള്ളയുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയായിരുന്നു.ബിജു വിവാഹിതനായി കാണണമെന്നും കുടുംബനാഥനായി കാണണമെന്നും ആ വീട്ടിൽ മറ്റാരേക്കാളും ആഗ്രഹിച്ചത് അദ്ദേഹം തന്നെയായിരുന്നു. സംയുക്തയേയും ബിജുവിനെയും കുറിച്ചുള്ള വാർത്തകൾ പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങൾ എഴുതിപ്പിടിപ്പിക്കുമ്പോഴും,ആഘോഷമാക്കുമ്പോഴും ഒരിക്കൽ പോലും ബിജുവിന്റെ അച്ഛൻ അതിനെക്കുറിച്ച് ബിജു മേനോനോട് ചോദിച്ചിരുന്നതേയില്ല.സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീണ നാളുകളിലെപ്പോഴോ ഒരിക്കൽ അദ്ദേഹം ബിജുവിനെ വിളിച്ചു നിർത്തി ചോദിച്ചുവെത്രേ"എന്താടാ..ഈ കേൾക്കുന്നതെല്ലാം ശരിയാണോ"??അന്നും ബിജു,ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂസ്നേഹം കൊണ്ടായിരുന്നു ആ മനുഷ്യൻ എന്നും അയാളുടെ അഞ്ച് ആൺമക്കളെയും തോല്പിച്ചിരുന്നത്.ബിജുവിന്റ പരിഭ്രമിച്ച മുഖം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു"എനിക്ക് വിരോധമില്ല..അവൾ നല്ല കുട്ടിയാണ്"പിന്നീട് ബിജു അറിയാതെ സംയുക്തയോട് അദ്ദേഹം ഫോണിൽ സംസാരിക്കുകയുണ്ടായി.. സംയുക്തയുടെ അച്ഛനോട് വിവാഹത്തെ പറ്റി സംസാരിക്കുകയും വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തത് ആ അച്ഛനാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

 ബിജുവിന്റെ ദുഃഖം സംയുക്തയുടേത് കൂടിയാണെന്ന് ഇരുവരും പരസ്പരം മനസ്സിലാക്കിയ നാളുകൾ കൂടി ആയിരുന്നു ആ ദിവസങ്ങൾ..അത്തരം പങ്കിടലുകൾ അവരെ കൂടുതൽ കൂടുതൽ അടുപ്പിച്ചു നിർത്തി. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ബിജുവിന്റെ അച്ഛൻ സംയുക്തയെ ഫോണിൽ വിളിച്ചിരുന്നു..പറഞ്ഞത് ഒറ്റ കാര്യം മാത്രം""അവൻ അലസനാണ്..ജീവിതത്തിൽ കാര്യമായ അടുക്കും ചിട്ടയും ഇല്ലാത്തവനാണ്..മോള് വേണം ഇനി"..!!!!മഴയിൽ നനഞ്ഞു കൊണ്ടാണ് അവർ ഇരുവരും സ്നേഹിച്ചത്. മഴ തീരാറായപ്പോൾ അവർ തിരിച്ചറിഞ്ഞു,സ്നേഹത്തിൻ പെരുമഴ തങ്ങൾക്ക് ചുറ്റും തണുത്ത കാറ്റ് പോൽ വീശുന്നുണ്ടെന്ന്. പുതുമഴ പെരുകി പതിയെ പെരുമഴയായ പോലെ ആയിരുന്നു അത്…

രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം 2002 നവംബർ 21ന് സംയുക്ത വർമ..അടുപ്പക്കാരുടെ ചിന്നു..ബിജു മേനോന്റെ ജീവിതസഖിയായി മഠത്തിൽപറമ്പ് വീടിന്റെ ഉമ്മറം കടന്ന് വന്നപ്പോൾ എല്ലാ അർത്ഥത്തിലും പൂവണിഞ്ഞത് ആ അച്ഛന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് കൂടിയാണ്വിവാഹത്തോട് അനുബന്ധിച്ച് നൽകിയ ഒരു അഭിമുഖ സംഭാഷണത്തിൽ ബിജു മേനോൻ പറഞ്ഞ ഒരു ചെറിയ സംഭാഷണ ശകലം എനിക്കിപ്പോഴും ഓർമയുണ്ട് (അന്ന് ഞാൻ ചെറിയ ചെക്കനാണ്..പക്ഷേ അന്ന് മനസ്സിൽ കോറിയിട്ട ആ വാചകങ്ങൾ മാത്രം എനിക്കിപ്പോഴും നല്ല ഓർമയുണ്ട്)അതിന്റെ രത്നചുരുക്കം ഏതാണ്ട് ഇങ്ങനെ വരും"എന്റെ ജീവിതത്തിൽ സംയുക്ത വന്നത് കൊണ്ട് ഒരുപക്ഷേ എനിക്ക് കൂടുതൽ അടുക്കും ചിട്ടയും കൈവരുമെന്നോ എന്റെ സ്വതസിദ്ധമായ മറവി ഇല്ലാതാകുമെന്നോ എനിക്കുണ്ടെന്ന് പൊതുവേ എല്ലാവരും പറയപ്പെടുന്ന അലസത ഇല്ലാതാകുമെന്നോ അറിയില്ല..പക്ഷേ ഒരു കാര്യം ഉറപ്പാണ്..ആരും മോഹിച്ചു പോകുന്നൊരു നന്മ ആ കുട്ടിയിൽ ഉണ്ട്..ഞാൻ അവളിൽ കണ്ടതും സ്നേഹിച്ചതും അതാണ്..അത് മാത്രമാണ്

നബി : നടി ഊർമിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്‌ഷന് വന്ന സംയുക്ത വർമയുടെ സർപ്പസൗന്ദര്യം കണ്ട് ഭ്രമം തോന്നിയ..ബിജു മേനോന്റെ സൗഭാഗ്യം കണ്ട് കുശുമ്പ് തോന്നിയ..ഇരുവരുടെയും ദാമ്പത്യവല്ലരി കണ്ട് ഒരേ സമയം ആനന്ദം തോന്നിയ..ചേതോവികാരത്തിൻ പുറത്ത് കുറിക്കുന്ന കുറിപ്പ്…

shortlink

Related Articles

Post Your Comments


Back to top button